ഇന്ത്യക്കാരുടെ എണ്ണയുപയോഗം ഇരട്ടിയായി, കർഷകർ കണ്ണീരിൽ തന്നെ

kadikkada
avatar
എൻ എ ബക്കർ

Published on Jun 03, 2025, 05:18 PM | 4 min read

ക്ഷ്യ എണ്ണകളുടെ വില കുതിച്ചുയരുമ്പോഴും ഇന്ത്യക്കാർ അകത്താക്കുന്നത് ആരോഗ്യകരമായി നിർദ്ദേശിക്കപ്പെട്ടതിലും ഇരട്ടി എണ്ണ. പൊണ്ണത്തടിയും ജീവിത ശൈലീ രോഗങ്ങളും വർധിക്കുമ്പോഴും ഓരോ വർഷവും എണ്ണയുടെ ഉപയോഗം വർധിക്കുകയുമാണ്.


കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രതിശീർഷ ഭക്ഷ്യ എണ്ണ ഉപഭോഗം ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ പറയുന്നു. 2001-ൽ വെറും 8.2 കിലോഗ്രാം ആയിരുന്നു ഭക്ഷ്യ എണ്ണയുടെ വ്യക്തിഗത വാർഷിക ഉപഭോഗം. ഇപ്പോഴത് വർധിച്ച് 23.5 കിലോഗ്രാം ആയി ഉയർന്നു.  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഒരു വ്യക്തിക്ക് ആരോഗ്യകരമായി കഴിക്കാവുന്നാതായി ശുപാർശ ചെയ്ത ഉപഭോഗ പരിധിയായ 12 കിലോഗ്രാം എന്നതിന്റെ ഇരട്ടിയാണിത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദിഷ്ട പരിധി ഒരാൾക്ക് വർഷം 13 കിലോ വരെയാണ്.


എണ്ണ ഉപയോഗത്തിൽ വികസിത രാജ്യങ്ങൾക്കൊപ്പം


ണ്ണയുടെ അമിത ഉപയോഗം ഇന്ത്യയിലെ മാത്രം വെല്ലുവിളിയല്ല. ഇക്കാര്യത്തിൽ ഇന്ത്യ വികസിത രാജ്യങ്ങൾക്ക് ഒപ്പമാണ്. കർഷകർക്ക് ലഭിക്കുന്ന സംരക്ഷണത്തിൽ മാത്രമാണ് എതിർ ദിശയിൽ.


നീതി അയോഗ് കണക്ക് പ്രകാരം വികസിത രാജ്യങ്ങളിലെ വാർഷിക ഉപയോഗം 23.5 കിലോഗ്രാമാണ്. എണ്ണ ശരീരത്തിന് അത്യാവശ്യമാണെങ്കിലും അത്യധികം കലോറി നൽകും. ഒരു ടേബിൾസ്പൂൺ മാത്രം കഴിച്ചാൽ 100-ലധികം കലോറി ലഭിക്കും.


മലയാളികൾ ഏറ്റവും അധികം ഉപയോഗിക്കുന്ന വെളിച്ചെണ്ണവില ലിറ്ററിന് 350 രൂപയാണ്. ഒരുവര്‍ഷംകൊണ്ട് വില ഇരട്ടിയോളമായി. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 68 രൂപയും കൊപ്രവില ക്വിന്റലിന് 21,000 രൂപയും കടന്നു. കർഷകർക്ക് പതിറ്റാണ്ടുകളായി അനുഭവക്കുന്ന കഷ്ടനഷ്ടങ്ങളിൽ നിന്നുള്ള കരകയറ്റമാണ്. എന്നാൽ നാളികേര വില പരിഗണിക്കുമ്പോൾ ഇപ്പോഴത്തെ വിലയിൽ എണ്ണയാക്കി വിപണിയിൽ എത്തിക്കുക വെല്ലുവിളിയാണ്. വിപണി എങ്ങിനെ ബാലൻസ് ചെയ്യുന്നു എന്നതിൽ വ്യക്തതയില്ല. ഇതിലെ ആരോഗ്യ ഘടകങ്ങൾ വെല്ലുവിളിയാണ്.


oil chart

 

ക്ഷെ, ഉപഭോഗത്തിൽ കുറവില്ല. 1987 മുതൽ ഓരോ വർഷവും ഇന്ത്യയിലെ വെളിച്ചെണ്ണ ഉപയോഗം വർധിച്ചു കൊണ്ടിരിക്കയാണ്. വിലയിടിവ് മൂലം നാളികേര കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമായിരുന്നു. ഇപ്പോൾ ഉത്പാദനം കുത്തനെ കുറഞ്ഞു. വില കുത്തനെ കൂടി. അപ്പോൾ ഭക്ഷ്യ എണ്ണയുടെ ആവശ്യം പകുതിയിൽ അധികവും നിർവ്വഹിക്കപ്പെടുന്നത് ഇതര മാർഗ്ഗങ്ങളിലാണ്.

 

ഉപയോഗിക്കുന്നതിൽ 60 ശതമാനവും ഇറക്കുമതി


സോൾവന്റ് എക്സ്ട്രാക്റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (SEA) സമീപകാല ഡാറ്റ പ്രകാരം രാജ്യം പ്രതിവർഷം ഏകദേശം 25 മുതൽ 26 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ രാജ്യം ഉപയോഗിക്കുന്നു. അതേസമയം 11 ദശലക്ഷം ടൺ മാത്രമേ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നുള്ളൂ. ഇറക്കുമതിയിലൂടെ ആവശ്യത്തിന്റെ 60 ശതമാനം വിടവ് നികത്തുന്നു.


ഇന്തോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നും പാം ഓയിലും, അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നും സോയാബീൻ ഓയിലും, റഷ്യയിൽ നിന്നും ഉക്രെയ്നിൽ നിന്നും സൂര്യകാന്തി എണ്ണയും മുഖ്യമായും ഇറക്കുമതി ചെയ്യുതയാണ് കണക്കുകൾ.


ലോക കരൾ ദിനത്തോടനുബന്ധിച്ച്, എണ്ണ ഉപഭോഗം 10 ശതമാനം കുറയ്ക്കണമെന്ന സന്ദേശവാക്യം ഉയർത്തിയിരുന്നു. ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഉപഭോഗ രീതികൾ പഠിക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയം ആദ്യമായി ഒരു സർവേയും ആരംഭിച്ചിട്ടുണ്ട്. മിഷൻ ഓൺ എഡിബിൾ ഓയിൽസ്-ഓയിൽസീഡ്സ് (NMEO-ഓയിൽസീഡ്സ്) പദ്ധതിയുടെ ഭാഗമാണിത്.


icar oil consumption


ഉത്പാദനം വർധിപ്പിക്കണം, പക്ഷെ കർഷകർ കണ്ണീരിൽ


2022-23 ലെ 39 ദശലക്ഷം ടണ്ണിൽ നിന്ന് 2030-31 ഓടെ ആഭ്യന്തര എണ്ണക്കുരു ഉത്പാദനം 69.7 ദശലക്ഷം ടണ്ണായി ഉയർത്താൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഇറക്കുമതി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. എണ്ണക്കുരുക്കളുടെ കൃഷിയെ ഇറക്കുമതി ലോബിക്ക് വേണ്ടി നശിപ്പിച്ചതിന്റെ പശ്ചാത്തപം എന്നും ഈ നീക്കത്തെ വിശേഷിപ്പിക്കുന്നു.


ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരുന്ന കാര്യത്തിൽ രാജ്യത്തിന്റെ ആശ്രിതത്വം വളരെ വലുതാണ്. 2023–24 കാലയളവിൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതി മാത്രം ഏകദേശം 16 ദശലക്ഷം ടൺ ആയിരുന്നു. ഇത് വ്യക്തികളുടെ ആരോഗ്യത്തെ എന്ന പോലെ രാജ്യത്തിന്റെ സ്വാശ്രയത്വത്തെയും സാമ്പത്തിക നിലയെയും ബാധിക്കുന്നു.


ഉപയോഗിക്കുന്ന എണ്ണകളുടെ തരം, വറുക്കുന്നതിന്റെ ആവൃത്തി, സീസണൽ ഉപയോഗ രീതികൾ, എണ്ണ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ, ആരോഗ്യ ആനുകൂല്യങ്ങൾ, വില പരിഗണനകൾ എന്നിവയെല്ലാം ഭക്ഷ്യ എണ്ണയുമായി ബന്ധപ്പെട്ട് ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായി വിലയിരുത്തുന്നു.


മുന്നിൽ പാം ഓയിൽ


ന്ത്യയിലെ ഭക്ഷ്യ എണ്ണ ഉപഭോഗത്തിന്റെ 37 ശതമാനത്തിലധികവും പാം ഓയിൽ ആണ്, തുടർന്ന് സോയാബീൻ (20 ശതമാനം), കടുക് (14 ശതമാനം), സൂര്യകാന്തി (13 ശതമാനം) എന്നിവയാണ്. നിലക്കടല, എള്ള്, എന്നിവയും നാളികേരവും ഇതോടൊപ്പം ഉണ്ട്.


ഇന്ത്യ പ്രതിവർഷം ഇറക്കുമതി ചെയ്തത് ഉൾപ്പെടെ ഏകദേശം 25 ദശലക്ഷം ടൺ വിവിധങ്ങളായ ഭക്ഷ്യ എണ്ണ ഉപയോഗിക്കുന്നതിൽ പ്രാദേശിക ഭക്ഷണ മുൻഗണന അനുസരിച്ച്, രാജ്യത്തെ വടക്ക് കിഴക്ക് സംസ്ഥാനങ്ങൾ കടുക് എണ്ണ ഉപയോഗിക്കുന്നു, ദക്ഷിണേന്ത്യ കൂടുതലും വെളിച്ചെണ്ണ ഉപയോഗിക്കുന്നു, പശ്ചിമ ഇന്ത്യ പ്രധാനമായും നിലക്കടല എണ്ണ ഉപയോഗിക്കുന്നു, രാജസ്ഥാൻ എള്ള് എണ്ണ ഉപയോഗിക്കുന്നു.


ഇറക്കമതി കാലത്തിനും മുൻപ് സമ്പന്നമായ കർഷിക വ്യവസ്ഥയുടെ കാലം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു.

 

കർഷകരെ ഓർക്കാത്ത ഇറക്കുമതി


പ്പറേഷൻ ഗോൾഡൻ ഫ്ലോ” വഴി, 1994 വരെ ഇന്ത്യ ആഭ്യന്തര ഉൽപാദനത്തിലൂടെ ഭക്ഷ്യ എണ്ണയുടെ 94 ശതമാനം ആവശ്യകതയും നിറവേറ്റിയിരുന്നു. അതിനു ശേഷം വിപണി നിയന്ത്രിക്കാൻ എന്ന പേരിൽ കേന്ദ്ര സർക്കാരുകൾ വിലകുറഞ്ഞ പാം ഓയിൽ ഇറക്കുമതി ചെയ്തു തുടങ്ങി. ഇതോടെ എണ്ണക്കുരുക്കളുടെ കൃഷി നഷ്ടമായി മാറി. കർഷകരുടെ നടു ഒടിഞ്ഞു. ഇട നില ചൂഷണങ്ങൾ മറികടക്കാൻ കർഷകർക്ക് മാർഗ്ഗങ്ങൾ ഉണ്ടായില്ല. വില കൂടുമ്പോൾ അത് ഇടത്തട്ടുകാരുടെ കൈകളിലായി. കുറയുമ്പോൾ കർഷകർ സഹിച്ചു. എണ്ണക്കുരുക്കളിൽ നിന്നും കർഷകർ പിൻമാറിയതോടെ ആശ്രിതത്വം വർധിച്ചു. ഇപ്പോൾ വിടവ് നികത്താൻ നെല്ലിന്റെ തവിടിൽ നിന്ന് 1.9 മെട്രിക് ടൺ ഭക്ഷ്യ എണ്ണയുടെ സാധ്യത വരെ പരിഗണിക്കുന്നതായി നീതി അയോഗ് കണക്കുകൾ പറയുന്നു.


ഭക്ഷ്യ എണ്ണകളുടെ ഡിമാൻഡ്-സപ്ലൈ വിടവ് 2030 ആകുമ്പോഴേക്കും 22.3 മെട്രിക് ടണ്ണും 2047 ആകുമ്പോഴേക്കും 15.20 മെട്രിക് ടണ്ണും ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. 2024-25 (നവംബർ-ഒക്ടോബർ) വർഷത്തിൽ കൃഷി ചെയ്ത ഒമ്പത് എണ്ണക്കുരുക്കളിലൂടെ 41.66 ദശലക്ഷം ടൺ ഉൽപ്പാദനം നടന്നതായി ഡിപാർട്മെന്റ് ഓഫ് ഫുഡ് ആന്റ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ ഡാറ്റകൾ അവകാശപ്പെടുന്നു.


ഈ ഡാറ്റകൾ പ്രകാരം തന്നെ ലോക എണ്ണക്കുരു ഉൽപാദനത്തിന്റെ ഏകദേശം 5-6% മാത്രമാണ് ഇന്ത്യ സംഭാവന ചെയ്യുന്നത് എന്നും വ്യക്തമാക്കുന്നു. ഉപയോഗവും വിലയും വർധിക്കുമ്പോഴും കർഷകർ ഈ രംഗത്ത് ഇറങ്ങാൻ ധൈര്യപ്പെടാത്ത സാഹചര്യമാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home