'കാറില്ലാത്ത ചെറുക്കന്മാർക്ക് പെണ്ണ് കിട്ടില്ല'; തുരങ്കപാതയിൽ വിവാദപരാമർശവുമായി ഡി കെ ശിവകുമാർ

ബംഗളുരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി നിർദ്ദേശിച്ച തുരങ്കപാത പദ്ധതിയിൽ വിവാദപരാമർശവുമായി കർണാടകം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കാറില്ലാത്ത പയ്യന്മാരെ കല്യാണം കഴിക്കാൻ പോലും ആരും തയാറാകില്ലെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പരാമർശം.
സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കാൻ ഒരാളോട് നിങ്ങൾക്ക് ആവശ്യപ്പെടാനാകുമോ? അതൊരു സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രശ്നമാണ്. ഇന്ന്, സ്വന്തമായി കാറില്ലാത്ത ഒരു ചെറുക്കനെ വിവാഹം കഴിക്കാൻ പോലും ആളുകൾ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ വലിയ വിവാദങ്ങളാണ് കർണാടകയിലെ ബിജെപി സൃഷ്ടിച്ചിരിക്കുന്നത്. ശിവകുമാറിന്റെ പരാമർശത്തെ പരിഹസിച്ചുകൊണ്ട് ബിജെപി എംപി തേജസ്വി സൂര്യ ട്വീറ്റ് ചെയ്യുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഗതാഗതകുരുക്ക് നിയന്ത്രിക്കാനാണ് തുരങ്കപാതയെന്നാണ് താൻ കരുതിയതെന്നും എന്നാൽ അതൊരു വിവാഹം നടക്കാനുള്ള പദ്ധതിയാണെന്ന് ഇപ്പോഴാണ് മനസിലായതെന്നുമാണ് തേജസ്വി സൂര്യ പ്രതികരിച്ചത്.
45 ലക്ഷം പേർ ബിഎംടിസി ബസുകളിലും 10 ലക്ഷം പേർ മെട്രോയിലും യാത്ര ചെയ്യുന്നു. അവർക്കൊക്കെ വധുവിനെ കിട്ടുന്നില്ലേ? അവർ കുടുംബം തുടങ്ങുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇതിനോട് ഉപദേശം നൽകുന്നതിന് പകരം പ്രധാനമന്ത്രിയിൽ നിന്ന് ബംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ കേന്ദ്ര ഫണ്ട് കൊണ്ടുവരാൻ ശ്രമിക്കണമെന്നാണ് ഡി കെ ശിവകുമാർ പ്രതികരിച്ചത്.









0 comments