print edition മെട്രോ ട്രിവാൻഡ്രം


സ്വന്തം ലേഖകൻ
Published on Nov 09, 2025, 12:00 AM | 2 min read
തിരുവനന്തപുരം: മെട്രോകൂടി വരുന്നതോടെ നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ തലസ്ഥാനം മെട്രോപൊളിറ്റനായി ഉയരും. ഭാവിയിൽ ആറ്റിങ്ങല്‍വരെയും നെയ്യാറ്റിന്‍കര, വിഴിഞ്ഞംവരെയും വികസിപ്പിക്കാവുന്ന രീതിയിൽ നടപ്പാക്കുന്ന മെട്രോയിൽ ദിവസവും ഒരുലക്ഷത്തിലേറെ യാത്രക്കാരെ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം തലസ്ഥാനത്തിന്റെ വ്യവസായ, ടൂറിസം മേഖലകളിലടക്കം വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. കൂടുതൽ നിക്ഷേപങ്ങളും ആയിരക്കണക്കിന് തൊഴിലവസരങ്ങളും വരും.
ഗതാഗതസൗകര്യവും മെച്ചപ്പെടും. പാപ്പനംകോട്ടുനിന്ന് തുടങ്ങി കിള്ളിപ്പാലം, പാളയം, ശ്രീകാര്യംവഴി കഴക്കൂട്ടത്തിനുസമീപം ടെക്നോപാർക്കുവരെ ഒന്നാംഘട്ടത്തിൽ എത്തി ബൈപാസിലൂടെ ഈഞ്ചയ്ക്കലിൽ അവസാനിക്കുന്നവിധത്തിൽ 31 കിലോമീറ്റർ നീളംവരുന്ന തിരുവനന്തപുരം മെട്രോയ്ക്കുള്ള ആദ്യ അലൈൻമെന്റിനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. ഇന്ത്യൻ നഗരങ്ങളിൽ വാഹനപ്പെരുപ്പമാണ് പ്രധാന പ്രതിസന്ധി.
പൊതു ഗതാഗതസംവിധാനങ്ങളെ ആശ്രയിക്കാതെ പലരും സ്വന്തം വാഹനങ്ങളിലാണ് നഗരത്തിലെത്തുന്നത്. മെട്രോ വരുന്നതോടെ ഈ കാഴ്ചപ്പാട് മാറ്റിയെടുക്കാനാകും.
30 മാസത്തിനകം നിർമാണം പൂർത്തിയാകും
തിരുവനന്തപുരം:
തലസ്ഥാനത്തെ മെട്രോ നിർമാണം തുടങ്ങി 30 മാസത്തിനകം പൂർത്തിയാക്കും. കൊച്ചി മെട്രോ നിർമിക്കുന്ന കാലത്തിനേക്കാൾ സാങ്കേതികവിദ്യകളിലും സൗകര്യങ്ങളിലും വന്ന മുന്നേറ്റം നിർമാണം വേഗത്തിൽ തീർക്കാൻ വഴിയൊരുക്കും. ഒരുമാസത്തിനകം പുതിയ അലൈൻമെന്റിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) നൽകാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനോട് (ഡിഎംആർസി) ആവശ്യപ്പെട്ടതായി കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ഡിസംബർ അവസാനത്തോടെ പുതുക്കിയ ഡിപിആർ സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംആർസി നേരത്തേ മറ്റൊരു അലൈൻമെന്റിനായി പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുന്ന ഡിപിആർ കേന്ദ്രമന്ത്രിസഭ അംഗീകരിക്കണം. ഇൗ നടപടി ആറുമാസത്തിനകം പൂർത്തിയാക്കാം. തുടർന്ന് സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിക്കണം. ഭൂഗർഭപാതയും ആകാശപ്പാതയും ചേരുന്ന ഹൈബ്രിഡ് രീതി പരിഗണിച്ചേക്കും. ഡിപിആർ വരുന്നതോടെ ഇതിൽ വ്യക്തത കൈവരും.
കൊച്ചി മെട്രോ മോഡൽ പിന്തുടരുകയാണെങ്കിൽ കിലോമീറ്ററിന് നിർമാണച്ചെലവായി 250 കോടിയാണ് പ്രതീക്ഷിക്കുന്നത്. 32 കിലോമീറ്റർ പാത നിർമിക്കാൻ ഏകദേശം 8000 കോടി രൂപയാകും. ഇതിൽ 20 ശതമാനം കേന്ദ്ര–സംസ്ഥാന സർക്കാരുകൾ വഹിക്കും. ബാക്കി 60 ശതമാനം തുക വായ്‌പയായി കണ്ടെത്തണം. അത് ഏകദേശം 4800 കോടിയാണ്.
ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ 2029നുമുന്പ് പദ്ധതി പൂർത്തിയാക്കാൻ കഴിയും. കഴക്കൂട്ടത്തുനിന്ന് ആറ്റിങ്ങല്‍വരെയും പാപ്പനംകോട്ടുനിന്ന് നെയ്യാറ്റിന്‍കരവരെയും വികസിപ്പിക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
വിഴിഞ്ഞംവരെയും വെള്ളായണിവരെയും തുടർന്നുള്ള ഘട്ടങ്ങളിൽ നീട്ടാം. കൊച്ചിയില്‍ 25 സ്‌റ്റേഷനില്‍ 16 ഇടത്തുമാത്രമേ പാര്‍ക്കിങ് സൗകര്യമുള്ളൂ. തിരുവനന്തപുരത്ത് 27 സ്‌റ്റേഷനിലും പാര്‍ക്കിങ് ഒരുക്കും. ഫീഡര്‍ സൗകര്യങ്ങളും നടപ്പാക്കും.








0 comments