ആശങ്കയുയർത്തി തിരുവനന്തപുരം വിമാനത്താവളത്തിലെ പക്ഷിയിടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ തുടർച്ചയായുണ്ടാകുന്ന പക്ഷിയിടി ആശങ്ക വര്‍ധിപ്പിക്കുന്നു. വിമാനത്താവള അധികൃതരും കോർപറേഷനും കിണഞ്ഞുശ്രമിച്ചിട്ടും പക്ഷിശല്യം പൂർണമായും ഒഴിവാക്കാനായില്ല. അധികൃതരെ കണ്ണുവെട്ടിച്ച് വിമാനത്താവള പരിസരത്ത് ഇറച്ചിമാലിന്യങ്ങൾ നിക്ഷേപിക്കുന്നതാണ് പക്ഷിശല്യം വർധിക്കാൻ പ്രധാന കാരണം.
കോർപറേഷന്റെയും വിമാനത്താവള അധികൃതരുടെയും നേതൃത്വത്തിൽ മാലിന്യം നീക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തെങ്കിലും പക്ഷികളെ പൂർണമായി തുരത്താൻ കഴിഞ്ഞിട്ടില്ല. അറവുശാലകളിൽനിന്ന് വിമാനപാതയ്ക്കടുത്ത് മാംസാവശിഷ്ടങ്ങൾ കൊണ്ടിടുന്നതിന് ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനപാതയിലെ പക്ഷിക്കൂട്ടങ്ങളുടെ ഭീഷണി തുടരുന്നതിൽ പൈലറ്റുമാരും ആശങ്കയിലാണ്. ഇത് സംബന്ധിച്ച് പൈലറ്റുമാർ പലഘട്ടങ്ങളിലും എയർട്രാഫിക് കൺട്രോൾ വഴി ആശങ്ക അറിയിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനുള്ളിലും വിമാനപാതയിലുമെത്തുന്ന പക്ഷികളെ തുരത്തുന്നതിന് ബേർഡ് സ്‌കെയർസ് എന്ന ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പടക്കങ്ങളും റോക്കറ്റുകളും ഉപയോഗിച്ചാണ് നിലവിൽ ഇവയെ തുരത്തുന്നത്. ഞായറാഴ്ച എയർഇന്ത്യയുടെ ഡൽഹി വിമാനത്തിന് ലാൻഡിങ്ങിനിടെ പക്ഷിയിടിയെ തുടർന്ന് സാരമായ തകരാറുണ്ടായി.
0 comments