കേരള സര്‍വകലാശാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: കേരള സര്‍വകലാശാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയും ഡിവൈഎഫ്ഐയും രാജ്ഭവന്‍ മാര്‍ച്ച് നടത്തി. എസ്എഫ്ഐ മാർച്ചിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐ മാർച്ച്. രണ്ട് മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നൂറോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിലാണ് കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതിനാണ് നടപടി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ വി സി ഡോ. മോഹനന്‍ കുന്നുമ്മേല്‍ ആണ് സസ്പെന്‍ഡ് ചെയ്തത്.
വി സിയുടെ നടപടി പ്രകടമായ അധികാര ദുര്‍വിനിയോഗമാണെന്ന് മന്ത്രി ആർ ബിന്ദുവും ഇടത് സംഘടനകളും പറഞ്ഞിരുന്നു. രജിസ്ട്രാർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ മോഹനൻ കുന്നുമ്മലിന് അധികാരമില്ല. ചാൻസിലർക്കോ വിസിയ്ക്കോ ഇതിനായി യാതൊരു അധികാരവും നിയമം നൽകിയിട്ടില്ല. രജിസ്ട്രാറുടെ അപ്പോയിൻ്റിംഗ് അഥോറിറ്റി സിൻഡികേറ്റ് ആണ്. അതിനാൽ ഏത് അച്ചടക്കനടപടിയും സിൻഡിക്കേറ്റിൻ്റെ അധികാര പരിധിയിലാണ്. സർവകലാശാല നിയമങ്ങളും സ്റ്റാട്യൂട്ടും ഇത് വ്യക്തമാക്കുന്നു.
ഗവര്‍ണര്‍ വിളച്ചിലെടുക്കരുതെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. എസ്എഫ്‌ഐ ശക്തി അറിയാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിളിച്ചാല്‍ മതിയെന്നും നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്കെതിരെ നടപടി എടുത്ത് പുറത്താക്കുന്ന രീതി തെറ്റാണ്. അത് തിരുത്തിയില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ കാണേണ്ടി വരുമെന്നും ഇത് സൂചനാ പ്രതിഷേധമാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

മോഹനൻ കുന്നുമ്മേൽ തനിക്ക് ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ്. നിയമവിരുദ്ധമായി ആര് പ്രവർത്തിച്ചാലും അത് അംഗീകരിക്കാനാവില്ല. നിയമവിരുദ്ധ ഉത്തരവ് ഇറക്കിയ മോഹനൻ കുന്നുമ്മേൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയോടും പൊതു സമൂഹത്തോടും ഉത്തരം പറയേണ്ടി വരും. കേരള സർവകലാശാല നാടിൻ്റെ അഭിമാന സ്ഥാപനമാണ്. സർവകലാശാല സെനറ്റ് ഹാളിൽ നടന്ന നിയമവിരുദ്ധ ചെയ്തികൾക്കെതിരെ, നിയമപരമായ നടപടി സ്വീകരിച്ചതിനാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. എന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.








0 comments