Deshabhimani

print edition തട്ടിപ്പിൽ നേതാവ്‌ അറസ്‌റ്റിൽ; പ്രതിക്കൂട്ടിൽ യുഡിഎഫ്

BJP-UDF

കേന്ദ്ര സഹമന്ത്രി പ്രതാപ് റാവു ജാവദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം കെ മുനീര്‍, വി ഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർക്കൊപ്പം രാജേന്ദ്രന്‍ വെള്ളപ്പാലത്തും കേരള പ്രവാസി അസോസിയേഷൻ ദേശീയ പ്രസിഡന്റ് അശ്വനി നമ്പാരത്തും

വെബ് ഡെസ്ക്

Published on Nov 13, 2026, 01:30 AM | 3 min read

കോഴിക്കോട്‌ : ഘടകകക്ഷി നേതാവ്‌ തട്ടിപ്പ്‌ കേസിൽ അറസ്‌റ്റിലായതിന്റെ ‘ ഖ്യാതി’ യുഡിഎഫിന്‌ സ്വന്തം. മുഖ്യമന്ത്രി വി ഡി സതീശന്റെയും യുഡിഎഫ്‌ നേതാക്കളുടെയും വിശ്വസ്‌തനായ രാജേന്ദ്രൻ ഭരണത്തിന്റെ തണലിലാണ്‌ തട്ടിപ്പ്‌ വ്യാപിപ്പിച്ചത്‌. ഇഡിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ ഭരണമുന്നണിയിലെ പല നേതാക്കളുടെയും സഹായമുണ്ടെന്നാണ്‌ രാജേന്ദ്രന്റെ അടുപ്പക്കാർ പറയുന്നത്‌. കേസും അന്വേഷണവും നേരായവഴിക്ക്‌ നീങ്ങിയാൽ യുഡിഎഫിലെ പല പ്രമുഖരും അകത്താകുമെന്നാണ്‌ വിവരം.


കേരള പ്രവാസി അസോസിയേഷനെ യുഡിഎഫ്‌ ഘടകകക്ഷിയാക്കുന്പോൾ ഇങ്ങനെയൊരു സംഘടനയെക്കുറിച്ച്‌ പല നേതാക്കൾക്കും അറിവില്ലായിരുന്നു. വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയുമായിരുന്നു രാജേന്ദ്രന്റെ സ്‌പോൺസർമാർ. നിയമസഭാ തെരഞ്ഞെടുപ്പിലും ഇവർക്ക്‌ വൻതുക രാജേന്ദ്രൻ ഫണ്ട്‌ നൽകി. മാവൂർ കണ്ണിപ്പറന്പ്‌ സ്വദേശിയായ രാജേന്ദ്രന്‌ വിദേശത്ത്‌ ഹോട്ടൽ ശൃംഖലയുണ്ട്‌.


ഇന്ത്യ ഫസ്‌റ്റ്‌ എന്ന ഒടിടി ചാനലും സ്ഥാപിച്ചിട്ടുണ്ട്‌. കേരള പ്രവാസി അസോസിയേഷൻ രൂപീകരിച്ച്‌ യുഡിഎഫ്‌ ഉന്നതരെ വലയിലാക്കിയാണ്‌ രാഷ്‌ട്രീയമോഹം സാധ്യമാക്കിയത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നമംഗലം സീറ്റ്‌ അവസാന നിമിഷമാണ്‌ നഷ്‌ടമായത്‌. യുഡിഎഫ്‌ ഭരണമേറിയശേഷം നോർക്ക, പ്രവാസി ക്ഷേമബോർഡ്‌ എന്നിവയുടെ ഭാരവാഹിസ്ഥാനം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്നതിനിടയിലാണ്‌ കേസിൽ അകത്തായത്‌.


കോൺഗ്രസ്‌–ബിജെപി നേതാക്കളുമായി ബന്ധം


ഇഡിയുടെ പേരിൽ വ്യാജരേഖചമച്ച് പണംതട്ടാൻ ശ്രമിച്ച രാജേന്ദ്രൻ വെള്ളപ്പാലത്തിന് സംസ്ഥാനത്തും ദേശീയതലത്തിലുമുള്ള കോൺഗ്രസ്–ബിജെപി നേതാക്കളുമായി അടുത്തബന്ധം. പ്രവാസലോകത്ത് വ്യവസായിയായും ഇടനിലക്കാരനായും തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ട് ജയിൽവാസംവരെ അനുഭവിച്ച്‌ കുപ്രസിദ്ധിയാർജിച്ച ഇയാളെ തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് സതീശനും കുഞ്ഞാലിക്കുട്ടിയുംചേർന്ന്‌ 2024ൽ യുഡിഎഫിലേക്ക്‌ എത്തിച്ചതെന്നാണ് സൂചന.


യുഡിഎഫ് കേരളത്തിലൊഴുക്കിയ തെരഞ്ഞെടുപ്പ് ഫണ്ടിനു പിന്നിലും രാജേന്ദ്രന്റെ കൈകളുണ്ടെന്നാണ് സൂചന. എം എം ഹസനാണ് കേരള പ്രവാസി അസോസിയേഷനെ യു‍ഡിഎഫ്‌ ഘടകകക്ഷിയായി പ്രഖ്യാപിച്ചത്. ഇ‍ൗ സമയംതന്നെ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ്‌ രാജേന്ദ്രൻ ബിജെപി നേതാക്കളെ പലതവണ കണ്ടു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി, എൻഡിഎ നേതാവും കേന്ദ്രമന്ത്രിയുമായ പ്രതാപ് റാവു ജാവദ്, അംബാനി കുടുംബത്തിലെ ജ്യോതിഷിയായ ചന്ദ്രശേഖർ പണ്ഡിറ്റ് ശർമ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നു.


സതീശന്റെ അടുപ്പക്കാരൻ


​മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്തബന്ധം പുലർത്തുന്നയാളാണ് രാജേന്ദ്രൻ. 2021 മുതൽ കെപിഎ സംഘടിപ്പിച്ച നിരവധി പരിപാടികളിൽ സതീശൻ പങ്കെടുത്തു. ഇ‍ൗ അടുപ്പം യുഡിഎഫിലേക്കും വഴിതുറന്നു. രാജേന്ദ്രനും കെപിഎ സ്ഥാപകയും ദേശീയ പ്രസിഡന്റുമായ അശ്വനി നമ്പാരത്തും 2020 മുതൽ കോൺഗ്രസ് നേതാക്കളുമായി നിരന്തരം സഹകരിച്ചിട്ടുണ്ട്‌.


ഇതിന്റെ ചിത്രങ്ങൾ ഇരുവരുടെയും വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലുമുണ്ട്‌. മുൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ, ശശി തരൂർ എംപി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം കെ മുനീർ, എം എം ഹസൻ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നു.


അതിവേഗം ബഹുദൂരം; രാജേന്ദ്രന്റെ വളർച്ച അതിശയിപ്പിക്കുന്നത്‌


തട്ടിപ്പ്‌കേസിൽ അറസ്റ്റിലായ യുഡിഎഫ്‌ നേതാവ്‌ മാവൂർ കണ്ണിപറമ്പ് രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ സാമ്പത്തിക സ്രോതസും രാഷ്‌ട്രീയ വളർച്ചയും അതിശയിപ്പിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി നേതാവ് കെ സുരേന്ദ്രൻ തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ളയാളാണ്‌.


ഗൾഫിൽ വിവിധ ബിസിനസുകൾ നടത്തിയ ഇയാളുടെ സാമ്പത്തിക വളർച്ച അമ്പരപ്പിക്കുന്നതാണ്‌. സാമ്പത്തിക തട്ടിപ്പിൽ മുന്പ്‌ ഗൾഫിൽ ജയിൽവാസം അനുഭവിച്ചിരുന്നു. മാവൂർ കണ്ണിപറമ്പിൽ ആഢംബര വീട്‌ നിർമിക്കുന്നത്‌ ഇപ്പോൾ നിലച്ച മട്ടാണ്. ബൈജൂസ് ആപ്പുമായുള്ള ബന്ധവും വിവാദമായിരുന്നു. ഗൾഫിൽ ഹോട്ടൽ, ഐടി കമ്പനി, എയർവേയ്‌സ് സിഇഒ മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട്.


മുൻ കേന്ദ്രമന്ത്രിയുടെ പങ്കാളിത്തത്തിലായിരുന്നു ബിസിനസെന്നാണ്‌ നാട്ടുകാർ പറയുന്നത്‌. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒടിടി ചാനലിന്റെ പന്തീരാങ്കാവിലുള്ള കെട്ടിട നിർമാണ പ്രവൃത്തികളും നിലച്ചിരിക്കയാണ്. പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടിൽ ആയിരം ഭവനപദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ആർക്കും വീടുകൾ ലഭിച്ചിട്ടില്ല. മാവൂർ മണന്തലക്കടവ് റോഡിൽ പ്രവർത്തിച്ചിരുന്ന ഓഫീസും പൂട്ടിയ നിലയിലാണ്‌.


കേസൊതുക്കാൻ ആവശ്യപ്പെട്ടത് 50 കോടി


ഇഡിയുടെ വ്യാജരേഖചമച്ച് തട്ടിപ്പിന് ശ്രമിച്ച യുഡിഎഫ് നേതാവ് രാജേന്ദ്രൻ വെള്ളപ്പാലത്ത് ആവശ്യപ്പെട്ടത് 50 കോടി രൂപയെന്ന് പൊലീസിന്‌ പരാതി നൽകിയ ഇന്ത്യൻ കോ–ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മീനു ജോൺ. ഇഡിയുടെ മുദ്രയുള്ള കത്ത് വ്യാജമായി ഉണ്ടാക്കിയാണ് സൊസൈറ്റിയുടെ തൃശൂർ വിലാസത്തിൽ കത്തയച്ചത്. ഒക്ടോബർ 13നാണ് സ്പീഡ് പോസ്റ്റായി ഇഡിയുടെ പേരിൽ നോട്ടീസ് കിട്ടിയത്.


ഡൽഹിയിൽ ഇഡി ഓഫീസിലെ അന്വേഷണത്തിനുശേഷമാണ്‌ അങ്കമാലി പൊലീസിൽ പരാതി നൽകിയത്‌. കേസ്‌ എസ്‌പിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം നടക്കുന്നതിനിടെ രാജേന്ദ്രൻ നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽവച്ച് സൊസൈറ്റി ചെയർമാൻ സോജൻ പി അവറാച്ചനെ കണ്ട്‌ അറസ്റ്റ് വാറന്റ്‌ ഒഴിവാക്കാൻ ഇടപെടാമെന്ന്‌ വാഗ്ദാനം നൽകി.


50 കോടി രൂപ ഇഡി ഉദ്യോഗസ്ഥർക്ക്‌ നൽകുന്നതിനായി രാജേന്ദ്രന്റെ രണ്ട് കമ്പനികളിലേക്ക് നൽകാൻ നിർദേശിച്ചെന്ന്‌ മീനു ജോൺ പറഞ്ഞു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിൽജിത്‌ എന്നയാളാണ് വ്യാജരേഖ തയ്യാറാക്കാൻ രാജേന്ദ്രനെ സഹായിച്ചതെന്നാണ് സൂചനയെന്ന് സൊസൈറ്റി അധികൃതർ പറയുന്നു. രാജേന്ദ്രന്റെ ലാപ്ടോപ്പും ഫോണും കസ്‌റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഇയാൾക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home