ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കം: ഹോട്ടൽ ജീവനക്കാരുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

പ്രതീകാത്മ ചിത്രം
ഗാസിയാബാദ്: ഗാസിയാബാദിലെ ഭക്ഷണശാലയിൽ ലഘുഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയുണ്ടായ സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഫാക്ടറി തൊഴിലാളികളായ സത്യം, ശ്രീപാൽ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സത്യം, ശ്രീപാല്, അനുരാഗ് എന്നീ ഫാക്ടറി തൊഴിലാളികൾ, തങ്ങളുടെ ഇ-റിക്ഷ ഭക്ഷണശാലയ്ക്ക് സമീപം നിർത്തി മദ്യപിക്കുകയായിരുന്നു. ഇതിനിടെ ലഘുഭക്ഷണം ഓർഡർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരുമായി ഇവർ തർക്കത്തിലേർപ്പെട്ടു. വാക്കേറ്റം രൂക്ഷമായതോടെ ഹോട്ടൽ ഉടമകളും ജീവനക്കാരും ചേർന്ന് കത്തിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് മൂന്ന് പേരെയും ആക്രമിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തുമ്പോഴേക്കും സത്യവും ശ്രീപാലും രക്തത്തിൽ കുളിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അനുരാഗ് നിലവിൽ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലം സന്ദർശിച്ച ഡിസിപി നിമിഷ് പാട്ടീലിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments