വനത്തിൽ തങ്കമാൾ കഴിഞ്ഞത് നാല് ദിവസം; 104 കാരിക്ക് അത്ഭുത രക്ഷ

തങ്കമാൾ (ഇടത്) പ്രതീകാത്മക ചിത്രം (വലത്)
മറയൂർ: കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തുകളും നിറഞ്ഞ കാട്ടിൽ നാല് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ തങ്കമാൾ എന്ന 104 കാരിക്ക് അത്ഭുത രക്ഷ. കാന്തല്ലൂർ ഇടക്കടവ് എസ് സി ഉന്നതിയിൽ പരേതനായ ലിങ്കന്റെ ഭാര്യയാണ് തങ്കമാൾ. മറയൂരിലെ മുരുകൻമലയ്ക്ക് താഴെയുള്ള അറക്കമലയിലെ വനത്തിനുള്ളിലാണ് തങ്കമാൾ നാല് ദിവസം കഴിഞ്ഞു കൂടിയത്. വന്യജീവികൾ ഏറെയുള്ള കാടാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഓർമക്കുറവ് നേരിടുന്ന തർങ്കമാളിനെ മാർച്ച് 11-ന് രാവിലെ ഒൻപതിനും 12-നുമിടയിലാണ് കാണാതായത്. തുടർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശേഷം മറയൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എം ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ശനിയാഴ്ച രാവിലെ ഒന്നിന് മകൻ മുരുകന്റെ നേതൃത്വത്തിലുള്ള സംഘം അറക്കമലയിൽനിന്ന് തങ്കമാളുവിനെ കണ്ടെത്തുകയായിരുന്നു. തങ്കമാളു ക്ഷീണിതയായിരുന്നുവെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കുടുംബം അറിയിച്ചു. കുറുനരിയും ഇഴജന്തുക്കളുമുള്ള പ്രദേശത്ത് നാലുദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞത് നാട്ടുകാരിൽ അത്ഭുതമുളവാക്കുന്നുണ്ട്.










0 comments