കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ടു പേർ മരിച്ചു

സജീഷ്, ഇസ്മയിൽ
കൂത്തുപറമ്പ്: കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു പേർ മരിച്ചു. തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശി ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് നിസാര പരിക്കേറ്റു. അത്ഭുത ദീപ് ഉൾപ്പടെയുള്ള നിരവധി സിനിമകളിൽ ഇസ്മയിൽ അഭിനയിച്ചിട്ടുണ്ട്.
ചൊവ്വ വൈകീട്ട് കണ്ണവത്താണ് അപകടം. മണത്തണയിൽനിന്ന് കൂത്തുപറമ്പിലേക്ക് പോകുന്ന കാറാണ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. കണ്ണവം ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരെയും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസിന്റെ കാറാണ് ഇടിച്ചത്. ഇരുവരെയും ഇടിച്ചശേഷം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് കാർ നിന്നത്. ബാബു സംഭവസ്ഥലത്തും ഇസ്‌മയിൽ ആശുപത്രിയിലുമാണ് മരിച്ചത്.
കണ്ണവത്തെ പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ് ഇസ്മയിൽ. വാസുവിന്റെയും കമലയുടെയും മകനാണ് സജീഷ്. കണ്ണവം പൊലീസ് സ്റ്റേഷന് മുൻ വശം ടയർ കട നടത്തുകയാണ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർത്ഥി തലശ്ശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർത്ഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ). സഹോദരങ്ങൾ: ലിനീഷ് കുമാർ.









0 comments