കോൺഗ്രസ് സർക്കാരിന്റെ ഭൂമികൊള്ളയ്‌ക്കെതിരെ സമരംനീണ്ടത് 3 വർഷം
print edition കർണാടകത്തിൽ മണ്ണ് കാത്ത്...

എച്ച് ആര്‍ നവീൻകുമാർ

സ്വന്തം ലേഖകൻ
Published on Sep 19, 2026, 01:00 AM | 1 min read
മോദി സർക്കാരിനെ മുട്ടുകുത്തിച്ച ഐതിഹാസിക കർഷക സമരം നീണ്ടത് 378 ദിവസം. എന്നാൽ വികസനത്തിന്റെ പേരിൽ കോർപറേറ്റുകൾക്ക് കൈമാറാൻ 1777 ഏക്കർ കൃഷിഭൂമി കർണാടകത്തിലെ കോൺഗ്രസ് സർക്കാർ പിടിച്ചെടുക്കുന്നതിനെതിരെ കർണാടക പ്രാന്ത റയ്‍ത്ത സംഘത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് സമരംചെയ്‌തത് 1198 ദിവസമാണ്. മൂന്നു വർഷത്തിലേറെ നീണ്ട ആ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന കിസാൻസഭ കേന്ദ്ര സമിതി അംഗവും കർണാടക പ്രാന്ത റയ്‍ത്ത സംഘം ഫിനാൻസ് സെക്രട്ടറിയുമായ എച്ച് ആർ നവീൻകുമാർ കർഷകസംഘം സംസ്ഥാന സമ്മേളനവേദിയിൽനിന്ന് സംസാരിക്കുന്നു...
ആലപ്പുഴ : "ബംഗളൂരു വിമാനത്താവളത്തിനു സമീപം ദേവനഹള്ളി താലൂക്കിലെ ഛന്നരായപട്ടണ ഹോബ്ലിയിലെ 13 ഗ്രാമങ്ങളിലെ ഫലഭൂയിഷ്‍ഠമായ കൃഷിഭൂമി വികസനത്തിന്റെ പേരിൽ ഏറ്റെടുക്കാനായിരുന്നു കോൺഗ്രസ് സർക്കാർ പദ്ധതി. പച്ചക്കറിയും മുന്തിരിയും വിളഞ്ഞ മണ്ണ് പിടിച്ചെടുക്കാൻ വിജ്ഞാപനവുമിറക്കി. ഇതിനെതിരെ കർണാടക പ്രാന്ത റയ്‍ത്ത സംഘം സമരരംഗത്തേക്കിറങ്ങി'‑ എച്ച് ആർ നവീൻകുമാർ പറഞ്ഞു. മറ്റ് കർഷക, കർഷക തൊഴിലാളിസംഘടനകളെയും ചേർത്ത് സംയുക്ത കിസാൻ മോർച്ച പോലെ "സംയുക്ത ഹോറാട്ട കർണാടക' എന്ന കുടക്കീഴിലായിരുന്നു സമരം. 2022 ഏപ്രിൽ 4ന് തുടങ്ങിയ അനിശ്ചിതകാല സമരം 2025 ജൂലൈ 15 വരെ നീണ്ടു. കർഷകരുടെ വീര്യത്തിനുമുന്നിൽ ഒടുവിൽ കോൺഗ്രസ് സർക്കാർ മുട്ടുമടക്കി. ജൂലൈ 15ന് അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, 1,777 ഏക്കർ ഭൂമി ഏറ്റെടുക്കൽ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.
കോർപറേറ്റ് സേവയുമായി കോൺഗ്രസ്
സിദ്ധരാമയ്യ മാറി ഡി കെ ശിവകുമാർ വന്നെങ്കിലും എല്ലാ ജില്ലകളിലും ഭൂമി ഏറ്റെടുത്ത് കോർപറേറ്റുകൾക്ക് കൈമാറുന്ന കോൺഗ്രസ് അജൻഡ തുടരുകയാണ്. ബംഗളൂരു നഗര വികസന പദ്ധതിക്കും കർണാടക ഇൻഡസ്‌ട്രിയിൽ ഡെവലപ്‍മെന്റ് അതോറിറ്റിക്കുമായി കൃഷിഭൂമി ഏറ്റെടുക്കുകയാണ്. ഇതിനെതിരെ രാമനഗര ജില്ലയിലെ ബിഡുതി ഇൻഡസ്ട്രിയിൽ ടൗണിൽ സമരം നടക്കുകയാണ്. ബംഗളൂരുവിനടുത്ത ഫക്കീർ കോളനിയിൽ മുപ്പത് വർഷത്തിലേറെ താമസിക്കുന്ന നൂറിലധികം കുടുംബങ്ങളെ ബുൾഡോസർരാജിലൂടെ കുടിയൊഴിപ്പിച്ചു. പകരം വീട് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരാൾക്കുപോലും കൊടുത്തിട്ടില്ല– അദ്ദേഹം പറഞ്ഞു.









0 comments