print edition മങ്ങാതെ ‘പിറവി’

വാനപ്രസ്ഥം കാൻഫിലിംഫെസ്‌റ്റിവലിൽ പ്രദർശിച്ചപ്പോൾ ഷാജി എൻ കരുണും മോഹൻലാലും (ഫയൽചിത്രം)
തിരുവനന്തപുരം: ‘‘നിങ്ങൾക്ക് ശോഭനമായ ഭാവിയുണ്ട്. അത് നിങ്ങൾ നന്നായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്’’പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠനത്തിന്റെ ഭാഗമായി എടുത്ത ഡിപ്ലോമ ഫിലിമായ ജെനെസിസ് കണ്ട് വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റായ്, ഷാജി എൻ കരുണോട് പറഞ്ഞു. ആ ചിത്രത്തിനായിരുന്നു നല്ല സിനിമാട്ടോഗ്രഫിക്കുള്ള മാത്തൂർ അവാർഡ്. പുരസ്‌കാരം നൽകിയത് സത്യജിത് റായി ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റിയില്ല. സംവിധായകനായും ഛായാഗ്രാഹകനായും മലയാളസിനിമയെ ലോകസിനിമയിലേക്ക് ഉയർത്തി. ഇന്ത്യൻ സിനിമയുടെ ഷാജി വിടവാങ്ങി ചൊവ്വാഴ്‌ച ഒരുവർഷം തികയുകയാണ്.
അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്‌തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ 40നടുത്ത് സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചു. 1989ൽ എടുത്ത ‘പിറവി’യിലൂടെ സംവിധായകനായി. സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, സ്വപാനം, ഓള് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തു. നിരവധി ഹ്രസ്വചിത്രങ്ങളും എടുത്തു. കാനിലെ മലയാളസിനിമയുടെ മേൽവിലാസമായിരുന്നു.
ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായി. കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്‌എഫ്‌കെ) രൂപവും ഭാവവും നൽകി. മുപ്പതാം പതിപ്പിന് ഏതാനും മാസങ്ങൾക്ക് മുന്പ് 2025 ഏപ്രിൽ 28ന് 73–ാം വയസ്സിൽ അർബുദം ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായിരിക്കെയായിരുന്നു വിടവാങ്ങൽ. കേരളത്തിന് സിനിമാനയം രൂപപ്പെടുത്താനുള്ള തിരക്കിലായിരുന്നു ആശുപത്രിയിൽ എത്തുംവരെയും. മലയാളസിനിമയ്ക്ക് ‘അഡ്‌മിനിസ്‌ട്രേറ്റർ’ എന്ന നിലയിൽ ഇത്രയും വിപുലമായ സംഭാവന നൽകിയ ചലച്ചിത്രകാരനുമുണ്ടായിട്ടില്ല.
ഭാര്യ അനസൂയക്ക് ഇപ്പോഴും ആ സാന്നിധ്യമുണ്ടാക്കിയ വേദന മറികടക്കാനായിട്ടില്ല. ചെറുപ്പത്തിലെ കവിതാരചനയിലേക്ക് മുഴുകാനും പൊതുപ്രവർത്തനത്തിൽ സജീവമാകാനുമുള്ള ശ്രമത്തിലാണ് അവർ. വഴുതക്കാട്ടെ ഷാജി എൻ കരുണിന്റെ വസതിയായ ‘പിറവി’യിലേക്ക് ഇപ്പോഴും ചലച്ചിത്ര പ്രവർത്തകരും ചലച്ചിത്രപ്രേമികളും എത്തുന്നുണ്ട്.









0 comments