'ഷൂ എറിഞ്ഞ സംഭവം ഞെട്ടലുണ്ടാക്കി, അതൊരു അടഞ്ഞ അധ്യായം': മൗനം വെടിഞ്ഞ് ബി ആർ ഗവായ്

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഷോ എറിഞ്ഞ സംഭവത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. അന്നത്തെ സംഭവത്തിൽ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
തന്റെ സഹ ജഡ്ജിയായിരുന്ന കെ വിനോദ് ചന്ദ്രനും ഞെട്ടലുണ്ടായി. സംഭവം കോടതിക്ക് ഒരു അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ന് കോടതി നടപടികൾ നടക്കുന്നതിനിടയിലായിരുന്നു പ്രതികരണം.
സംഭവത്തിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. സംഭവസമയത്ത് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നടന്ന അക്രമം സഹിക്കാൻ കഴിയുന്നതല്ല.
അദ്ദേഹം ഇന്ത്യയിലെ പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റിസ് ആണ്. ഇത് തമാശയല്ല. ഷൂ എരിഞ്ഞശേഷം ക്ഷമ ചോദിച്ചിട്ട് കാര്യമില്ല. ഇത് പരമോന്നത നീതിപീഠത്തെ അപമാനിക്കലാണെന്നും ഉജ്ജ്വൽ ഭുയാൻ പറഞ്ഞു.
ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിനെ സുപ്രീം കോടതി ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി. താത്കാലിക അംഗത്വവും സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. അസോസിയേഷൻ ഐകണ്ഠേന രാകേഷിനെ പുറത്താക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
സംഭവത്തിൽ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു സിറ്റി വിധാൻ സൗധ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ജോലി നിർവഹിക്കാൻ തടസം വരുത്തി എന്നതാണ് കേസ്. ചീഫ് ജസ്റ്റിസിന് നേരെ സമൂഹമാധ്യമങ്ങളിൽ നടന്ന അധിക്ഷേപങ്ങൾക്കെതിരെ പഞ്ചാബ് പൊലീസും കേസ് എടുത്തിട്ടുണ്ട്.








0 comments