അന്യജാതിയിലുള്ള യുവാവിനെ പ്രണയിച്ചു; ഗുജറാത്തിൽ ദുരഭിമാനക്കൊല

അഹമ്മദാബാദ്: ഗുജറാത്തിൽ അന്യജാതിയിലുള്ള യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. ഭാവ്‌നഗർ ജില്ലയിലാണ് സംഭവം. 19 വയസുള്ള മകളെ ഇളയകുട്ടിയുടെ മുന്നിൽവെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ കുട്ടിയുടെ അച്ഛൻ ദീപക് റാത്തോഡിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
മാർച്ച് ഏഴിനായിരുന്നു കൊലപാതകം. കൊലപാതകത്തിനു ശേഷം ഗ്രാമത്തിലെ ശ്മശാനത്തിൽ രഹസ്യമായി മൃതദേഹം ദഹിപ്പിക്കാൻ ഇയാൾ തന്റെ സഹോദരൻ ലാൽജി റാത്തോഡിന്റെ സഹായം തേടി. ബന്ധുക്കൾ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവൾ വിഷം കഴിച്ചതായി ദീപക് പറഞ്ഞു. ഇതിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
"മറ്റൊരു ജാതിയിലുള്ള യുവാവുമായി പ്രണയത്തിലായതിന് ദീപക് റാത്തോഡ് തന്റെ മകളോട് ദേഷ്യപ്പെട്ടു. തുടർന്ന് ഇളയ സഹോദരിയുടെ സാന്നിധ്യത്തിൽ അവളെ കഴുത്തു ഞെരിച്ചു കൊന്നു. മൂത്ത സഹോദരിയുടെ പാത പിന്തുടർന്നാൽ അവൾക്കും ഇതേ വിധി നേരിടേണ്ടിവരുമെന്ന് അവർ ഭീഷണിപ്പെടുത്തി" ഡെപ്യൂട്ടി എസ്പി മിഹിർ ബരയ്യ പറഞ്ഞു.








0 comments