മുതിർന്ന സിപിഐ എം നേതാവ് ലഹാനു കോം അന്തരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ മുതിർന്ന സിപിഐ എം നേതാവും എംപിയും എംഎൽഎയുമായിരുന്ന ലഹാനു സിധ്‍വ കോം (86) അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.
മഹാരാഷ്ട്ര സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായിരുന്ന ലഹാനു കോം അഖില ഭാരതീയ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ചിരുന്ന ആദിവാസി പ്രഗതി മണ്ഡലിന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആദിവാസി പ്രഗതി മണ്ഡലിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വർഷങ്ങളോളം പ്രവർത്തിച്ച ലഹാനു കോം നിരവധി ആദിവാസികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
പാൽഘർ ജില്ലയിലെ തലസാരിയിലുള്ള സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ സഖാവ് ഗോദാവരി ഷംറാവു പരുലേക്കർ ഭവനിൽ നിന്ന് ലഹാനു കോമിന്റെ സംസ്കാരയാത്ര പുറപ്പെടും. സിപിഐ എം നേതാക്കളും പ്രവർത്തകരും മഹാ വികാസ് അഘാഡിയിലെ ഘടകകക്ഷികളുടെ നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.









0 comments