കൊലനടത്തിയത് പൊലീസ് ദമ്പതികളുടെ മകൻ , കൊലപാതകം സഹോദരിയും യുവാവും തമ്മിലുള്ള പ്രണയത്തിന്റെ പേരിലെന്ന് പൊലീസ്
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല ; സോഫ്‌റ്റ്‌വെയർ എൻജിനിയറായ ദളിത് യുവാവിനെ വെട്ടിക്കൊന്നു

തിരുനെൽവേലി
ചെന്നൈയിൽ സോഫ്‌റ്റ്‌വെയർ എൻജിനീയറായ ദളിത് യുവാവിനെ തിരുനെൽവേലിയിൽ വെട്ടിക്കൊന്നു. ഇതര ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായതിന്റെ പേരിലാണ് കവിൻ സെൽവ ഗണേഷി (27-)നെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ സഹോദരനും സബ് ഇൻസ്‌പെക്‌ടർ ദമ്പതികളുടെ മകനുമായ എസ് സുർജിത് (24) ആണ് കവിനെ കൊലപ്പെടുത്തിയത്.
പട്ടിക വിഭാഗക്കാരനായ കവിനുമായി സഹോദരി സുഭാഷിണി പ്രണയത്തിലായതാണ് ദുരഭിമാനക്കൊലയ്‌ക്ക് കാരണമെന്നും പിടിയിലായ സുർജിത്തിനെ റിമാൻഡ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. തമിഴ്‌നാട് പൊലീസിൽ സബ് ഇൻസ്‌പെക്‌ടർമാരായ ശരവണും കൃഷ്‌ണകുമാരിയുമാണ് പ്രതിയുടെ മാതാപിതാക്കൾ.
തിരുനെൽവേലിയിൽ പെൺകുട്ടി ജോലി ചെയ്യുന്ന സിദ്ധ ക്ലിനിക്കിൽ മുത്തച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഞായറാഴ്‌ച കവിൻ എത്തിയത്. ചിലത് സംസാരിക്കാനുണ്ടെന്ന പേരിൽ കവിനെ സുർജിത് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി. വഴിമധ്യേ മുഖത്ത് മുളക്‌പൊടി വിതറി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കളിൽനിന്ന് വലിയ ഭീഷണി ഉണ്ടായിരുന്നെന്ന് കവിന്റെ അമ്മ പൊലീസിൽ പരാതി നൽകി. സബ് ഇൻസ്‌പെക്‌ടർ ദമ്പതികളായ ശരവൺ, കൃഷ്‌ണകുമാരി എന്നിവർക്കെതിരെയും കേസെടുത്തു.








0 comments