ചരിത്ര നീക്കം; പത്ത് ബില്ലുകളും നിയമമാക്കി തമിഴ്നാട് സർക്കാർ

PHOTO CREDIT: FACEBOOK
ചെന്നൈ: സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്ര നീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് ഗവർണർ അന്യായമായി തടഞ്ഞുവച്ചിരുന്ന പത്ത് ബില്ലുകളും നിയമങ്ങളായി ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഗവർണറുടെ അനുമതിയില്ലാതെയാണ് ബില്ലുകൾ നിയമമായത്. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാകുന്നത്.
2020-ൽ പാസാക്കിയ ഒരു ബില്ലുൾപ്പെടെ 12 ബില്ലുകൾ ഗവർണർ ആർ എൻ രവി അംഗീകാരം നൽകാതെ മാറ്റി വയ്ക്കുകയായിരുന്നു. ഗവർണർ ബില്ലുകൾ പാസാക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് തമിഴ്നാട് സർക്കാർ 2023-ൽ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ സുപ്രീം കോടതിയുടെ നിർമായക നിരീക്ഷണങ്ങൾക്ക് പിന്നാലെയാണ് പത്ത് ബില്ലും പാസാക്കി നിയമമായി അംഗീകരിച്ചത്.
2022 ലെ തമിഴ്‌നാട് സർവകലാശാലാ ഭേദഗതി നിയമം, 2022 ലെ തമിഴ്‌നാട് ഡോ. അംബേദ്കർ നിയമ സർവകലാശാല (ഭേദഗതി) നിയമം, 2022 ലെ തമിഴ്‌നാട് ഡോ. എംജിആർ മെഡിക്കൽ സർവകലാശാല, ചെന്നൈ (ഭേദഗതി) നിയമം, 2022 ലെ തമിഴ്‌നാട് കാർഷിക സർവകലാശാല (ഭേദഗതി) നിയമം, 2022 ലെ തമിഴ് സർവകലാശാല (രണ്ടാം ഭേദഗതി) നിയമം, 2022 ലെ തമിഴ്‌നാട് ഫിഷറീസ് സർവകലാശാല (ഭേദഗതി) നിയമം, 2023 ലെ തമിഴ്‌നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല (ഭേദഗതി) നിയമം, 2022ലെ തമിഴ്‌നാട് സർവകലാശാലാ നിയമങ്ങൾ (രണ്ടാം ഭേദഗതി) നിയമം, എന്നിവ ഉൾപ്പെടുന്നു.

കഴിഞ്ഞ ഏപ്രിൽ 8ന് ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. തമിഴ്‌നാട് നിയമസഭയിലേക്ക് പാസാക്കി അയച്ച 10 ബില്ലുകൾ ഗവർണർ താൽക്കാലികമായി നിർത്തിവച്ചത് നിയമവിരുദ്ധമാണ് ബില്ലുകൾ ഗവർണർ അംഗീകരിച്ചതായി കണക്കാക്കുമെന്നും ചരിത്രപരമായ വിധിന്യായത്തിൽ പറയുന്നു. വിധി പ്രസ്താവിച്ച കോടതി പത്ത് ബില്ലുകളും പാസാക്കുകയായിരുന്നു.
പത്ത് ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനുള്ള തമിഴ്‌നാട് ഗവർണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞു. ഗവർണർമാരുടെ അധികാരത്തെക്കുറിച്ചുള്ള സുപ്രധാന വിധിന്യായത്തിലാണ് കോടതിയുടെ നിരീക്ഷണം. പത്ത് ബില്ലുകളും സുപ്രീംകോടതി പാസാക്കിയതിനാൽ ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിച്ച തുടർനടപടികൾ നിലനിൽക്കില്ല. ഇതോടെയാമ് ഈ ബില്ലുകൾ നിയമമായി അംഗീകരിച്ചത്.
ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകുന്നില്ല.അനിശ്ചിതകാലം ബില്ലിൽ തീരുമാനം നീട്ടാൻ ഗവർണർക്കാകില്ല. മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. സഭ വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കേണ്ടതില്ല. ഗവർണർക്ക് വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ബില്ലുകളിലെ ഗവർണർമാരുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണെന്നും വിധിയിൽ പറയുന്നു.ശക്തമായ വിമർശനമാണ് ഇക്കാര്യത്തിൽ ഗവർണർക്കെതിരെ സുപ്രീംകോടതി ഉയർത്തിയത്.








0 comments