ഫീസ് അടയ്ക്കാൻ വൈകി; ദളിത് വിദ്യാര്‍ഥി മാനസിക പീഡനത്തെതുടർന്ന് ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ് > ഹരിയാനയിൽ ഫീസ് അടക്കാൻ വൈകിയതിനെതുടർന്നുള്ള സമ്മർദത്തിൽ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഡിസംബർ 24 നാണ് സംഭവം. ഭിവാനി ജില്ലയിലെ സിംഘാനി ഗ്രാമത്തിലെ ശാരദ കോളേജിലെ വിദ്യാർഥിയാണ് ആത്‌മഹത്യ ചെയ്‌തത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കേസെടുക്കാൻ പോലീസ് ആദ്യം വിമുഖത കാട്ടിയെന്ന് കുടുംബം ആരോപിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, 2024-25 അധ്യയന വർഷത്തേക്കുള്ള 35,000 രൂപ ഫീസ് കൃത്യസമയത്ത് അടയ്ക്കാത്തതുകൊണ്ട് അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽ നിന്ന് അധികൃതർ കോളേജ് വിദ്യാർഥിയെ അനുവദിക്കാതിരിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ഫീസ് അടയ്ക്കാൻ വൈകിയതിന് മകള്‍ പ്രിൻസിപ്പിൽ അടക്കമുള്ളവരിൽ നിന്ന് മാനസിക പീഡനവും അവഹേളനവും നേരിട്ടതായി അച്ഛൻ ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു. കോളേജ് അഡ്‌മിനിസ്‌ട്രേറ്ററായ ഹനുമാൻ സിങിന്റെ മകൻ വിദ്യാർഥിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ജഗദീഷ് പറഞ്ഞു. സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. കുടുംബത്തിന് നീതിയുറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടു.









0 comments