ഉദ്‌ഘാടകൻ മുഖ്യമന്ത്രി
വിഴിഞ്ഞം രണ്ടാംഘട്ടം മേയിൽ തുടങ്ങും

സുനീഷ് ജോ
Published on Apr 28, 2025, 02:32 AM | 1 min read
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണം മേയിൽ തുടങ്ങും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ടുമുതൽ നാലുഘട്ടംവരെ ഒറ്റത്തവണയായാണ് നിർമാണം. ഒന്നാംഘട്ടം മെയ് രണ്ടിന് പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമർപ്പിക്കും. അതേ ആഴ്‌ചയോ തൊട്ടടുത്ത ആഴ്‌ചയോ രണ്ടാംഘട്ടനിർമാണം തുടങ്ങും.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇതിനുള്ള 9560 കോടി മുടക്കും. മൂന്ന് വർഷത്തിനകം നിർമാണം പൂർത്തിയാക്കും. ഈ ഘട്ടത്തിൽ 1200 മീറ്റർ ബെർത്ത്, 920 മീറ്റർ പുലിമുട്ട് എന്നിവ നിർമിക്കും. കണ്ടെയ്‌നർ സൂക്ഷിക്കാനുള്ള യാർഡുകളും നിർമിക്കും.
പുതിയ ബർത്തിന്റെ ഓരോ 100 മീറ്ററും ഷിപ് ടു ഷോർ ക്രെയിൻ സ്ഥാപിക്കും.1200 മീറ്ററിൽ 12 ഷിപ് ടു ഷോർ ക്രെയിനുകളുണ്ടാകും. കണ്ടെയ്‌നർ നീക്കത്തിന് 36 യാർഡ് ക്രെയിൻ സ്ഥാപിക്കും. ഒന്നാംഘട്ടം 24 യാർഡ് ക്രെയിനും എട്ട് ഷിപ് ടു ഷോർ ക്രെയിനുമാണ് ഉള്ളത്. രണ്ടാംഘട്ടം ബർത്തിന്റെ മൊത്തം നീളം 2000 മീറ്ററും പുലിമുട്ടിന്റെ നീളം 3880 മീറ്ററുമാകും. കണ്ടെയ്‌നർ കൈകാര്യശേഷി വർഷം 45 ലക്ഷമാകും.
1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ (പുലിമുട്ടിനോടനുബന്ധിച്ച്), ലിക്വിഡ് കാർഗോ സംഭരണ സൗകര്യ വികസനം എന്നിവ രണ്ടാംഘട്ടത്തിൽ.
യാർഡ് നിർമാണത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി കടൽ നികത്തി 77.17 ഹെക്ടർ ഭൂമിയുണ്ടാക്കും. സ്വകാര്യഭൂമി ഏറ്റെടുക്കില്ല. 2045ൽ പൂർത്തിയാകേണ്ട പ്രവൃത്തിയാണ് 17 വർഷംമുമ്പ് പൂർത്തിയാക്കുക.








0 comments