print edition ഹരിയാനയിൽ സ്വകാര്യവൽക്കരണ നീക്കം തടഞ്ഞു: ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ച് വൈദ്യുതി ജീവനക്കാർ

പ്രതീകാത്മക ചിത്രം
എം പ്രശാന്ത്
Published on Oct 25, 2026, 01:00 AM | 1 min read
ന്യൂഡൽഹി: വൈദ്യുതിവിതരണ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ഹരിയാനയിലെ ബിജെപി സർക്കാരിന്റെ നീക്കം ജീവനക്കാരുടെയും എൻജിനീയർമാരുടെയും ഒറ്റക്കെട്ടായി സമരത്തിന് മുന്നിൽ പാളി. സ്വകാര്യവൽക്കരണ നീക്കത്തിൽ നിന്നും പിൻവാങ്ങുമെന്നും 2003 ലെ വൈദ്യുതി നിയമത്തിലെ 108–ാം വകുപ്പുപ്രകാരം ഇതിനാവശ്യമായ നയപ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി നായബ് സിങ് സെയ്നി പ്രഖ്യാപിച്ചു. മൂന്നു ദിവസമായി തുടർന്ന പണിമുടക്ക് മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടർന്ന് അവസാനിപ്പിച്ചു.
ഹരിയാനയിലെ ഗുഡ്ഗാവ്, നൂഹ് എന്നീ നഗരങ്ങളിലെ വൈദ്യുതി വിതരണമാണ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ നീക്കമുണ്ടായത്. ഇതിനായി ഇലവൻ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് വൈദ്യുതി റെഗുലേറ്ററി കമീഷൻ സമാന്തര ലൈസൻസ് അനുവദിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ലൈസൻസ് സ്വകാര്യ കമ്പനിക്ക് അനുവദിച്ചത്. ഇതിനെതിരെ ജീവനക്കാർ ഒന്നടങ്കം രംഗത്തുവന്നു. അര ലക്ഷത്തിലേറെ ജീവനക്കാരും എൻജിനീയർമാരും ബുധൻ രാത്രി മുതൽ പണിമുടക്ക് ആരംഭിച്ചു. ഇതോടെ തെക്കൻ ഹരിയാനയിലെ വൈദ്യുതി വിതരണം സ്തംഭിച്ചു. വൈദ്യുതി നിലച്ചതോടെ സർക്കാരിനെതിരായി ജനരോഷവും ശക്തമായി. തുടർന്നാണ് സ്വകാര്യവൽക്കരണ നീക്കത്തിൽ നിന്ന് പിന്തിരിയുന്നതായി മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവന്നത്.
സമ്പന്നർക്കുള്ള വൈദ്യുതി വിതരണം ഏറ്റെടുത്ത് പരമാവധി ലാഭമുണ്ടാക്കുകയായിരുന്നു സ്വകാര്യ കമ്പനിയുടെ ലക്ഷ്യമെന്നും ഇത് സംസ്ഥാനത്തെ വൈദ്യുതിവിതരണ മേഖലയെ അപ്പാടെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ) നിലപാടെടുത്തു. വൈദ്യുതിമേഖലയെ സ്വകാര്യവൽക്കരിക്കുന്നത് പൊതുമേഖലയെ ദുർബലമാക്കുകയും കർഷകർക്കും മറ്റ് ദരിദ്രവിഭാഗങ്ങൾക്കും വൈദ്യുതി എത്തിക്കുന്നതിനുള്ള ശേഷിയെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഇഇഎഫ്ഐ ചൂണ്ടിക്കാട്ടി. വൈദ്യുതി നിയമത്തിലെ 108–ാം വകുപ്പുപ്രകാരം പൊതുതാൽപ്പര്യവുമായി ബന്ധപ്പെട്ട നയവിഷയങ്ങളിൽ റെഗുലേറ്ററി കമീഷന് നിർദേശങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ഇതുപ്രകാരമുള്ള പ്രഖ്യാപനം സർക്കാർ നടത്തണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ടുവെച്ചത്. നേരത്തെ കർണാടകയിലും മഹാരാഷ്ട്രയിലും സർക്കാരുകൾ സമാനമായ പ്രഖ്യാപനം നടത്തിയിട്ടുള്ളതും സംഘടനകൾ ചൂണ്ടിക്കാട്ടി. സമരത്തെ അടിച്ചമർത്താൻ പല വഴികളും ബിജെപി സർക്കാർ തേടിയെങ്കിലും ജീവനക്കാർ ഉറച്ചുനിന്നു. മൂന്നാം ദിവസത്തിലേക്ക് പണിമുടക്ക് നീണ്ടതോടെ പിന്തിരിയാൻ സർക്കാർ നിർബന്ധിതമായി.
യുപിയിലും സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തിനെതിരായി ജീവനക്കാരും എൻജിനീയർമാരും പ്രതിഷേധത്തിലാണ്. സ്വകാര്യവൽക്കരണത്തിനെതിരായി രാജ്യവ്യാപക പ്രതിഷേധം വൈദ്യുതി ജീവനക്കാർ സംഘടിപ്പിച്ചിരുന്നു.









0 comments