ചെനാബ് നദിയിലെ ബഗ്ലിഹർ അണക്കെട്ടിന്റെ ഷട്ടർ താഴ്‌ത്തി , ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടറും താഴ്‌ത്തും
പാകിസ്ഥാനിലേക്കുള്ള വെള്ളം തടഞ്ഞു ; അതിർത്തി സംഘർഷഭരിതം

ന്യൂഡൽഹി
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള നടപടികളുടെ ഭാഗമായി പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹർ അണക്കെട്ടിന്റെ ഷട്ടർ താഴ്‌ത്തിയാണ് പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് കുറച്ചത്. കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്‌ത്തി ഝലം നദിയിലെയും ഒഴുക്ക് നിയന്ത്രിക്കാന്‍ നീക്കമുണ്ട്. സിയാൽകോട്ടിന് സമീപം നദിയിൽ ജലനിരപ്പ് താഴ്‌ന്നതായും ഇന്ത്യ വെള്ളം പിടിച്ചുവയ്‌ക്കുന്നതായും പാകിസ്ഥാൻ ആരോപിച്ചു.
പാക് അധീന കശ്‌മീരിലെ കാർഷിക മേഖല പ്രധാനമായും ചെനാബ്, ഝലം നദികളിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഝലം നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത് പാകിസ്ഥാനിൽ നാശനഷ്‌ടങ്ങളുണ്ടാക്കി. യുദ്ധ ഘട്ടങ്ങളിൽപോലും റദ്ദാക്കാത്ത സിന്ധു നദീജല കരാർ മരവിപ്പിച്ചാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ,- പാകിസ്ഥാനെതിരായ നടപടി തുടങ്ങിയത്.
ഭീകരര്‍ രക്ഷപ്പെട്ടു?
പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരർ പാകിസ്ഥാനിലേക്ക് കടന്നതായി റിപ്പോർട്ട്. പാക് സ്വദേശികളായ രണ്ട് ഭീകരരും അവരെ സഹായിച്ച മറ്റ് മൂന്ന് ഭീകരരും പാക് അധീന കശ്‌മീരിൽ നീലം താഴ്‌വരയിലേക്ക് രക്ഷപെട്ടതായാണ് വിവരം. സുരക്ഷാസേന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടത്താനായി നുഴഞ്ഞുകയറിയ ഭീകരർ അതേമാർഗം മടങ്ങിയിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഭീകരർ ദക്ഷിണ കശ്‌മീരിൽ ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാസേന വ്യാപകമായ തെരച്ചിൽ തുടരുകയാണ്.
തിരക്കിട്ട നീക്കങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ പി സിങ് കൂടിക്കാഴ്‌ച നടത്തി. ശനിയാഴ്‌ച്ച നാവികസേന മേധാവി അഡ്‌മിറൽ ദിനേശ് കെ ത്രിപാഠിയും ഏപ്രിൽ 30ന് കരസേനാമേധാവി ജനറൽ ഉപേന്ദ്രത്രിവേദിയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് ഇന്ത്യൻ ജനത ആഗ്രഹിക്കുന്ന നിലയിലുള്ള തിരിച്ചടി നൽകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു. ഇന്ത്യയുടെ വ്യോമ,നാവിക സേനകൾ തുടർച്ചയായി പരീക്ഷണപറക്കലുകളും മിസൈൽ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. ഏത് നിമിഷവും എന്തിനും തയ്യാറാണെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം.
നിയന്ത്രണരേഖയിൽ തുടർച്ചയായ 10ാം ദിനവും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. റഷ്യയിൽ നിന്നും 260 കോടിയുടെ പ്രതിരോധ മിസൈലുകൾ ഇന്ത്യയിലെത്തി. താഴ്‌ന്ന റേഞ്ചിൽ പറക്കുന്ന ശത്രുവിമാനങ്ങളെയും ഹെലികോപ്‌റ്ററുകളെയും ഡ്രോണുകളെയും ലക്ഷ്യമിടുന്ന ഇഗ്ലാ എസ് എയർ ഡിഫെൻസ് മിസൈലുകളാണ് എത്തിയത്. ശത്രുതാവളങ്ങള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന സ്‌ട്രാറ്റോസ്‌ഫിയർ എയർഷിപ്പ് പ്ലാറ്റ്‌ഫോം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.









0 comments