ഡൽഹി സ്ഫോടനം, പുതിയ വീഡിയോ പുറത്ത്
കാറിൽ ഉണ്ടായിരുന്നത് ഡോക്ടർമാത്രം, പൊട്ടിത്തെറിച്ചത് ശേഖരിച്ച് വെച്ച സ്ഫോടക വസ്തുക്കൾ

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ തീവ്രശേഷിയുള്ള വസ്തുക്കൾ ഉൾപ്പെട്ടിരിക്കാം എന്ന് നിഗമനം. അമോണിയം നൈട്രേറ്റ് മാത്രമായിരിക്കില്ല ഇത്രയും വലിയസ്ഫോടനത്തിന് ഇടയാക്കിയത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സ്ഫോടകവസ്തു സാമ്പിളുകളിലൊന്ന് അമോണിയം നൈട്രേറ്റിനേക്കാൾ ശക്തിയേറിയതാണെന്നാണ് കരുതുന്നു. എന്നാൽ ഇവ ചേർത്ത് ബോംബ് നിർമ്മാണം പൂർത്തിയാക്കിയിരുന്നില്ല എന്നും അന്വേഷകർ നിഗമനത്തിലെത്തിയതായി വ്യക്തമാക്കുന്നു.
ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. എല്ലാ സാമ്പിളുകളും എഫ്എസ്എൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. രണ്ട് കാട്രിഡ്ജുകൾ, ഒരു വെടിയുണ്ട, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെ നാൽപതിലധികം സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം സ്ഫോടനസ്ഥലത്ത് നിന്ന് ശേഖരിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ തിങ്കളാഴ്ച പൊട്ടിത്തെറിച്ച വാഹനത്തിൽ പുൽവാമയിൽ നിന്നുള്ള ഒരു ഡോക്ടർ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നു.
മരിച്ചവരിൽ ചിലരുടെ ശരീരത്തിൽ ഒരു 'ക്രോസ്-ഇൻജുറി പാറ്റേൺ' നിരീക്ഷിച്ചതായി മൗലാനാ ആസാദ് മെഡിക്കൽ കോളേജിലെ ഫൊറൻസിക് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട് പറയുന്നു. ഇത് സ്ഫോടനത്തോടെ അതിന്റെ ശക്തിയിൽ മറ്റ് സ്ഥലങ്ങളിലോ വസ്തുക്കളിലോ ഇടിച്ച് ഉണ്ടാവുന്നതാണ്.
കാർ സ്ഫോടനം സാധാരണ ചാവേർ സ്ഫോടനമായിരുന്നില്ലെന്നും മറിച്ച് പരിഭ്രാന്തിയാലോ മറ്റോ പ്രതി സ്ഫോടനം നടത്തുകയായിരുന്നുവെന്നും പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ചാവേർ ബോംബ് ഉപയോഗിക്കുന്നവരുടെ ശരീരത്തിൽ സാധാരണ കാണാറുള്ള വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല. ചാവേർ ആയിരിന്നില്ല ഉദ്ദേശിച്ചിരിക്കുക എന്നും കരുതുന്നു.
ബോംബ് പൂർണമായി വികസിപ്പിച്ചതായിരുന്നില്ല. സമയമെത്തും മുൻപേ പൊട്ടിയതാണെന്നും പരിശോധനയിൽ കണ്ടെത്തി. സ്ഫോടനത്തിൽ സാധാരണ ഉണ്ടാവാറുള്ള ഗർത്തം രൂപപ്പെട്ടില്ല, ചീളുകളോ മറ്റ് വസ്തുക്കളോ കണ്ടെത്തിയില്ല. സ്ഫോടനം നടക്കുമ്പോൾ വാഹനം ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു.
തിടുക്കവും സമ്മർദ്ദവും ചേർന്ന് പൊട്ടിത്തെറി നേരത്തെയാക്കി.
കാർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. പ്രാഥമിക അന്വേഷണത്തിൽ, തിങ്കളാഴ്ച (നവംബർ 10) പൊട്ടിത്തെറിച്ച വാഹനത്തിൽ പുൽവാമയിൽ നിന്നുള്ള ഒരു ഡോക്ടർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പോലീസ് റെയ്ഡുകളുടെ സമ്മർദ്ദം കാരണം ആ വ്യക്തി തിടുക്കത്തിൽ പ്രവർത്തിച്ചതായി കരുതുന്നു. ഇതോടെ ബോംബ് സ്ഫോടനം "അകാലത്തിൽ" ആയി – എന്നുമാണ് പ്രാഥമിക നിഗമനം.
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള ശക്തമായ സ്‌ഫോടനത്തിന്റെ കൃത്യമായ നിമിഷം പകർത്തിയ സിസിടിവി ദൃശ്യങ്ങൾ ബുധനാഴ്ച പുറത്തുവന്നു.
ചെങ്കോട്ട ക്രോസിംഗിൽ സ്ഥാപിച്ചിരുന്ന ഒരു നിരീക്ഷണ ക്യാമറയിൽ പകർത്തിയ ദൃശ്യത്തിൽ, പെട്ടെന്ന് ഒരു തീഗോളം സ്‌ക്രീനിൽ പതിക്കുന്നതിനുമുമ്പ് തിരക്കേറിയ ഗതാഗത നീക്കങ്ങൾ കാണിക്കുന്നു.
വൈകുന്നേരം 6.50 ഓടെയാണ് സ്‌ഫോടനം നടന്നത്. ഒരു ചുവന്ന ബലൂൺ പൊട്ടിത്തെറിക്കുന്നത് പോലെ സ്ഫോടനം പ്രത്യക്ഷപ്പെട്ടു.









0 comments