ad
Deshabhimani

print edition ചുവന്ന ഷാളാണ്‌ സമ്മാനം; കേരളമത്‌ ഏറ്റുവാങ്ങും

M A Baby

പേരാമ്പ്ര ചെറുവണ്ണൂരിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ റാലി ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി വേദിയിലേക്ക്‌

avatar
സുജിത്‌ ബേബി

Published on Mar 31, 2026, 12:00 AM | 2 min read

കോഴിക്കോട്‌ : സ്വരശുദ്ധി തെറ്റാതെ, താളം പിഴയ്ക്കാതെ, സിരകളിൽ വിപ്ലവത്തിന്റെ കനലുകൾ കോരിയിടുന്നൊരു പടപ്പാട്ടുപോലെയാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ജനമനസുകളിലേക്ക്‌ ഇറങ്ങുന്നത്‌. തെരഞ്ഞെടുപ്പ്‌ ചൂടിൽ കത്തിക്കയറാൻ തുടങ്ങിയപ്പോൾ വാക്കുകൾക്ക്‌ മൂർച്ചയേറി. എൽഡിഎഫ്‌ സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണങ്ങൾ പൊളിച്ചടുക്കിയും തെരഞ്ഞെടുപ്പ്‌ വേദികൾ കൈയിലെടുക്കുകയാണ്‌ അദ്ദേഹം.


തിങ്കൾ പകൽ 11ന്‌ കുറ്റ്യാടിയിലെ കുട്ടോത്ത്‌ കാവിൽ റോഡിലെ ആദ്യ പരിപാടിക്കായി വന്നിറങ്ങിയത്‌ ഉശിരൻ മുദ്രാവാക്യം വിളികൾക്കിടയിലേക്ക്‌. പ്രവർത്തകർക്ക്‌ കൈകൊടുത്തും അഭിവാദ്യം ചെയ്‌തും അവർക്കിടയിൽ ഒരാളായി വേദിയിലേക്ക്‌. അപ്പോഴേയ്ക്കും കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാർഥി കെ പി കുഞ്ഞമ്മദ്‌കുട്ടിയെത്തി. സ്ഥാനാർഥി അണിയിച്ച ചുവന്നഷാൾ ബേബി തിരികെ അദ്ദേഹത്തിന്റെ തോളിലിട്ടുനൽകി. തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രാധാന്യം സ്ഥാനാർഥിക്കാണെന്നും സ്ഥാനാർഥിയുടെ സംസാരം കഴിഞ്ഞ്‌ താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.


പ്രസംഗത്തിനിടെ ചില ചോദ്യങ്ങൾ സദസിലേക്ക്‌. ശരിയുത്തരത്തിന്‌ ഉടനടി ഒരു ചുവന്ന ഷാൾ സമ്മാനം. കോൺഗ്രസും ആർഎസ്‌എസും തമ്മിലുണ്ടാക്കിയ ഡീലും പത്തുവർഷത്തെ വികസനവും അതിനെ തകർക്കാൻ പ്രതിപക്ഷം നടത്തിയ ശ്രമവും കനുഗോലുക്കള്ളങ്ങളുമെല്ലാം പ്രസംഗത്തിൽ നിറഞ്ഞു. ഒരു മണിക്കൂറും അഞ്ച്‌ മിനിറ്റും നീണ്ട പ്രസംഗം അവസാനിപ്പിച്ച്‌ ഇറങ്ങുമ്പോൾ സെൽഫിയെടുക്കാനും കുശലം പറയാനുമായി നിരവധിയാളുകൾ. എൽഡിഎഫ്‌ പ്രവർത്തകർക്കൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേർന്ന്‌ നേരെ കോഴിക്കോടേയ്ക്ക്‌. ജില്ലാസെക്രട്ടറി എം മെഹബൂബിനൊപ്പം കലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ മീറ്റ്‌ ദി ലീഡർ പരിപാടിയിൽ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞിറങ്ങി. പേരാമ്പ്രയിലെ ചെറുവണ്ണൂരിലെത്തുന്പോൾ സമയം അഞ്ചരയായി. തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ എന്തിന്‌ തുടരണമെന്നത് വിശദീകരിച്ചായിരുന്നു തുടക്കം. എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്ണൻ പേരാന്പ്രയിൽ ജയിച്ചുവരേണ്ടതിന്റെ ആവശ്യകതയിലൂന്നി പ്രസംഗം.


ബാലുശേരിയിലെ നടുവണ്ണൂരെത്തുമ്പോഴേയ്ക്കും സമയം ഏഴായി. നേതാവിനെ നേരിൽക്കാണാനും അഭിവാദ്യമർപ്പിക്കാനുമെത്തിയവരെ ബേബി ഒരു കാര്യം ഓർമിപ്പിച്ചു. ‘ബാലുശേരിയിലെ സ്ഥാനാർഥി കെ എം സച്ചിൻദേവിനായി നിങ്ങളോരോരുത്തരും സ്വയം സ്ഥാനാർഥികളായി മാറണം’. ജനറൽ സെക്രട്ടറിയുടെ വാക്കുകളെ പ്രവർത്തകർ ഏറ്റെടുത്തു. കൊയിലാണ്ടിയിലെ പയ്യോളിയിലായിരുന്നു അവസാന റാലി. സമകാലിക രാഷ്ട്രീയവും ചരിത്രവുമോർപ്പിച്ചുമുള്ള വാക്കുകൾ രാഷ്ട്രീയ എതിരാളികളുടെ നെഞ്ചിലേക്കാണ്‌. കെ ദാസനെ വിജയിപ്പിക്കണമെന്ന്‌ അഭ്യർഥിച്ച്‌ ഇറങ്ങുമ്പോഴേയ്ക്കും നിശ്ചയിച്ചതിലും ഏറെ വൈകി. ചൊവ്വാഴ്ച വയനാട്ടിലെ മൂന്ന്‌ മണ്ഡലങ്ങളിലെ റാലികളിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home