ഒരു വരി അനുശോചനം പോലുമില്ല; മരണത്തിലും സാക്കിയ ജാഫ്രിയെ അവഗണിച്ച് കോൺഗ്രസ്
തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യക്കെതിരെ ശബ്ദമുയർത്തിയ ധീരവനിത സാക്കിയ ജ്രാഫിയെ അനുസ്മരിക്കാൻ പോലും തയ്യാറാവാതെ കോൺഗ്രസ് നേതൃത്വം. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ സംഘപരിവാർ അക്രമികൾ ചുട്ടെരിച്ച മുൻ കോൺഗ്രസ് നേതാവ് അഹ്‌സൻ ജാഫ്രിയുടെ ഭാര്യയായ സാക്കിയ കലാപത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടത്തിയ രണ്ട് പതിറ്റാണ്ടു നീണ്ട നിയമപോരാട്ടം ഇന്ത്യൻ ചരിത്രത്തിലെ അത്യുജ്ജല ഏടാണ്. 2002 ഫെബ്രുവരി 27-ന് ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെ തുടർന്നുണ്ടായ ഗുൽബർഗ് കൂട്ടക്കൊലയെ അതിജീവിച്ച വ്യക്തികൂടിയാണ്.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾക്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ലീൻ ചിറ്റ് നൽകിയപ്പോൾ അതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചതും സാക്കിയ ജ്രാഫിയായിരുന്നു. എന്നാൽ സംഘപരിവാറിനെതിരെ രാഷ്ട്രീയ യുദ്ധം നയിച്ച സാക്കിയ ജ്രാഫിയുടെ മരണത്തിൽ അനുസ്മരണം നടത്താൻ പോലും കോൺഗ്രസ് നേതൃത്വം തയ്യറായില്ല.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രൊഫലുകളിൽ ആദരാഞ്ജലി കുറിപ്പുപോലും പങ്കുവെച്ചില്ല. ഗുജറാത്ത് കോൺഗ്രസിന്റെ ഔദ്യോഗിക പേജിലും അനുസ്മരണമില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അനുസമരിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കളും സാക്കിയ ജ്രാഫിയുടെ മരണമറിഞ്ഞില്ല. സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
'നേതാക്കളുടെ മരണശേഷം വിധവയ്ക്കും മക്കൾക്കുമൊക്കെ രാഷ്ടീയമായിത്തന്നെ വലിയ പ്രാധാന്യം കൽപ്പിച്ചു നൽകുന്ന പാർടിയാണ് കോൺഗ്രസ്. പ്രാദേശിക പ്രവർത്തകർ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടാൽ പോലും അവരുടെ കുടുംബാംഗങ്ങളുടെ കണ്ണുനീർ കോൺഗ്രസിൻ്റെ രാഷ്ട്രീയ പ്രചരണത്തിനുള്ള ഇന്ധനമാണ്. അവിടെയാണ് സാക്കിയ ജാഫ്രിയുടെ പോരാട്ടജീവിതത്തെ കോൺഗ്രസ് മനഃപൂർവം മറന്നുകളയുന്നത്'- തുടങ്ങി നിരവധിയായ വിമർശനങ്ങളാണ് ഉയർന്നത്.









0 comments