ശശി തരൂർ പോകുന്നത് പാർട്ടിയെ ചവിട്ടിമതിച്ച്; കെ സി വേണുഗോപാൽ ആക്രമിക്കപ്പെടുന്നു: തിരുവഞ്ചൂർ

കോട്ടയം: കേന്ദ്ര സർക്കാർ വിദേശരാജ്യങ്ങളിലേക്ക് സർവകക്ഷി സംഘത്തെ അയക്കുന്ന വിഷയത്തിൽ ക്ഷണം സ്വീകരിച്ച ശശി തരൂരിനെ വിമർശിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. ശശി തരൂർ പാർട്ടിയെ തള്ളിപ്പറഞ്ഞു മുന്നോട്ട് പോകരുത്. ശശി തരൂർ ഈ തലങ്ങളിലേക്ക് പോകുന്നത് പാർട്ടിയെ ചവിട്ടിമതിച്ചു കൊണ്ടാവരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോൺഗ്രസ് പാർലമെൻററി പാർട്ടി അംഗമെന്ന നിലയിൽ തരൂർ എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കണം.എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആക്രമിക്കപ്പെടുന്നു. കെ സി വേണുഗോപാൽ ചുമതലകളിൽ നേട്ടം കൊയ്യുമ്പോൾ മൗനം പാലിക്കുന്നു. ചെറിയ പാളിച്ചകൾ വരുമ്പോൾ കെ സിയെ വിമർശിക്കുന്നു. കെ സി ദേശിയതലത്തിലെ കേരളത്തിൻറെ മുഖമാണ്. മലയാളികളുടെ അന്തസാണ് കെ സി വേണുഗോപാൽ.
എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതലകൾ മാത്രമാണ് കെ സി നിർവഹിക്കുന്നത്. അതിനപ്പുറത്തേക്ക് അമിത ഇടപെടൽ ഒന്നും നടത്തുന്നില്ല. കെ സി സംഘടന ജനറൽ സെക്രട്ടറി ആയതിനു ശേഷം കേരളത്തിലെ പാർട്ടിയിൽ തർക്കങ്ങൾ കുറഞ്ഞു. കേരളത്തിലെ കോൺഗ്രസിൽ യോജിപ്പുണ്ടായത് കെ സി ജനറൽ സെക്രട്ടറി ആയതിനു ശേഷമാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർട്ടി അംഗം എന്ന നിലയിൽ പ്രാഥമിക ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. അന്തർദേശീയ തലങ്ങളിൽ അടക്കം പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ കൂടി അംഗീകാരം നേടി പോകണം. ഏത് തലം വരെ വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോൺഗ്രസ് ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം- തിരുവഞ്ചൂർ പറഞ്ഞു.
സർവകക്ഷി സംഘത്തെ നയിക്കാൻ സന്നദ്ധതയറിയിച്ച ശശി തരൂർ എംപിയുടെ നിലപാടിനെ അഭിനന്ദിച്ച് കെപിസിസിയിലെ പ്രമുഖർ രംഗത്തുവന്നിരുവിരുന്നു.എഐസിസി അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറിയ പട്ടികയിലുള്ളവരെ വെട്ടിയാണ് കേന്ദ്രസർക്കാർ ശശി തരൂരിനെ ബിജെപി സർക്കാർ സർവകക്ഷി സംഘത്തിന്റെ തലവനാക്കിയത്.
അതിനാൽ ജയറാം രമേശ് ഉൾപ്പെടെയുള്ള എഐസിസി വക്താക്കൾ തരൂരിന്റെ തീരുമാനത്തെ വിമർശിക്കുകയുണ്ടായി. ഇതിനിടെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കെപിസിസി വക്താക്കൾ പ്രസ്‌താവന ഇറക്കിയത. സംഗതി പാളിയെന്ന് മനസ്സിലായതോടെ ‘ഔദ്യോഗിക’മായി ഒന്നും പറഞ്ഞിട്ടില്ലെന്നും ദേശീയ പ്രശ്നമാണെന്നും പറഞ്ഞ് നേതാക്കൾ തടിതപ്പി. അഭിമാനത്തോടെയാണ് കേന്ദ്രസർക്കാരിന്റെ ക്ഷണത്തെ കാണുന്നതെന്ന് ശശി തരൂരും തിരുവനന്തപുരത്ത് പ്രതികരിച്ചു. ഇതിനിടെയാണ് കെപിസിസിയിൽ നിന്നുംതരൂരിനെതിരെ വിമർശനവുമായി തിരുവഞ്ചൂരെത്തിയത്








0 comments