ഡൽഹിയിൽ വീണ്ടും അപകടക്കെണി; തുറന്നുകിടന്ന മാൻഹോളിൽ വീണ് തൊഴിലാളി മരിച്ചു

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് വീണ്ടും മരണം. റോഹിണി സെക്ടർ 32-ൽ തുറന്നുകിടന്ന മാൻഹോളിൽ വീണ് 30 വയസ്സുകാരനായ ബിർജു കുമാർ എന്ന തൊഴിലാളിയാണ് മരിച്ചത്. ബിഹാർ സമസ്തിപൂർ സ്വദേശിയായ ബിർജു തിങ്കളാഴ്ച രാത്രിയാണ് അപകടത്തിൽപ്പെട്ടത്.
ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മാൻഹോളിലേക്കാണ് ഇയാൾ വീണത്. അപകടസമയത്ത് ബിർജുവും സുഹൃത്തും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബിർജു കുഴിയിൽ വീണെങ്കിലും, അമിതമായി മദ്യപിച്ചിരുന്നതിനാൽ എന്തുചെയ്യണമെന്നറിയാതെ സുഹൃത്ത് സ്ഥലത്തുനിന്നും മടങ്ങിപ്പോവുകയായിരുന്നു. ചൊവ്വാഴ്ചയും ബിർജുവിനെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ മാൻഹോളിന് സമീപം ഇയാളുടെ ചെരുപ്പുകൾ കണ്ടെത്തി. തുടർന്ന് വൈകുന്നേരത്തോടെയാണ് അഗ്നിശമനസേനയും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിന് പിന്നാലെ അധികൃതർ മാൻഹോൾ സ്ലാബ് ഇട്ട് മൂടി.
ഡൽഹിയിൽ സുരക്ഷാ വീഴ്ചയെത്തുടർന്നുണ്ടാകുന്ന തുടർച്ചയായ മൂന്നാമത്തെ അപകടമാണിത്. അഞ്ച് ദിവസം മുൻപ് ജനക്പുരിയിൽ ജൽ ബോർഡ് എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ കമൽ ധയാനി എന്ന യുവാവ് മരിച്ചിരുന്നു. കഴിഞ്ഞ മാസം നോയിഡയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് കാർ ഡ്രെയിനേജിലേക്ക് മറിഞ്ഞും മരിച്ചിരുന്നു.









0 comments