തൊഴിലുറപ്പ് : സോഷ്യൽ ഓഡിറ്റിങ്ങിലും കേരളം ഒന്നാമത്


അശ്വതി ജയശ്രീ
Published on May 30, 2025, 03:41 AM | 1 min read
തിരുവനന്തപുരം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതായി കേരളം. 2024–-25ൽ 941 ഗ്രാമപഞ്ചായത്തിലും സോഷ്യൽ ഓഡിറ്റിങ് നടത്തിയാണ് കേരള സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഈ നേട്ടം സ്വന്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങൾ വർഷത്തിൽ ഒരിക്കൽ ഓഡിറ്റ് നടത്തുമ്പോൾ ആറുമാസത്തിലൊരിക്കൽ ഇത് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം.
സൊസൈറ്റി ഡയറക്‌ടർ ഡോ. എൻ രമാകാന്തന്റെ നേതൃത്വത്തിലുള്ള പ്രവർത്തനമാണ് നേട്ടം കൈവരിച്ചത്. 2017ലാണ് സൊസൈറ്റിക്ക് രൂപം നൽകിയത്. കോവിഡ് പ്രതിസന്ധിയിലും കൃത്യമായി പ്രവർത്തിച്ച് അർഹമായ കേന്ദ്രഫണ്ട് നേടിയെടുത്തു. 2021–-22 രണ്ടാംപാദം മുതൽ 2024–25വരെ ഇത്തരത്തിൽ 47.95 കോടി രൂപയാണ് നേടിയത്.
14 ജില്ലാ റിസോഴ്‌സ് പേഴ്‌സൺ, 152 ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ, 1412 വില്ലേജ് റിസോഴ്‌സ് പേഴ്‌സൺമാരും അടക്കം 1600ഓളം പേരാണ് സോഷ്യൽ ഓഡിറ്റിന് കീഴിൽ ജോലിയെടുക്കുന്നത്.
പദ്ധതി നടത്തിപ്പ്, തൊഴിലാളികളുടെ അഭിപ്രായം, ധനവിനിയോഗം, തൊഴിലെടുത്ത ഭൂമിയുടെ അളവ്, കൂലി വിതരണം അടക്കമുള്ളവ ഓഡിറ്റിൽ പരിശോധിക്കും. അഴിമതി കണ്ടെത്തിയാൽ പഞ്ചായത്തുകളുമായി ചർച്ച ചെയ്‌തശേഷമേ അന്തിമ റിപ്പോർട്ട് സമർപ്പിക്കൂ. ഓരോ വർഷവും അനുവദിക്കുന്ന തുകയുടെ 75 ശതമാനം വിനിയോഗിച്ചാലേ അടുത്ത വർഷം കേന്ദ്രഫണ്ട് ലഭ്യമാകൂ. 2024–25ൽ സംസ്ഥാനവ്യാപകമായി 48,41 9 നിയമലംഘനം/പരാതികൾ കണ്ടെത്തിയിരുന്നു.









0 comments