കരുവന്നൂർ കേസ് ; ഇഡിയുടേത് നിയമവിധേയമല്ലാത്ത നടപടി : മുഖ്യമന്ത്രി

തിരുവനന്തപുരം
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെയും നേതാക്കളെയും പ്രതിയാക്കിയ നടപടി നിയമവിധേയമല്ലാത്ത കാര്യങ്ങളിലേക്ക് ഇഡി കടക്കുന്നു എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ മുന്നിൽ ചില പ്രതീകങ്ങളുണ്ട്. അതിനെ പെട്ടെന്നൊരു കേസുണ്ടാക്കി കളങ്കപ്പെടുത്താനാകില്ല. അതിന് ശ്രമിക്കുന്നവരുടെ കൂടെനിൽക്കുകയാണ് ഇഡി. ഇഡി പ്രതിചേർത്ത സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെ എല്ലാവർക്കും അറിയാം. കളങ്കരഹിതമായ പൊതുജീവിതത്തിന് ഉടമകളാണവർ. പാർടിയെ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കോടതിയുടെതന്നെ കടുത്ത വിമർശം ഇഡിക്കു നേരെ ഉണ്ടായിട്ടുണ്ട്. അതൊന്നും കണക്കിലെടുക്കാതെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ഇഡി രാജ്യത്ത് വിശ്വാസ്യത കുറഞ്ഞ ഏജൻസിയായി മാറി. പല കോടതികളിൽനിന്നും കടുത്ത വിമർശമാണ് നേരിടേണ്ടിവരുന്നത്.
ദേശീയപാതയിലെ അപകടത്തെ സംബന്ധിച്ച് വിശദ പരിശോധന നടക്കുന്നുണ്ട്. ഇതോടെ ദേശീയപാത ആകെ പോയി എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ജൂൺ ആദ്യം കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരിയെ കാണാൻ ശ്രമിക്കുന്നുണ്ട്.
രാജ്‌ഭവനിൽ നടന്നത്
അസ്വാഭാവിക നടപടി
രാജ്‌ഭവനിൽ ആർഎസ്‌എസ് പ്രമുഖൻ പ്രഭാഷണം നടത്തിയത് അസ്വാഭാവിക നടപടിയാണ്. ഒരു ആർഎസ്‌എസുകാരൻ സംഘടിപ്പിക്കുന്ന പരിപാടിപോലെയായി അത്. ഗവർണർ അങ്ങനെ മാറാൻ പാടില്ലായിരുന്നു.








0 comments