print edition 4 ആത്മഹത്യകൾ, ഒരു ആത്മഹത്യാശ്രമം ; വെളിപ്പെടുന്നത് ആർഎസ്‌എസിന്റെ ഭീകരമുഖം

തിരുവനന്തപുരം
അടുത്തടുത്തായി രണ്ടു നേതാക്കളുടെ ആത്മഹത്യ, ആർഎസ്‌എസ് പ്രവർത്തകനായിരുന്ന യുവാവ് നേതാക്കൾക്കെതിരെ പ്രകൃതിവിരുദ്ധ പീഡനമാരോപിച്ച് ജീവിതം അവസാനിപ്പിച്ചത്, വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിൽ, ആശ്രമം കത്തിച്ച കേസിൽ ഉൾപ്പെട്ട ആർഎസ്‌എസ് പ്രവർത്തകന്റെ ആത്മഹത്യ... ഒരുവശത്ത് പ്രവർത്തകരെയും നേതാക്കളെയും മരണത്തിലേക്ക് തള്ളിവിടുന്ന ആർഎസ്‌എസും ബിജെപിയും മറുവശത്ത് ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്നു.
ആർഎസ്‌എസിനും ബിജെപിക്കും ഗുഡ് സർട്ടിഫിക്കറ്റ് നൽകാൻ ശ്രമിക്കുന്ന മാധ്യമങ്ങൾ ഇതൊന്നും സോഷ്യൽ ഓഡിറ്റിനും വിധേയമാക്കില്ല. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ തിരുമല അനിൽ നേതൃത്വത്തിനെതിരെ കത്തെഴുതിവച്ച് ജീവനൊടുക്കിയത് സെപ്‌തംബർ 20ന് ആണ്. സഹായിക്കേണ്ടവർ സഹായിച്ചില്ല എന്നായിരുന്നു അനിലിന്റെ വാക്കുകൾ.
ഒക്‌ടോബർ 10ന് തിരുവനന്തപുരത്തെ ലോഡ്‌ജ്‌മുറിയിൽ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെന്ന ആർഎസ്‌എസ് പ്രവർത്തകനായ യുവാവ് ജീവനൊടുക്കും മുമ്പ് പോസ്‌റ്റുചെയ്‌ത വീഡിയോയിൽ തനിക്കുണ്ടായ ദുരനുഭവങ്ങളെല്ലാം പറഞ്ഞു. ആരും ആർഎസ്‌എസ് ആകരുതെന്ന അഭ്യർഥനയും അനന്തു നടത്തുന്നുണ്ട്. 2018 ഒക്‌ടോബർ 27ന് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട ആർഎസ്‌എസ് സംഘത്തിലുൾപ്പെട്ട പ്രകാശ് 2022 ജനുവരി മൂന്നിന് വീട്ടിൽ തൂങ്ങിമരിച്ചു.
പ്രതികളെക്കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് ഭയന്ന ആർഎസ്‌എസും ബിജെപിയും പ്രകാശിനെ ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരൻ വെളിപ്പെടുത്തിയിരുന്നു. പ്രകാശിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
ബിജെപി മുൻ സംസ്ഥാന വക്താവ് എം എസ് കുമാറിന്റെ വെളിപ്പെടുത്തൽ അടുത്തിടെയായിരുന്നു. താൻ പ്രസിഡന്റായ സഹകരണസംഘത്തിൽനിന്ന് വായ്‌പയെടുത്ത സംസ്ഥാന നേതാക്കളുൾപ്പെടെയുള്ളവർ പണം തിരിച്ചടയ്‌ക്കുന്നില്ലെന്നും തിരുമല അനിലിന്റെ അതേ മാനസികാവസ്ഥയിലാണ് താനെന്നുമായിരുന്നു കുമാറിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസം ജീവനൊടുക്കിയ ആനന്ദ് കെ തമ്പിയുടെയും ആത്മഹത്യക്ക് ശ്രമിച്ച നെടുമങ്ങാട്ടെ ശാലിനിയുടെയും വാക്കുകളും ആർഎസ്‌എസിന്റെ ഭീകരമുഖം വെളിപ്പെടുത്തുന്നു.








0 comments