വലിച്ചിഴച്ചു, ചവിട്ടിമെതിച്ചു; നാലുവയസ്സുള്ള നഴ്‌സറി വിദ്യാര്‍ഥിനിക്ക് ക്രൂരമര്‍ദനം; ജീവനക്കാരി അറസ്റ്റില്‍

ഹൈദരാബാദ്: നാലുവയസ്സുള്ള നഴ്‌സറി വിദ്യാര്‍ഥിനിയെ ക്രൂരമായി ഉപദ്രവിച്ച സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. ഹൈദരാബാദ് ഷാഹ്പുര്‍ നഗറിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായ ലക്ഷ്മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലുവയസ്സുകാരിയെ സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തുവെച്ച് ജീവനക്കാരി മര്‍ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്‌കൂള്‍ പ്രവര്‍ത്തനസമയത്തിന് ശേഷമാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അമ്മ സ്‌കൂളിലെ ബസ് ജീവനക്കാരിയാണ്. ഇവര്‍ സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുവിടാന്‍പോയ സമയത്താണ് മറ്റൊരു ജീവനക്കാരിയായ ലക്ഷ്മി കുട്ടിയെ മര്‍ദിച്ചത്.
സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി, കുട്ടിയുടെ തലയ്ക്കടിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതും നിലത്തിട്ട് കുട്ടിയെ ഉരുട്ടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സ്‌കൂളിന്റെ അയല്‍പ്പക്കത്ത് താമസിക്കുന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ പുറത്തുവന്നതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
കുട്ടിയുടെ അമ്മയോട് സഹപ്രവര്‍ത്തകയായ ലക്ഷ്മിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നതായും ഇതാണ് കുട്ടിയെ മര്‍ദിക്കാന്‍ കാരണമായതെന്നും പൊലീസ് പറഞ്ഞു. ചെറുപ്പക്കാരിയായ കുട്ടിയുടെ അമ്മ ജോലിക്ക് വന്നതോടെ തന്റെ ജോലി പോകുമെന്ന് ലക്ഷ്മി ഭയപ്പെട്ടിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.







0 comments