print edition പശ്ചിമഘട്ട സംരക്ഷണം; പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം പിൻവലിക്കണം


സ്വന്തം ലേഖകൻ
Published on Sep 19, 2026, 01:00 AM | 1 min read
ആലപ്പുഴ : തികച്ചും അശാസ്‍ത്രീയവും ജനവിരുദ്ധവുമായ പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിൻവലിക്കണമെന്ന് കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം. കേന്ദ്രസർക്കാർ ജൂലൈ 27ന് പുറപ്പെടുവിച്ച വിജ്ഞാപനം കേരളത്തിന്റെ മലയോര മേഖലയിൽ കടുത്ത ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.
എൽഡിഎഫ് സർക്കാർ വിദഗ്ധരുടെ സഹായത്തോടെ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശദപഠനവും പരിശോധനയും നടത്തി റിപ്പോർട്ട് തയ്യാറാക്കി 2024 നവംബർ രണ്ടിന് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. ഇതനുസരിച്ച്, സംസ്ഥാനത്തെ 98 വില്ലേജിലായി 8590.69 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രമായി പരിസ്ഥിതിലോല മേഖല പരിമിതപ്പെടുത്തണമെന്ന് എൽഡിഎഫ് സര്‍ക്കാര്‍ ശുപാർശ ചെയ്‍തിരുന്നത്. ഇത് പരിഗണിക്കാതെയാണ് പുതിയ വിജ്ഞാപനം. 131 വില്ലേജിലെ 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഉള്‍പ്പെടുത്തിയത്. ഇതിൽ 9107 ചതുരശ്രകിലോമീറ്റര്‍ വനമേഖലയും 886.7 ചതുരശ്രകിലോമീറ്റര്‍ വനേതര മേഖലയുമാണ്. പല പ്രദേശങ്ങളും കൃഷിഭൂമിയും ജനവാസമുള്ളതുമാണ്. സര്‍വേ നമ്പറുകളോ അതിരുകളോ കാണിക്കാതെ അവ്യക്തമായ നിലയിലാണ് വിജ്ഞാപനം. ഇത് നടപ്പാക്കിയാൽ മലയോര മേഖലയിലെ ജനജീവിതം താറുമാറാകും.
കാര്‍ഷിക രംഗത്ത് കടുത്ത നിയന്ത്രണങ്ങളുമുണ്ടാകും. വീട് നിര്‍മാണത്തിന് നിയന്ത്രണമുണ്ടാകും. ഭൂമി വിൽപ്പനയെ ബാധിക്കും. ലക്ഷക്കണക്കിന് മലയോര കര്‍ഷകരുള്‍പ്പെടെ ജനങ്ങളുടെ ജീവിതം വഴിമുട്ടും. റബര്‍, തേയില, കാപ്പി, കുരുമുളക്, ഏലം, കശുവണ്ടി ഉൽപ്പാദനം കുത്തനെ കുറയും. ഇവിടങ്ങളിലുള്ളവർ ഭൂമി ഉപേക്ഷിച്ച് നാട് വിടേണ്ടിവരും. പുതിയ വിജ്ഞാപനം പിൻവലിച്ച് വനപ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണം.
കേരളസര്‍ക്കാര്‍ 2024ല്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പരിഗണിച്ച് മലയോരമേഖലയിലെ ജനങ്ങളുടെ ജീവിതത്തിനും കൃഷിക്കും തടസംവരാത്ത രീതിയിൽ പരിസ്ഥിതിലോല മേഖല സംരക്ഷണം നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.









0 comments