print edition അസമിൽ ബിജെപിക്ക് വഴിവെട്ടി കോൺഗ്രസ്

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Apr 06, 2026, 12:00 AM | 1 min read
ന്യൂഡൽഹി : മുസ്ലിങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷം ആളിക്കത്തിച്ച് ബിജെപി അസമിൽ മൂന്നാം തവണയും അധികാരം പിടിക്കാൻ ശ്രമിക്കുമ്പോള്‍ പോരാടാൻപോലും തയ്യാറാകാതെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്‍നാഥ് സിങ്, യുപി മുഖ്യമന്ത്രി ആദിത്യനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബിജെപി വൻതോതിൽ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ കേരളത്തിൽ മാത്രമാണ് കോൺഗ്രസിന്റെ ശ്രദ്ധ.
രാഹുലും പ്രിയങ്കയും ഖാർഗെയും സച്ചിൻ പൈലറ്റും കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കേരളത്തിലെത്തി വന്പൻ പ്രചാരണകോലാഹലങ്ങൾ നടത്തിയപ്പോൾ അസമിൽ കാര്യമായൊന്നും അരങ്ങേറിയില്ല. രാഹുലും പ്രിയങ്കയും ചില യോഗങ്ങളിൽ പ്രസംഗിച്ചത് ഒഴിച്ചാൽ പ്രചാരണ ചുമതല മുഴുവൻ ഗൗരവ് ഗൊഗോയ്‌യുടെ ചുമലിലായിരുന്നു.
ബിജെപിയെ പ്രതിരോധിക്കുകയാണ് മുഖ്യലക്ഷ്യമെങ്കിൽ സംഘപരിവാർ ആശയങ്ങൾ തീവ്രമായി അസമിൽ നടപ്പാക്കുന്ന ഹിമന്ത ബിസ്വ സർമയെ പരാജയപ്പെടുത്താനായിരുന്നു കോൺഗ്രസ് പ്രഥമപരിഗണന നൽകേണ്ടത്. ഇതിന് മെനക്കെടാതെ കേരളത്തിലെത്തി ഇടതുപക്ഷത്തെ ലക്ഷ്യമിട്ട് പുകമറ സൃഷ്ടിക്കാനാണ് കോൺഗ്രസ് നേതൃത്വം കഠിനാദ്ധ്വാനം ചെയ്‌തത്. അസമിൽ ബിജെപി സ്ഥാനാർഥികളിൽ പലരും കോൺഗ്രസ് വിട്ടെത്തിയവരാണ്. സംഘടനാ ജനറൽസെക്രട്ടറി കെ സി വേണുഗോപാലിനെ രൂക്ഷമായി ശകാരിച്ചാണ് സിറ്റിങ് എംപി കൂടിയായ പ്രദ്യുത് ബൊർദലോയ് അടക്കം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.
അസമിൽ ബിജെപി 87 മുതൽ 97സീറ്റ് വരെ നേടി അധികാരത്തിൽ തുടരുമെന്നാണ് പ്രീപോള്‍ സർവേ പ്രവചനം. കോൺഗ്രസിന് 26 മുതൽ 36 സീറ്റുമാത്രം. കേരളത്തോടൊപ്പം വ്യാഴാഴ്‌ചയാണ് അസമിലും വോട്ടെടുപ്പ്.










0 comments