ആക്രമണങ്ങൾ ഒറ്റപ്പെട്ടതല്ല, രാജ്യത്ത് ക്രൈസ്തവ വേട്ട വർധിക്കുന്നു: സിബിസിഐ
ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരികയാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ഒഡീഷയിൽ രണ്ട് ക്രൈസ്തവ പുരോഹിതർക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണം ഒറ്റപ്പെട്ടതല്ല, അസഹിഷ്ണുത ഉയരുന്നതിന്റെ പ്രതിഫലനമാണെന്നും സിബിസിഐ പ്രസ്താവനയിൽ പറഞ്ഞു.
ന്യൂനപക്ഷവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെയും മനുഷ്യാന്തസ്സിന്റെയും നഗ്നമായ ലംഘനമാണ് ഇത്തരം പ്രവൃത്തികൾ. വർധിച്ചുവരുന്ന ആൾക്കൂട്ട അക്രമങ്ങൾ എല്ലാ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സമാധാനപരമായ സഹവർത്തിത്വത്തിനും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഒഡീഷ സർക്കാർ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാനും, ഓരോ പൗരനും പേടിയില്ലാതെ, അവരുടെ വിശ്വാസങ്ങൾ പിന്തുടർന്ന് ജീവിക്കാനും അധികാരികൾ നടപടി സ്വീകരിക്കണമെന്നും സിബിസിഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രിയാണ് ഒഡീഷയിലെ ജാലേശ്വറിൽ വെച്ച് മലയാളി വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ടത്. 70ഓളം വരുന്ന ബജ്‌റംഗ്‌ദൾ പ്രവർത്തകരാണ് മതപരിവർത്തനം ആരോപിച്ച് വൈദികരെയും കന്യാസ്‌ത്രീകളയും കയ്യേറ്റം ചെയ്തത്.









0 comments