പൊലീസ് ചോദ്യം ചെയ്‌ത ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിൽ പരിക്കുകൾ

സുധീഷ്
സ്വന്തം ലേഖകൻ
Published on Aug 17, 2026, 06:32 AM | 1 min read
ബത്തേരി: ആദിവാസിവയോധികയുടെ തിരോധാനത്തിൽ പൊലീസിന്റെ ചോദ്യംചെയ്യലിന് വിധേയനായ മകളുടെ മകനെ വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നൂൽപ്പുഴ വടക്കനാട് പള്ളിവയൽ വെള്ളക്കെട്ട് പണിയ ഉന്നതിയിലെ സുധീഷ് (മുരളി– 28)ആണ് മരിച്ചത്. ഞായർ രാവിലെ പത്തിനാണ് മൃതദേഹം ഉന്നതിയിൽനിന്ന് 500 മീറ്റർ അകലെ വനത്തിൽ തൂങ്ങിയനിലയിൽ കണ്ടത്. മൃതദേഹത്തിൽ പരിക്കുകളുണ്ടായിരുന്നു. വെള്ളി വൈകിട്ട് ആറോടെ സുധീഷിനെ കാണാതായതാണ്. ഇതിന് മൂന്ന് മണിക്കൂർ മുന്പുവരെ പൊലീസിന്റെ ചോദ്യംചെയ്യലിന് വിധേയനായിരുന്നു.
സുധീഷിന്റെ മുത്തശ്ശി തങ്കി (80)യെ കഴിഞ്ഞ 30മുതൽ കാണാതായിരുന്നു. കണ്ടെത്തുന്നതിന് പൊലീസും വനംവകുപ്പും നാട്ടുകാരും കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദിവസങ്ങളായി ബത്തേരി പൊലീസ് ഉന്നതി നിവാസികളിൽനിന്ന് മൊഴിയെടുക്കുന്നുണ്ട്. സുധീഷിനെ വെള്ളി പകൽ 12ന് കാർഷികജോലികൾ ചെയ്യുന്ന അയൽവീട്ടിൽനിന്ന് വിളിച്ചുവരുത്തി മൂന്ന് മണിക്കൂർ ചോദ്യംചെയ്തു. തൂന്പകൊണ്ട് ഉന്നതിയുടെ പരിസരത്ത് പലയിടങ്ങളിലായി മണ്ണ് കിളപ്പിച്ചു. പിറ്റേദിവസം രാവിലെ 10ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞാണ് പൊലീസ് മടങ്ങിയത്. ഇതിന് പിന്നാലെയാണ് സുധീഷിനെ കാണാതായത്.
അച്ഛൻ രാജനൊപ്പം സമീപത്തെ മറ്റൊരു ഉന്നതിയിൽ കഴിയുന്ന സുധീഷ് പലപ്പോഴും അമ്മൂമ്മയായ തങ്കിയുടെ വീട്ടിൽ കഴിയാറുണ്ട്. മൃതദേഹം വൈകിട്ട് അഞ്ചരയോടെ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം തിങ്കൾ രാവിലെ ഒന്പതിന് നടത്തും. അമ്മ: പരേതയായ ശാന്ത. സഹോദരങ്ങൾ: രതീഷ്, രമേശ്, സന്ധ്യ.









0 comments