മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: സംസ്ഥാനത്തിന് കൂടുതൽ തൊഴിൽ ദിനങ്ങൾ അനുവദിക്കുന്നതിന് എംപിമാർ ഇടപെടണം


സ്വന്തം ലേഖകൻ
Published on Apr 12, 2025, 05:22 AM | 1 min read
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തിന് കൂടുതൽ തൊഴിൽ ദിനങ്ങൾ അനുവദിക്കുന്നതിനുള്ള ഇടപെടലുകൾ എംപിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സംസ്ഥാനതല ദിശ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സ്‌കൂളുകളിലെ പാചക തൊഴിലാളികൾക്കും അങ്കണവാടി വർക്കേഴ്സിനും ഹെൽപ്പർമാർക്കും പ്രതിമാസ ഓണറേറിയവും കേന്ദ്രസർക്കാർ വർധിപ്പിക്കുന്നതിനുള്ള ഇടപെടലും ഉണ്ടാകണം. കമ്മിറ്റിയുടെ 2025–26 സാമ്പത്തിക വർഷത്തെ ആദ്യ യോഗമാണ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്നത്.
തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ സെക്രട്ടറി സീറാം സാംബശിവ റാവു, എംഎൽഎമാരായ വാഴൂർ സോമൻ, ലിന്റോ ജോസഫ് എന്നിവർ പങ്കെടുത്തു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ്, ടി വി ഇബ്രാഹിം എംഎൽഎ എന്നിവർ ഓൺലൈനായും പങ്കെടുത്തു.
മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി എംഡി ഫാ. റെയ്ക വർഗീസ്, സെന്റർ ഫോർ റൂറൽ മാനേജ്‌മെന്റ് ഡയറക്ടർ ജോസ് ചാത്തുക്കുളം എന്നിവരും പങ്കെടുത്തു. കേന്ദ്രാവിഷ്കൃത പദ്ധതികളായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്വച്ഛഭാരത് മിഷൻ (ഗ്രാമീൺ), സ്വച്ഛഭാരത് മിഷൻ (അർബൻ), അമൃത്, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ), പ്രധാനമന്ത്രി ആവാസ് യോജന (നഗരം), ഖേലോ ഇന്ത്യ (കായിക യുവജനക്ഷേമവകുപ്പ്), പ്രധാനമന്ത്രി പോഷൺ, സമഗ്ര ശിക്ഷ, ജൽ ജീവൻ മിഷൻ, ഐസിഡിഎസ്, ഡിഎൽആർഎംപി, പിഡിഎംസി പിഎംഇജിപി, വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡ് എന്നീ പദ്ധതികളുടെ പുരോഗതിയും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു.








0 comments