സുരക്ഷിത കുടിയേറ്റം ഉറപ്പു വരുത്തും; സർക്കാർ ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്തെവിടെയും സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്കയും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സും ചേർന്ന് സംഘടിപ്പിച്ച ഏകദിന ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കുടിയേറ്റ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏറെ പ്രാധാന്യത്തോടെ കണ്ട് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ നടത്തുമെന്നും ഇതിനായി കുടിയേറ്റ സെൽ, പരാതി പരിഹാര സംവിധാനം, ഓരോ രാജ്യത്തെയും ജീവിത സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിന് ഓൺലൈൻ പോർട്ടൽ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഔദ്യോഗിക രേഖ പ്രകാരം കാൽ കോടിയോളം മലയാളികൾ പ്രവാസികളായി കേരളത്തിനു പുറത്തുണ്ട്. മുൻപ് പ്രവാസി എന്ന് പറഞ്ഞാൽ പ്രധാനമായും ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളെയാണ് ഉദ്ദേശിച്ചത്. എന്നാൽ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൻ്റെ ശതമാനം കുറയുകയും യുവാക്കൾ ജർമ്മനി, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തോടൊപ്പം, കുടിയേറ്റത്തിൻ്റെ സ്വഭാവത്തിലും മാറ്റം വന്നു. ആദ്യ കാലങ്ങളിൽ ഐടി, ഹെൽത്ത് കെയർ മേഖലകൾക്കുയിരുന്നു പ്രാധാന്യം. മാനേജ്മെൻ്റ്, അക്കാദമിക മേഖലകളിലേക്ക് ധാരാളം പേർ തൊഴിലെടുക്കുന്നു. ഈ മാറ്റങ്ങൾക്കൊപ്പം ഉയർന്നുവരുന്ന വെല്ലുവിളികളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്.
പ്രവാസികളുടെ വിഷയങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ നല്ല താൽപര്യമെടുക്കുന്ന സംസ്ഥാനമാണ് കേരളം. യഥാർത്ഥത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഒരു വകുപ്പിന് കേരളത്തിൽ രൂപം നൽകി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ ശ്രമം പിന്നീട് നോർക്ക റൂട്ട്സ് എന്ന പേരിൽ പ്രവാസ ജീവിതത്തിൻ്റെ ഭാഗമായി മാറി. ഇന്ന് ഏതെങ്കിലും തരത്തിൽ നോർക്കയുമായി ബന്ധപ്പെടാത്ത പ്രവാസി മലയാളികൾ ഉണ്ടാകില്ല. രണ്ട് പദ്ധതികളുമായി പ്രവർത്തനമാരംഭിച്ച നോർക്ക ഇന്ന് മുപ്പതോളം പദ്ധതികൾ നടപ്പിലാക്കുന്നു. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമ്മുടെ നാടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് ഇവിടെ രൂപംകൊണ്ട ലോക കേരള സഭ. പ്രവാസികളുടെ അഭിപ്രായങ്ങൾ ആരായാനും വികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഇത് പ്രവർത്തിക്കുന്നു.
കേരളത്തിൻ്റെ വികാസത്തിന് പ്രവാസി മലയാളികളുടെ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി നൈപുണ്യ പരിശീലന പരിപാടികളടക്കം സംഘടിപ്പിക്കുന്നു. ഇതിലൂടെ അവരുടെ തൊഴിൽ പരിചയം കേരളത്തിലെ തൊഴിൽ മേഖലയ്ക്ക് മുതൽക്കൂട്ടാക്കുന്നു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും സർക്കാർ ഏറ്റെടുത്തു. കോൺക്ലേവിലെ ചർച്ചകളിലൂടെ ഉയർന്നുവരുന്ന ആശയങ്ങൾ ഈ രംഗത്ത് ചെയ്യേണ്ട കാര്യങ്ങൾക്ക് രൂപം നൽകുന്നതിൽ സഹായകമാകും. അത് പ്രവാസി സഹോദരങ്ങൾക്ക് സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജി സംസാരിച്ചു. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ജിന ഉയിക, സുരീന്ദർ ഭഗത്, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടി വി, റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് , ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ അരവിന്ദ് മേനോൻ, പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം, കൊച്ചി) മേജർ ശശാങ്ക് ത്രിപാഠി, കെഡിഐഎസ്‌സി മെമ്പർ സെക്രട്ടറി പി വി ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.








0 comments