വല്ലാര്‍പാടം കണ്ടെയ്‌നർ ടെര്‍മിനലിന് റെക്കോഡ് നേട്ടം

കൊച്ചി
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ (ഐസിടിടി) ജൂണിൽ കണ്ടെയ്നർനീക്കത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചു. 81,000 ടിഇയുയാണ് ഈ കാലയളവിൽ കൈകാര്യം ചെയ്തത്. മുൻ മാസത്തേക്കാൾ 35 ശതമാനമാണ് വർധന. ജൂണിൽ വിവിധ മദർഷിപ്പുകൾ ഉൾപ്പെടെ 54 കപ്പലുകൾ ടെർമിനലിലെത്തി.
നിശ്ചിത സമയത്തിനുള്ളിൽ മെച്ചപ്പെട്ട ട്രാൻസ്ഷിപ്‌മെന്റ് നടത്തുന്നതിൽ ടെർമിനലിനുള്ള ശേഷിയും പ്രകടനത്തിലെ സുസ്ഥിരമായ കാര്യക്ഷമതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് ഡിപി വേൾഡ് കൊച്ചി പോർട്ട്‌സ് ആൻഡ് ടെർമിനൽസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദിപിൻ കയ്യത്ത് പറഞ്ഞു.
ഏറ്റവും ഉയർന്ന ആവശ്യകതയുള്ള സമയത്തുപോലും തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന് ടെർമിനലിന്റെ വൈദ്യുതിശേഷി മൂന്ന് എംവിഎയിൽനിന്ന് അഞ്ച് എംവിഎയായി ഉയർത്തിയെന്ന് കമ്പനി അറിയിച്ചു. കാർഗോ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കാർബൺ ബഹിർഗമനം യാർഡ് ഉപകരണങ്ങളുടെ പൂർണമായ വൈദ്യുതീകരണത്തിലൂടെ ഗണ്യമായി കുറയ്‌ക്കാനുമായി.








0 comments