കവർസ്റ്റോറി
സ്ത്രീയും കമ്യൂണിസവും നാടക ചരിത്രത്തിൽ: ചില തത്വവിചാരങ്ങൾ

കെ എസ് ശ്രീനാഥ്
Published on Dec 01, 2025, 12:02 PM | 8 min read
കല, ചരിത്രം, കമ്യൂണിസം എന്നിവയുടെ പരസ്‌പരബന്ധത്തെക്കുറിച്ചും രാഷ്‌ട്രീയപരമായ പ്രാധാന്യത്തെക്കുറിച്ചും ആഴത്തിൽ ചിന്തിച്ചിട്ടുള്ള ഒരു തത്വചിന്തകനാണ് വാൾട്ടർ ബെഞ്ചമിൻ. ‘തീസിസ് ഓൺ ദി ഫിലോസഫി ഓഫ് ഹിസ്റ്ററി’ (1940) എന്ന വിഖ്യാതമായ ഗ്രന്ഥത്തിൽ സ്വിസ് ചിത്രകാരനായ പോൾ ക്ലീയുടെ "ചരിത്രത്തിന്റെ വിശുദ്ധ മാലാഖ' (1920) എന്ന പെയിന്റിങ്ങിനെ സവിശേഷമായി പരാമർശിച്ചുകൊണ്ടാണ് ചരിത്രത്തിന്റെ തത്വചിന്തയെക്കുറിച്ച് ബെഞ്ചമിൻ സംസാരിക്കുന്നത്. ഭയാനകമായ ഏതോ ഒരു കാഴ്‌ചയ്‌ക്ക് സാക്ഷിനിൽക്കുന്ന ഒരു മാലാഖയുടെ മുഖമാണ് പോൾ ക്ലീയുടെ ചിത്രത്തിലുള്ളത്. കാഴ്‌ചക്കാരനും ആ ചിത്രത്തിനുമിടയിൽ അസഹ്യമായതെന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നു. അത് വർത്തമാനകാലമല്ലാതെ മറ്റൊന്നുമല്ല. കാഴ്‌ചക്കാരനും ഗാലറിയുടെ ചുവരിൽ ഞാന്നുകിടക്കുന്ന ചിത്രത്തിനുമിടയിലൂടെ കൂലംകുത്തിയൊഴുകുന്ന വർത്തമാനകാല ജീവിതപ്രവാഹം. ഓരോ വർത്തമാനകാലവും ഓർമകളിലേക്ക് നിരന്തരം പിന്തള്ളപ്പെടുന്നതിനാൽ ചരിത്രമല്ലാതെ മറ്റൊന്നല്ല പോൾ ക്ലീയുടെ മാലാഖയുടെ കാഴ്‌ചയിൽ വിഹ്വലതകൾ നിറച്ചുനിൽക്കുന്നത്. പരമ്പരാഗതമായ ചരിത്രരൂപീകരണത്തെ പുനർനിർമിക്കുവാനുള്ള അതിശക്തമായ ഒരു പരികൽപ്പനയായാണ് ബെഞ്ചമിൻ ഈ ചിത്രത്തെ കാണുന്നത്.
കെപിഎസി സുലോചന യൗവനകാലത്ത്
ക്രമാനുഗതമായി വികസിച്ചു മുന്നേറുന്ന പുരോഗതിയായി ചരിത്രത്തെ കാണുന്ന പരമ്പരാഗത രീതിയിൽനിന്നും വ്യത്യസ്‌തമായി ശിഥിലവും പാർശ്വവൽക്കരിക്കപ്പെട്ടതുമായ ഓർമകളുടെ സഞ്ചിതാവശിഷ്ടങ്ങളാണ് ബെഞ്ചമിനെ സംബന്ധിച്ചിടത്തോളം ചരിത്രം. ഔദ്യോഗിക ചരിത്രനിർമിതിയിൽനിന്നും ഇങ്ങനെ ബോധപൂർവം പ്രാന്തവൽക്കരിക്കപ്പെട്ട ഓർമകളുടെ ശിഥിലാവശിഷ്ടങ്ങളെ സമാഹരിക്കുകയും അവയെ കോർത്തിണക്കി സമാന്തരമായ മറ്റൊരു ചരിത്രം രൂപപ്പെടുത്തുകയുമാണ് രാഷ്‌ട്രീയമായി ഉണർന്നിരിക്കുന്ന ഒരു ചരിത്രകാരന്റെ ധർമമെന്ന് ബെഞ്ചമിൻ അഭിപ്രായപ്പെടുന്നു. ചരിത്രത്തെ പ്രതിരോധമായി വരയ്‌ക്കുക (brush history against) എന്നാണ് ഈ ചരിത്ര പുനർനിർമിതിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ, കലയും രാഷ്‌ട്രീയവും ചരിത്രവും ബെഞ്ചമിനെ സംബന്ധിച്ചിടത്തോളം വേർപിരിച്ചെടുക്കാനാവാത്തവിധം ഇഴചേർന്നു കിടക്കുന്നു. ചിത്രകലയെപ്പോലെ നാടകത്തെയും ബെഞ്ചമിൻ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒരു കലാരൂപമായാണ് കാണുന്നത്. ബർടോൾഡ് ബ്രഹ്‌ത്തിന്റെ എപ്പിക് നാടകവേദിയെക്കുറിച്ചുള്ള ചർച്ചകളിൽ അന്യവൽക്കരണത്തെ (A-‐Effect) ചരിത്ര പുനർനിർമിതിയുടെ ഒരു നാടക രീതിശാസ്‌ത്രമായാണ് ബെഞ്ചമിൻ വിശേഷിപ്പിക്കുന്നത്. പരമ്പരാഗതമായ നാടകാഖ്യാനത്തിന് വിള്ളലേൽപ്പിക്കുന്ന രംഗസങ്കേതമാണ് അന്യവൽക്കരണം. ആ വിള്ളലുകൾ വിമർശനാത്മകവും വൈരുധ്യാത്മകവുമായ ഒരു സമാന്തര ചരിത്രാവബോധം പ്രേക്ഷകനിൽ സൃഷ്‌ടിക്കുന്നുവെന്ന് ബ്രഹ്ത്തിനെ വിശകലനം ചെയ്‌തുകൊണ്ട് ബെഞ്ചമിൻ അഭിപ്രായപ്പെടുന്നു.
കലയെയും ചരിത്രത്തെയും രാഷ്‌ട്രീയത്തെയും സംബന്ധിച്ചുള്ള ഗൗരവമായ ഈ ചിന്തകളുടെ പശ്ചാത്തലത്തിൽ ബൈജു ചന്ദ്രന്റെ ‘ജീവിതനാടകം അരുണാഭം ഒരു നാടകകാലം’ എന്ന പുസ്‌തകത്തിന്റെ വായനയാണ് ഈ ലേഖനത്തിന്റെ കാതൽ. മലയാള നാടകത്തിന്റെ അരുണാഭമായ ഒരു കാലത്തിന്റെ ചരിത്രത്തെ പുനർപാരായണം ചെയ്യുന്ന ശ്രദ്ധേയമായ ഒരു എഴുത്തുകർമമാണ് ബൈജു ചന്ദ്രൻ ഇവിടെ നിർവഹിക്കുന്നത്. ആ പ്രക്രിയയിൽ കെപിഎസിയെയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും, ഏറ്റവും വൈകാരികമായും അതിലേറെ ചരിത്രബോധത്തോടും കൂടി ബൈജു ചന്ദ്രൻ അടയാളപ്പെടുത്തുന്നു. ഒന്നിലധികം തലങ്ങളിൽ ശ്രദ്ധിക്കപ്പെടേണ്ട കൃതിയാണിത്. നാടകത്തിന്റെ ചരിത്ര രചനയ്‌ക്ക് ബൈജു ചന്ദ്രൻ മുന്നോട്ടുവയ്‌ക്കുന്ന മൗലികമായ രചനാരീതിയാണ് ആ തലങ്ങളിൽ ഏറെ ശ്രദ്ധേയമായ ആദ്യത്തെ ഘടകം. സ്ത്രീ കേന്ദ്രീകൃതമായ ചരിത്രരചനയെന്ന രണ്ടാമത്തെ ഘടകമാവട്ടെ കെപിഎസി സുലോചനയുടെ വ്യക്തിജീവിതത്തെ പുരുഷ കേന്ദ്രീകൃതമായ ഒരു പൊതുജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിക്കുകയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ചരിത്രവുമായി അതിനെ കണ്ണിചേർക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ നാടക ചരിത്ര രചനയ്‌ക്ക് പുതിയൊരു വഴി വെട്ടിത്തുറക്കുന്ന കൃതിയാണ് ബൈജു ചന്ദ്രന്റെ ‘ജീവിത നാടകം അരുണാഭം ഒരു നാടക കാലം.’ അതിദീർഘമായ ഒരു കാലയളവും അർപ്പിതമായ ഒരു മനസ്സുമാണ് ഈ കൃതിയുടെ പിന്നിലെ ഊർജപ്രവാഹങ്ങൾ. നാടകമെന്ന കലാരൂപത്തെ അത്യന്തം ശ്രദ്ധയോടും അതിലേറെ ആവേശത്തോടും സമീപിക്കുന്ന ഈ മാധ്യമപ്രവർത്തകൻ നാടകം തന്റെ സാംസ്‌കാരിക വ്യക്തിത്വത്തിൽ അലിഞ്ഞുചേർന്നുപോയ ഒന്നാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ഈ കൃതി.
നാടക ചരിത്രരചനയുടെ
പ്രശ്നങ്ങൾ
നാടകചരിത്ര രചന മുന്നോട്ടുവയ്‌ക്കുന്ന ഒട്ടേറെ താത്വിക പ്രശ്നങ്ങളുണ്ട്. മലയാള സാഹിത്യത്തിലെ ഒരു പ്രധാന ശാഖയായി നാടകചരിത്രത്തെ കണ്ടിട്ടില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനമായ ഒരു പ്രശ്നം. അതുകൊണ്ടുതന്നെ നാടകം സജീവമായിരിക്കുന്ന മറ്റു ഭാഷകളിൽ, പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ, കാണുന്നതുപോലെ നാടകവേദിയുടെ വളർച്ചയും ചരിത്രവും തമ്മിലുള്ള ബന്ധം മലയാളത്തിൽ കാണുക സാധ്യമല്ല. നാടക പ്രസ്ഥാനങ്ങളുടെ വളർച്ചയുടെ വിശദാംശങ്ങൾ, അവയെ സാധ്യമാക്കുന്ന ചരിത്ര സന്ദർഭങ്ങൾ, ഇതൊക്കെ സമാഹരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഒരു കാലഘട്ടത്തിലെ നാടക വേദിയെ മനസ്സിലാക്കുവാൻ ഉപാധിയാക്കുന്നതിനും നമുക്ക് കഴിഞ്ഞിട്ടില്ല. കെപിഎസിയുടെയോ മലബാർ കേന്ദ്ര കലാ സമിതിയുടെയോ എൻ കൃഷ്ണപിള്ളയിൽ ആരോപിക്കുന്ന യഥാതഥ നാടകവേദിയുടെയോ തനതു നാടക വേദിയുടെയോ ഒന്നും സമഗ്രമായ ചരിത്ര രൂപീകരണം മലയാളത്തിൽ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞുകൂടാ.
ജി ശങ്കരപ്പിള്ള നാടക ചരിത്ര രചനയുടെ പ്രതിസന്ധികളെക്കുറിച്ച് തൊള്ളായിരത്തി എൺപതുകളിൽ നടത്തുന്ന ചില പരാമർശങ്ങൾ ശ്രദ്ധേയമാണ്. കേരളത്തിലെ പാരമ്പര്യ രംഗകലകളിൽ കാണുന്ന തരത്തിൽ കൃതിയും അരങ്ങുമായുള്ള ഒരു ജൈവബന്ധം ആധുനിക മലയാള നാടകങ്ങളിൽ കാണുക സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ നിരീക്ഷണം. സംസ്‌കൃത നാടകങ്ങളുടെയും തമിഴ് സംഗീത നാടകങ്ങളുടെയും പിൽക്കാലത്ത് പാശ്ചാത്യ നാടകങ്ങളുടെയും നിരന്തരമായ സ്വാധീനത്തിലാണ് മലയാള നാടകവേദി രൂപംകൊള്ളുന്നതും വളർച്ച പ്രാപിക്കുന്നതും. അതുകൊണ്ടുതന്നെ ചില പ്രത്യേക കാലയളവിൽ അനുകരണങ്ങളിലൂടെ അരങ്ങു കീഴടക്കുന്ന ചില രംഗാവതരണ പ്രവണതകൾ എന്ന നിലയ്‌ക്കപ്പുറം സാംസ്‌കാരികമോ കലാപരമോ ആയ ഒരു നൈരന്തര്യം മലയാള നാടക പ്രസ്ഥാനത്തിന് അവകാശപ്പെടാനില്ലെന്ന് അദ്ദേഹം വാദിക്കുന്നു. കേരളവർമ വലിയ കോയിത്തമ്പുരാന്റെ ശാകുന്തളം വിവർത്തനത്തിൽ മലയാള നാടകവേദിയുടെ ചരിത്രത്തെ അടയാളപ്പെടുത്തുന്നതിനുള്ള ജി ശങ്കരപ്പിള്ളയുടെ ശ്രമത്ത ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.
കായംകുളത്തെ കെപിഎസി ഓഫീസിൽ ജി ദേവരാജൻ, സുലോചന തുടങ്ങിയവർ
നാടകാവതരണങ്ങളുടെ വിശദാംശങ്ങളുടെ അഭാവമാണ് ജി ശങ്കരപ്പിള്ള ഉന്നയിക്കുന്ന രണ്ടാമത്തെ പ്രശ്നം. ഒരു നാടകം കൃതി മാത്രമായി അവശേഷിക്കുന്നതും, അതിന്റെ അരങ്ങിനെക്കുറിച്ചുള്ള വിദൂരമായ ഓർമകൾ പോലും അസാധ്യമാകുകയും ചെയ്യുന്നുവെന്നത് ഗുരുതരമായ ഒരു ചരിത്രപ്രശ്നമായി അദ്ദേഹം കാണുന്നു. ഈ പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടല്ലാതെ ഒരു ചരിത്രകാരനും മലയാള നാടകത്തിന്റെ വികാസ പരിണാമങ്ങളെ കണ്ടെത്തുക സാധ്യമല്ല. മറ്റൊരർഥത്തിൽ, അരങ്ങിന്റെ ചരിത്രമില്ലാതെ നാടകത്തിന്റെ ചരിത്രം പൂർണമാകുന്നില്ലായെന്നതാണ് പരമാർഥം. ജി ശങ്കരപ്പിള്ള മുന്നോട്ടുവെച്ച ചരിത്ര രചനയുടെ പ്രശ്നങ്ങളെ ഗൗരവമായി കണ്ടുകൊണ്ട്, അതിനൊരു പരിഹാരമെന്ന നിലയിൽ എഴുതപ്പെട്ടിട്ടുള്ള നാടക ചരിത്ര ഗ്രന്ഥങ്ങൾ ജി ശങ്കരപ്പിള്ളയ്‌ക്ക് ശേഷം ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ബൈജു ചന്ദ്രൻ നാടക ചരിത്ര രചനയ്‌ക്ക് നൽകിയ സംഭാവനകളെ സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കേണ്ടത് അനിവാര്യമായി തീരുന്നത്.
കലയും കമ്യൂണിസവും തമ്മിലുള്ള ബന്ധത്തെ ചരിത്രപരമായി വിശകലനം ചെയ്യുക എന്നതുമാത്രമല്ല ‘ജീവിത നാടകം’ എന്ന കൃതിയിൽ സംഭവിക്കുന്നത്. മറിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക് ഒരു നാടകനടി നൽകിയ സംഭാവന എന്താണെന്നും അത് കേരളത്തിന്റെ പിൽക്കാലത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾക്ക് എങ്ങനെ കാരണമായിത്തീർന്നുവെന്നതുമാണ് ഈ പുസ്‌തകത്തിന്റെ ധ്വനിപാഠം.
ചരിത്രരചനയെന്നത് ഈ അർഥത്തിൽ കേവലമായ സംഭവങ്ങളുടെ രേഖപ്പെടുത്തൽ മാത്രമല്ല ബൈജു ചന്ദ്രന്. മറിച്ച് കേരളത്തിൽ ചരിത്രം സാക്ഷിനിന്ന രാഷ്ട്രീയമാറ്റങ്ങളുടെ ഉള്ളൊഴുക്കുകൾ വ്യക്തിസത്തയുമായി എങ്ങനെ ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നുവെന്നും, വ്യക്തിജീവിതം സമൂഹത്തെയും സമൂഹജീവിതം വ്യക്തിയെയും എങ്ങനെ പരസ്‌പരം പുനർനിർമിക്കുന്നുവെന്നുമുള്ള ദാർശനിക പ്രശ്നങ്ങളാണ് നാടകചരിത്ര രചനയുടെ മേഖലയിൽ ബൈജു ചന്ദ്രൻ അന്വേഷിക്കുന്നത്. നാടകചരിത്രത്തെ വിശാലമായ അർഥത്തിൽ നാടിന്റെയും രാഷ്ട്രീയത്തിന്റെയും ചരിത്രമാക്കി മാറ്റുന്ന ഒരു രചനാ സമീപനം ഇതിനുമുമ്പ് മലയാള ഭാഷ മറ്റാരുടെയും പേരിൽ കണ്ടിട്ടുമില്ല.
സാർത്രും രാഷ്ട്രീയ നാടകവും
നാടകം ഒരു രാഷ്ട്രീയ പ്രക്രിയയുടെ ഭൗതിക രൂപമാണെന്ന് സാർത്ര് അഭിപ്രായപ്പെടുന്നു. ആശയങ്ങൾ മൂർത്തമായ മനുഷ്യ സംഘർഷങ്ങളുടെ രൂപം കൈവരിക്കുകയും മനുഷ്യ ജീവിതത്തോടും സമൂഹ ജീവിതത്തോടും പ്രേക്ഷകൻ സ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയമായ ഉത്തരവാദിത്വത്തിന്റെയും ജൈവപരമായ ഒരു ബന്ധം സ്ഥാപിക്കുന്ന ഒരു ഇടമായിട്ടാണ് നാടകവേദിയെ സാർത്ര് വിശേഷിപ്പിക്കുന്നത്. വിപ്ലവത്തിന്റെ സന്ദിഗ്ധതകളും അക്രമവും വ്യക്തികളുടെ സ്വത്വാന്വേഷണങ്ങളും നിറഞ്ഞുനിൽക്കുന്ന സാർത്രിന്റെ നാടകപ്രപഞ്ചം യഥാതഥമായ ഒരു അവതരണ ശൈലിയാണ് സ്വീകരിക്കുന്നത്. അവത്-‐ഗാർഡിന്റെ വേദീബദ്ധമായ പരീക്ഷണങ്ങൾക്കുപരി മനുഷ്യബന്ധങ്ങളിലും അവയുടെ വൈരുധ്യം നിറഞ്ഞ സംഘർഷങ്ങളിലും ആഴ്‌ന്നിറങ്ങി നിൽക്കുന്ന ഒരു രംഗാവതരണ സമീപനം മനുഷ്യന്റെ അസ്‌തിത്വ ബോധത്തെയും അതിന്റെ രാഷ്‌ട്രീയമായ സത്യത്തെയും അനാവരണം ചെയ്യുമെന്ന് സാർത്ര് അടിയുറച്ചു വിശ്വസിക്കുന്നു.
ബൈജു ചന്ദ്രൻ
മറ്റൊരർഥത്തിൽ നാടകം മനുഷ്യാനുഭവങ്ങളുടെ സഞ്ചിത സംസ്‌കാരമാണെന്നും ഉണർവുള്ള രാഷ്‌ട്രീയ ബോധത്തിന്റെ ജീവിക്കുന്ന നിമിഷങ്ങളാണെന്നും സാർത്ര് അടിവരയിട്ടു പറയുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നാടകവേദിയെ കണ്ടതും ഇതിൽനിന്നും വ്യത്യസ്‌തമായ ഒരു രീതിയിലായിരുന്നില്ല. കെപിഎസിയും സുലോചനയും ഗംഭീരവും അരുണാഭവുമായ ആ ഒരു കാലത്തിന്റെ ഓർമത്തിളക്കവും. ഈ അർഥത്തിൽ ജീവിതനാടകം എന്ന കൃതി ഒരേസമയം അരങ്ങിന്റെയും കെപിഎസി സുലോചനയെന്ന വ്യക്തിയുടെയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രമായിത്തീരുന്നു. അത്യന്തം ശ്രദ്ധയോടും തികഞ്ഞ ഔചിത്യത്തോടും വ്യക്തമായ ഒരു കാഴ്‌ചപ്പാടോടും കൂടിയാണ് വിഭിന്നങ്ങളായ ഈ തലങ്ങളെ ബൈജു ചന്ദ്രൻ സന്നിവേശം ചെയ്‌തിരിക്കുന്നത്. ജി ശങ്കരപ്പിള്ള സൂചിപ്പിച്ചതുപോലെ മലയാള നാടകത്തിൽ എഴുതപ്പെടാതെ പോയ അരങ്ങിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ആദ്യത്തെ കൃതിയായിവേണം ബൈജു ചന്ദ്രന്റെ ‘ജീവിത നാടകം’ എന്ന പുസ്‌തകത്തെ കാണാൻ. അതിനായി ചരിത്രകാരൻ വ്യത്യസ്‌തങ്ങളായ രീതിശാസ്‌ത്ര സമീപനങ്ങൾ മുന്നോട്ടുവയ്‌ക്കുന്നു.
വാമൊഴി ചരിത്രവും
കെപിഎസിയും
യാഥാസ്ഥിതികമായ ചരിത്ര സമീപനത്തെ അപനിർമിക്കുന്നതിനുവേണ്ടി വാമൊഴി ചരിത്രത്തെ സുപ്രധാനമായ ഒരു ചരിത്ര സാമഗ്രിയായി സ്വീകരിക്കുന്നുവെന്നതാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്ന ഒരു സൈദ്ധാന്തിക തലം. കെപിഎസിയുമായും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും ബന്ധപ്പെട്ടു നിന്ന വ്യക്തികളിൽനിന്നും ശേഖരിച്ച ഒട്ടേറെ വിവരങ്ങളിൽ നിന്നാണ് നാടകം അരുണാഭകാലത്തിന്റെ ആദ്യ പകർപ്പ് രൂപംകൊണ്ടത്. ഒന്നിലധികം തവണയുള്ള തിരുത്തി എഴുത്തുകൾക്കു ശേഷമാണ് പുസ്‌തകത്തിന് ഇന്ന് കാണുന്ന രൂപം കൈവരുന്നത്. തൊള്ളായിരത്തി അൻപതുകൾ മുതലുള്ള പത്രമാസികകൾ, വ്യക്തിഗത അഭിമുഖങ്ങൾ, എഴുതപ്പെട്ട ചരിത്ര ഗ്രന്ഥങ്ങൾ തുടങ്ങി ബൈജു ചന്ദ്രന്റെ രചനാ സാമഗ്രികൾ വിപുലവും സമഗ്രവുമായിത്തീരുന്നു. അതുകൊണ്ടുതന്നെ ഇന്നുവരെ എഴുതപ്പെട്ട കെപിഎസിയുടെ ചരിത്രത്തിൽനിന്നും ഈ കൃതി ഒറ്റപ്പെട്ടു നിൽക്കുന്നു. അതിനു കാരണം വാമൊഴി ചരിത്രത്തിൽ ഊന്നിനിൽക്കുന്ന ബൈജു ചന്ദ്രന്റെ ചരിത്രസമീപനം തന്നെയാണ്. ഒട്ടേറെ അസുലഭമായ വിവരങ്ങളാണ് ഈ പുസ്‌തകം വായനക്കാരന് സമ്മാനിക്കുന്നത്. ഒരു കാലത്തിന്റെ ചരിത്രത്തെ വീണ്ടെടുക്കുന്നതിന് ഇവിടെ ചരിത്രകാരൻ കാണിക്കുന്ന ക്ഷമയും ബൗദ്ധികമായ അധ്വാനവും പ്രത്യേകം പരാമർശിക്കേണ്ടതാണ്.
മഞ്ചേരിയിൽ കെപിഎസി നാടകം അവതരിപ്പിക്കാനെത്തുന്നതും നാടക സംഘത്തിന് അവിടെ അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന ഒരു ഭാഗമുണ്ട്. നാടക സംഘം എത്തുമ്പോൾ സംഘാടകർ ഉൾപ്പെടെ ആരെയും കാണാനില്ല. കാഫിറുകളുടെ നാടകമാണിതെന്നും അവതരിപ്പിച്ചാൽ പ്രശ്നമുണ്ടാകുമെന്നും മൗലവിമാർ നാട്ടുകാരെ അറിയിച്ചിട്ടുണ്ടെന്ന് ഒരു സഖാവ് പറഞ്ഞു. ഒരു പ്രശ്നവും ഉണ്ടാകില്ല, സഖാവ് ധൈര്യമായിരിക്കെന്ന് ജനാർദനക്കുറുപ്പിന്റെ മറുപടി. കെ പി ആർ ഗോപാലൻ ഈ സമയത്ത് അവിടെ എത്തുന്നു. ജനാർദനക്കുറുപ്പ് സ്റ്റേജിൽ കയറി വികാര നിർഭരമായ ഒരു പ്രസംഗം നടത്തുന്നു. മതപുരോഹിതൻമാർ പറഞ്ഞതുപോലെ മതത്തിനോ ദൈവത്തിനോ എതിരായ ഒന്നും ഈ നാടകത്തിൽ ഇല്ലെന്നും, മുസ്ലിം സമുദായമടക്കം എല്ലാ പാവപ്പെട്ട മനുഷ്യരുടെയും കഥയാണിതെന്നുമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. തുടർന്ന് ഗായകസംഘം പാട്ടുകൾ പാടിത്തുടങ്ങി. സുലോചനയും കെ എസ് ജോർജും മൈക്കിന് മുന്നിലേക്ക് നീങ്ങി. അവരുടെ ശബ്ദം നാടിനെ പ്രകമ്പനം കൊള്ളിച്ചു. നാലഞ്ച് പാട്ടുകൾ കഴിഞ്ഞതോടെ കൊട്ടക നിറഞ്ഞുകവിഞ്ഞു. പാർടി സഖാക്കൾ നീട്ടിയ ചെറു പാത്രങ്ങളിലേക്ക് ആ പാവപ്പെട്ട മനുഷ്യർ അവരുടെ കയ്യിലുണ്ടായിരുന്നതെല്ലാം കൊടുത്തു. കമ്യൂണിസ്റ്റ് പാർടി പ്രായേണ ദുർബലമായിരുന്ന ആ പ്രദേശത്ത് കെപിഎസിക്ക് കിട്ടിയ അംഗീകാരവും പിരിഞ്ഞുകിട്ടിയ തുകയും എല്ലാവരെയും ആവേശം കൊള്ളിച്ചു. വ്യക്തമായും ലളിതമായുമാണ് ബൈജു ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ആർജവവും ലക്ഷ്യബോധവുമുള്ള ഭാഷ. അതിനുപരി വ്യക്തമായ ഉൾക്കാഴ്‌ചയോടെ വ്യക്തികളും കാലവും കലയും എങ്ങനെയാണ് അത്യന്തം കലുഷിതമായ ഒരു രാഷ്‌ട്രീയ സന്ദേശത്തെ മലയാളിയുടെ മനസ്സിൽ നട്ടുനനച്ചതെന്ന് ഈ സംഭവം വികാരഭരിതമായി നമ്മോട് സംസാരിക്കുന്നു. വാമൊഴി ചരിത്രത്തിന്റെ സംവേദന ശേഷിയെക്കുറിച്ചുള്ള നല്ലൊരു ഉദാഹരണമാണിത്. ഇത്തരം ദാഹരണങ്ങൾ ഒരുപാടുണ്ട്.
കെ പി ഉമ്മർ, എൻ ഗോവിന്ദൻകുട്ടി എന്നിവർക്കൊപ്പം ‘അശ്വമേധം’ നാടകത്തിൽ കെപിഎസി സുലോചന
വാമൊഴി ശേഖരം നാടകചരിത്ര രചനയ്‌ക്ക് ഒന്നിലേറെ തലങ്ങളിൽ അനിവാര്യമായിത്തീരുന്നു. നാടകം നശ്വരമാണ്. അവതരണം കഴിഞ്ഞാൽ അഴിഞ്ഞു പോകുന്നത്. നാടകം ജീവിക്കുന്നത് വേദിയിൽ മാത്രമാണ്. വീഡിയോ റെക്കോഡിങ് പോലും അവതരണത്തിന്റെ മുഴുവൻ ആത്മാവും അനുഭവവും സ്വാംശീകരിക്കുന്നില്ല. അത് അരങ്ങല്ല. അതിൽ ജീവനുള്ള ഒന്നുമില്ല. ഇവിടെയാണ് വാമൊഴി ചരിത്രം പ്രധാനമാകുന്നത്. പങ്കുവയ്‌ക്കപ്പെടുന്ന വാമൊഴികളിൽ വ്യക്തികൾ അവരുടെ ഓർമകളും അനുഭവങ്ങളും സൂക്ഷിച്ചുവയ്‌ക്കുന്നു. വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളെ സമന്വയിപ്പിക്കാനുള്ള കഴിവാണ് വാമൊഴി ചരിത്രസമീപനത്തിന്റെ മറ്റൊരു സാധ്യത. പരമ്പരാഗത ചരിത്ര രേഖകൾ കൂടുതലായി നിരൂപകരുടേയും ഔദ്യോഗിക രേഖകളുടേയും സമാഹാരമാണെങ്കിൽ വാമൊഴി ചരിത്രം നാടകകൃത്തുക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും പ്രേക്ഷകരുടെയും അനുഭവങ്ങൾ ചരിത്രരേഖകളായി കണ്ടെത്തുന്നു.
ഒരു ചരിത്ര മുഹൂർത്തത്തിന്റെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളിലേക്ക് വെളിച്ചം വീശാനും ചരിത്രത്തെ വിപ്ലവാത്മകമായി പുനർനിർമിക്കാനും ഇതിലൂടെ സാധ്യമാകുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജീവിതങ്ങളുടെ, അവരുടെ ശബ്ദങ്ങളുടെ വീണ്ടെടുക്കലാണ് ഈ അർഥത്തിൽ വാമൊഴി ചരിത്രം. ദളിതർ, സ്‌ത്രീകൾ, സാംസ്‌കാരികമായും ഭാഷാപരമായും പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങൾ എന്നിങ്ങനെ ഔദ്യോഗിക ചരിത്ര രേഖകളിൽ ഇടം നഷ്ടമായവരുടെ കഥകളാണ് വാമൊഴി ചരിത്രം. ചരിത്ര നിർമിതിയുടെ അടിയൊഴുക്കുകളിലേക്കു നീളുന്ന കണ്ണുകളാണ് വാമൊഴി ചരിത്രത്തിന്റെ മറ്റൊരു വശം. അദൃശ്യവും സങ്കീർണവുമായ ഒട്ടേറെ ജ്ഞാന/ അധികാര ബന്ധങ്ങളാണ് ചരിത്ര നിർമിതിയുടെ അന്തർധാരകളെന്ന ഫുക്കോയുടെ വാദത്തെ സാധൂകരിക്കുന്ന സമീപനമാണിത്. ഇങ്ങനെ സുലോചനയുടെ ജീവിത കഥ കെപിഎസിയുടെയും കേരളത്തിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കഥയായി മാറുന്നിടത്താണ് ബൈജു ചന്ദ്രനെന്ന നാടക ചരിത്രകാരന്റെ നിയോഗം സഫലമായി തീരുന്നത്.
സ്ത്രീയും കമ്യൂണിസവും
നാടകചരിത്രത്തിൽ
ഈ പുസ്‌തകത്തിൽ കെപിഎസി സുലോചനയുടെ വ്യക്തി ജീവിതവും അതിലെ നാടകീയത നിറഞ്ഞ സന്ദർഭങ്ങളും മാത്രം നോക്കുന്നവർ തെല്ലൊന്ന് അത്ഭുതപ്പെട്ടേക്കാം. എന്തെന്നാൽ വ്യക്തിയിൽനിന്നും സംഘടനയിലേക്കും അതിൽനിന്ന് രാഷ്‌ട്രീയത്തിലേക്കും അവിടെനിന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന ഉന്നതമായ ഒരാശയത്തിലേക്കും വളരുന്നതാണ് ഈ പുസ്‌തകത്തിന്റെ ആശയലോകം. സുലോചനയുടെ ജീവിതകഥ ഒരു കാലഘട്ടത്തിന്റെ രാഷ്‌ട്രീയ ചരിത്രമായി തീർന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ‘ജീവിത നാടകം’ എന്ന പുസ്‌തകത്തിൽ ബൈജു ചന്ദ്രൻ അടിസ്ഥാനപരമായും ചോദിക്കുന്നത്. അതിനുള്ള ഉത്തരം കണ്ടെത്തുവാനായി ഒട്ടേറെ ചരിത്രവഴികളിലൂടെ ബൈജു ചന്ദ്രൻ സഞ്ചരിക്കുന്നു. തൊള്ളായിരത്തി അൻപത്തിരണ്ടിൽ ജനാർദനക്കുറുപ്പും പുനലൂർ രാജഗോപാലൻ നായരും കെപിഎസിയുടെ രൂപീകരണത്തിനു വഴിയൊരുക്കുന്നതും, അൻപത്തിയേഴിൽ ഇ എം എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവൺമെന്റ് അധികാരത്തിൽ വരുന്നതും, വിമോചന സമരവും, വടക്കനച്ചന്റെ ക്രിസ്റ്റഫർ സേനയും, നിരണം ബേബിയുടെ കുറുവടിപ്പടയും, തൊള്ളായിരത്തി അറുപത്തിരണ്ടിലെ ചൈനീസ് ആക്രമണവും അതേത്തുടർന്നുണ്ടായ കമ്യൂണിസ്റ്റ് പ്രവർത്തകരുടെ അറസ്റ്റും, സുലോചനയുടെ വ്യക്തിജീവിതവും, നാടകവും അത്യന്തം മനോഹരമായും അതിലേറെ അർഥവത്തായും ഇടകലരുന്ന ശ്രദ്ധേയമായ ഒരു രചനയാണിത്. ഈ അർഥത്തിൽ, കെപിഎസി സുലോചനയുടെ കഥ തന്നെയാണ് ഈ പുസ്‌തകത്തിലുടനീളം നമ്മൾ വായിക്കുന്നത്. എന്നാൽ, ഇവിടെ വ്യക്തിയും കലയും കമ്യൂണിസവും ഇടകലർന്നു കിടക്കുന്ന ഒരു കാലഘട്ടത്തിന്റെ കൂടി കഥയായി മാറുകയാണ് ഈ പുസ്‌തകം. വ്യക്തികൾ, സംഭവങ്ങൾ, ഓർമക്കുറിപ്പുകൾ, ചരിത്രപുസ്‌തകങ്ങളിൽ കണ്ടെത്താനാവാത്ത വാമൊഴി ചരിത്രം എന്നിങ്ങനെ ഈ പുസ്‌തകത്തിന്റെ ഓരോ താളിലും കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സാംസ്‌കാരിക ചരിത്രം തുടിച്ചുനിൽക്കുന്നു.
‘പുതിയ ആകാശം പുതിയ ഭൂമി’ നാടകത്തിൽ സുലോചന,
കെ എസ് ജോർജ്, ഒ മാധവൻ തുടങ്ങിയവർ
മറ്റൊരർഥത്തിൽ, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര നിർമിതിയുടെ കേന്ദ്രസ്ഥാനത്തു സ്‌ത്രീയെ പ്രതിഷ്ഠിക്കുന്നുവെന്നതാണ് ഈ പുസ്‌തകത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു വസ്‌തുത. സുലോചനയെന്ന ഒരു സാധാരണ പെൺകുട്ടിയിൽ ആരംഭിച്ച് കെപിഎസിയുടെ പടികളിറങ്ങിപ്പോകുന്ന കേരളത്തിലെ ശ്രദ്ധേയയായ ഒരു ഗായികയിൽ അവസാനിക്കുന്ന ബൈജുവിന്റെ ചരിത്രാഖ്യാനം മലയാള നാടകത്തിന്റെയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രത്തെ പുതിയൊരു കാഴ്‌ചപ്പാടിൽ പുനർപാരായണം ചെയ്യുന്നു. വ്യക്തിസത്തയെ സമൂഹസത്തയായും തിരിച്ചും പരിവർത്തനം ചെയ്യുന്ന മൗലികമായ ഒരു ചരിത്ര സമീപനത്തിന്റെ സവിശേഷമായ ഒരു ഉദാഹരണമാണ് ഈ കൃതി. അതാകട്ടെ മലയാള സാഹിത്യത്തിൽ പൊതുവെയും നാടക ചരിത്ര രചനയിൽ വിശേഷിച്ചും പ്രാധാന്യമർഹിക്കുന്നു .








0 comments