രണ്ടു ദിവസത്തെ എഐസിസി യോഗം നേതാക്കളുടെ പ്രസംഗത്തിൽ 
അവസാനിച്ചു

ഗുജറാത്തിൽ ദൗർബല്യം മറികടക്കാൻ പദ്ധതിയില്ലാതെ കോൺഗ്രസ്‌

aicc meeting gujarath
avatar
റിതിൻ പൗലോസ്‌

Published on Apr 11, 2025, 12:22 AM | 1 min read


ന്യൂഡൽഹി : രണ്ടുനാൾ നീണ്ടുനിന്ന എഐസിസി സമ്മേളനത്തിന്‌ ഗുജറാത്ത്‌ വേദിയായെങ്കിലും സംസ്ഥാനത്തെ സംഘടന ദൗർബല്യം മറികടക്കാൻ കോൺഗ്രസിന്‌ പദ്ധതിയില്ല. പതിറ്റാണ്ടുകളായി ബിജെപിയോട്‌ നിരന്തരം തോൽക്കുകയാണ്‌ കോൺഗ്രസ്‌.


ബിജെപിക്കുവേണ്ടി കോൺഗ്രസുകാർ സ്വയം തോൽക്കുന്ന സംസ്ഥാനമെന്ന കുപ്രസിദ്ധിയുള്ള ഗുജറാത്തിൽ ഒറ്റുകാരെ കണ്ടെത്താനോ ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനോ ശ്രമമില്ല. ഫെബ്രുവരിയിൽ ഗുജറാത്തിലെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസിൽ ഒറ്റുകാരുണ്ടെന്ന്‌ പരസ്യമായി സമ്മതിച്ചിരുന്നു. ബിജെപിയുമായി ഒത്തുകളിക്കുന്നവരെ പുറത്താക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി. ഇക്കാര്യങ്ങളിലൊന്നും തുടർനീക്കവും ഉണ്ടായില്ല.


ബിജെപിയുടെ ഹിന്ദുത്വയ്‌ക്കെതിരെ മൃദുഹിന്ദുത്വമെന്ന മറുതന്ത്രം പ്രയോഗിച്ച കോൺഗ്രസിന്‌ വേരറ്റു. അതികായനായിരുന്ന സർദാർ വല്ലഭായി പട്ടേലെന്ന ബിംബത്തെ ബിജെപി കാവിയണിയിക്കാൻ ശ്രമിച്ചപ്പോഴും പ്രതിരോധിക്കാനായില്ല. ഗുജറാത്ത്‌ വംശഹത്യയോടെ വർഗീയ ധ്രുവീകരണം രൂക്ഷമായതും നഗരമേഖലയിൽ ബിജെപി അതിവേഗം കടന്നുകയറിയതും പ്രതിരോധിക്കാനായില്ല. എഐസിസി സമ്മേളനങ്ങളിൽ നേതാക്കന്മാർ ഊഴംവെച്ച്‌ പ്രസംഗിച്ചതല്ലാതെ പ്രവർത്തകരുടെ ഇത്തരം വികാരം പ്രതിഫലിപ്പിച്ചില്ല.


2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ 77 സീറ്റുനേടി മികച്ച പ്രകടനം കാഴ്‌ചവച്ചു. ഭരണവിരുദ്ധ വികാരവും പട്ടേൽ പ്രക്ഷോഭവും അടക്കമുള്ള പ്രാദേശിക വിഷയങ്ങളിലൂന്നിയ കോൺഗ്രസിനെ സൗരാഷ്‌ട്രയും കിഴക്കൻ ഗുജറാത്തും അടക്കം പിന്തുണച്ചു. എന്നാൽ, പട്ടേൽ പ്രക്ഷോഭ നായകൻ ഹർദിക്‌ പട്ടേലടക്കം പിന്നീട്‌ ബിജെപിയിലെത്തി. 2022ൽ ഏറ്റവും മോശം പ്രകടനമാണ്‌ പുറത്തെടുത്തത്‌. 162ൽ ജയിച്ചത്‌ 17 സീറ്റിൽമാത്രം. ഇതിൽ അഞ്ചുപേർ മറുകണ്ടം ചാടി. ബിൽക്കിസ്‌ ബാനുകേസിലെ പ്രതികളെ മോചിപ്പിച്ചതും ഭരണവിരുദ്ധ വികാരവും കർഷക പ്രശ്‌നങ്ങളുമടക്കം ഉയർത്താൻ അനവധി കാരണങ്ങളുണ്ടായിരുന്നിട്ടും സംഘടനദൗർബല്യവും ഒറ്റുകാരും വീണ്ടും തോൽപ്പിച്ചു. 26 ലോക്‌സഭാ സീറ്റിൽ ബനസ്‌കന്ത മണ്ഡലത്തിൽ മാത്രമാണ്‌ കോൺഗ്രസ്‌ ജയിച്ചത്‌. ഇത്തരം ദൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കുമെന്നതിനുള്ള പദ്ധതി എഐസിസി സമ്മേളനം മുന്നോട്ടുവെച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home