ad
Deshabhimani

വഴക്കിനിടെ 11 മാസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞുകൊന്നു; ദമ്പതികൾ അറസ്റ്റിൽ

Infant.jpg
വെബ് ഡെസ്ക്

Published on Jul 07, 2026, 07:26 AM | 1 min read

ബംഗളൂരു: ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനിടെ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ നിലത്തടിച്ചുകൊന്നു. തുടർന്ന് കുഞ്ഞ് കട്ടിലിൽ നിന്ന് വീണു മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച മാതാപിതാക്കളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കിറ്റഗന്നൂർ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്റെ അച്ഛൻ ശേഖപ്പ, അമ്മ വിജയലക്ഷ്മി എന്നിവരാണ് പിടിയിലായത്.


ജൂൺ 9-നാണ് സംഭവം നടന്നത്. വിജയലക്ഷ്മി മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഈ സമയം കുഞ്ഞ് കട്ടിലിൽ നിന്ന് താഴെ വീണ് മരിച്ചെന്നുമാണ് ശേഖപ്പ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. കുഞ്ഞിനെ ഉടൻ തന്നെ ഈസ്റ്റ് പോയിന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്.


എന്നാൽ ജൂൺ 22-ന് ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് മാതാപിതാക്കളുടെ കള്ളക്കഥ പൊളിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവും ഉണ്ടായതായും മുഖം, നെഞ്ച്, കാലുകൾ, രഹസ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ മാരകമായ പരിക്കേറ്റതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കൂടാതെ, വീട്ടിലെ കട്ടിലിന് രണ്ട് അടി മാത്രമാണ് ഉയരമെന്നും ഇത്രയും കുറഞ്ഞ ഉയരത്തിൽ നിന്ന് വീണാൽ ഇത്തരം പരിക്കുകൾ ഉണ്ടാകില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.


തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. സംഭവദിവസം ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ ശേഖപ്പയും ഭാര്യ വിജയലക്ഷ്മിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കുഞ്ഞ് കരഞ്ഞപ്പോൾ ദേഷ്യം വന്ന വിജയലക്ഷ്മി കുഞ്ഞിനെ ചവിട്ടുകയും, ഇതിൽ പ്രകോപിതനായ ശേഖപ്പ കുഞ്ഞിനെ എടുത്ത് നിലത്തേക്ക് ശക്തിയായി എറിയുകയുമായിരുന്നു. ഇതാണ് ആന്തരിക പരിക്കുകൾക്കും മരണത്തിനും കാരണമായത്.


ദമ്പതികൾ തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിജയലക്ഷ്മിക്ക് അയൽവാസിയുമായി ബന്ധമുണ്ടായിരുന്നെന്നും കുഞ്ഞിനോട് സ്നേഹമില്ലായിരുന്നെന്നും മൊഴികളിലുണ്ട്. മെഡിക്കൽ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകക്കുറ്റം ചുമത്തി അവലഹള്ളി പൊലീസ് ഇവർക്കെതിരെ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home