പ്രാദേശിക സമ്പദ്‌വ്യവസ്ഥ വളരാനും ഉത്തരവാദിത്വ ടൂറിസം: മന്ത്രി പി എ മുഹമ്മദ് റിയാസ്

മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത വനിതാ സംരംഭകർ, വിദ്യാർഥികൾ എന്നിവർക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസ്, വനിതാകമീഷൻ അധ്യക്ഷ പി സതീദേവി, ഡി സുരേഷ്‌കുമാർ, കെ രൂപേഷ്‌കുമാർ തുടങ്ങിയവർ
തിരുവനന്തപുരം: സ്ത്രീശക്തീകരണത്തിനൊപ്പം പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ഉത്തരവാദിത്വ ടൂറിസം വഴിയൊരുക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വനിതാ കമീഷൻ സംഘടിപ്പിച്ച "സ്ത്രീശക്തീകരണം ഉത്തരവാദിത്വ ടൂറിസത്തിലൂടെ' എന്ന മുഖാമുഖം പരിപാടി ജില്ലാപഞ്ചായത്ത് ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശികമായും അല്ലാതെയും സ്ത്രീകൾക്ക് വിവിധ മേഖലകളിൽ വലിയ തൊഴിൽ സാധ്യതകളാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതികളിലൂടെ ലഭിക്കുക. റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി വഴി പരിശീലനവും കുറഞ്ഞ നിരക്കിൽ വായ്പകളും ലഭ്യമാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വനിതാ കമീഷൻ ചെയർപേഴ്സൺ പി സതീദേവി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ, കമീഷൻ അംഗം ഇന്ദിര രവീന്ദ്രൻ, മെമ്പർ സെക്രട്ടറി വൈ ബി ബീന, ഡയറക്ടർ ഷാജി സുഗുണൻ, കേരള ടൂറിസം ക്ലബ് സംസ്ഥാന കോ ഓർഡിനേറ്റർ പി സച്ചിൻ എന്നിവരും ഉത്തരവാദിത്വ ടൂറിസം രംഗത്തെ വിവിധ സ്ത്രീ സംരംഭകരും പങ്കെടുത്തു.








0 comments