print edition എൽഡിഎഫ് പറയും, നടപ്പാക്കും

തിരുവനന്തപുരം : കാലാനുസൃതമായി നഗരത്തിലെ യാത്രാസൗകര്യം വർധിപ്പിക്കാനുള്ള ആസൂത്രണമാണ് എൽഡിഎഫ് സർക്കാരിന്റേത്. ഡൽഹി മെട്രോ റെയിൽ കോർപറേഷനിൽനിന്ന് (ഡിഎംആർസി) ആദ്യ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) വാങ്ങിയെങ്കിലും തുടർനടപടിയെടുക്കാൻ 2011ലെ യുഡിഎഫ് സർക്കാർ തയ്യാറായില്ല. 2016ലെ എൽഡിഎഫ് സർക്കാർ തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ ചുമതല കെഎംആർഎലിന് കൈമാറി. 2023ൽ തിരുവനന്തപുരത്തിന് മെട്രോ ആവശ്യമുണ്ടോയെന്നറിയാൻ സമഗ്ര ഗതാഗത പദ്ധതി (സിഎംപി) തയ്യാറാക്കി. 2024ൽ സിഎംപിയുടെ അടിസ്ഥാനത്തിൽ പുതിയ റൂട്ടുകൾ നിർദേശിച്ചു. ആറ് അലൈൻമെന്റുകളാണ് കൊച്ചി മെട്രോ സമർപ്പിച്ചത്. മൊത്തം 371.08 ചതുരശ്ര കിലോമീറ്റർ പരിധിയിലുള്ള പഠനം മെട്രോ റെയിൽ ആവശ്യമാണെന്ന് ഉറപ്പിച്ചു.
മെട്രോ റെയിൽ പദ്ധതി നടപ്പാക്കുന്പോൾ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഭാഗമായി ഫീഡർ സർവീസ് സംവിധാനവും നടപ്പാക്കുമെന്ന് പദ്ധതിയുടെ നടത്തിപ്പുചുമതലയുള്ള കൊച്ചി മെട്രോ വ്യക്തമാക്കിയിട്ടുണ്ട്. അതുപ്രകാരം കുടപ്പനക്കുന്നിലെ കലക്ടറേറ്റ്, വിഴിഞ്ഞം, ശംഖുംമുഖം, നേമം റെയിൽവേ സ്റ്റേഷൻ, കോവളം എന്നിവിടങ്ങളിലേക്ക് ഇ– ബസ് ആരംഭിക്കാം.
സെൻട്രൽ റെയിൽവേ സ്റ്റേഷൻ, നോർത്ത് റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, മെഡിക്കൽ കോളേജ്, കഴക്കൂട്ടം ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകളെയും ബന്ധിപ്പിക്കുന്ന നിർദിഷ്‌ട മെട്രോ പദ്ധതിയെ ജനങ്ങളും പിന്തുണയ്ക്കുകയാണ്. ഇത് ഭയന്നാണ് ഇലക്‌ഷൻ പ്രചാരണമെന്ന ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്തുവന്നത്.








0 comments