print edition കർഷക പോരാട്ടങ്ങളുടെ കരുത്ത്

പഴനിയിലെ സിപിഐ എം സ്ഥാനാർഥി എൻ പാണ്ടി കൊടൈക്കനാലിൽ പര്യടനത്തിനിടയിൽ, ഫോട്ടോ: ശരത് കൽപ്പാത്തി
കെ എ നിധിൻ നാഥ് [email protected]
Published on Apr 17, 2026, 01:06 AM | 1 min read
പഴനി: രാജ്യത്തെ പ്രധാനപ്പെട്ട ആരാധനാലയമായ പഴനി ക്ഷേത്രവും കൊടൈക്കനാൽ വിനോദസഞ്ചാരകേന്ദ്രവും ഉൾപ്പെടുന്നതാണ് പഴനി മണ്ഡലം. കമ്യൂണിസ്റ്റ് പാർടി നടത്തിയ സമരങ്ങളിലൂടെ ശ്രദ്ധേയമായ നാടാണ് പഴനി. മണ്ഡലത്തിലെ വോട്ടർമാരിൽ അധികവും തൊഴിലാളികൾ. തെരുവുകച്ചവടക്കാർ, ചെറിയ കടകൾ നടത്തുന്നവർ, നിർമാണ തൊഴിലാളികൾ, കർഷകർ എന്നിവരാണ് സിപിഐ എമ്മിന്റെ കരുത്ത്. കർഷകരെ ഭൂമിയുടെ അവകാശികളാക്കാൻ ആർ രാമരാജ്, എ കറുപ്പുസ്വാമി എന്നിവരുടെ നേതൃത്വത്തിൽ സിപിഐ എം നടത്തിയ പ്രക്ഷോഭങ്ങളിലൂടെ പാർടി മേഖലയിൽ കരുത്താർജിച്ചു.
ഇതിന്റെ തുടർച്ചയായി മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ സ്ഥാനാർഥിയായ മത്സരിക്കുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എൻ പാണ്ഡിയുടെ നേതൃത്വത്തിൽ 2023ൽ നടന്ന ഭൂസമരത്തിലൂടെ 500 ഏക്കർ നിലമാണ് ഭൂരഹിതരായ കർഷകർക്ക് ലഭിച്ചത്. ക്ഷേത്ര നഗരിയായ പഴനിയിൽ ബിജെപിയും സംഘപരിവാറും നടത്തുന്ന വിദ്വേഷ പ്രചാരണത്തെ പ്രതിരോധിക്കാനും സിപിഐ എം രംഗത്തുണ്ട്.
തൊഴിലാളികൾക്കൊപ്പം മറ്റ് ജനവിഭാഗങ്ങളും പാർടിക്കൊപ്പം അണിനിരക്കാൻ തുടങ്ങിയതോടെ പഴനിയിൽ സിപിഐ എം വലിയ ശക്തിയായി. പഴനി മുനിസിപ്പാലിറ്റിയിൽ ചെയർപേഴ്‌സണായി സിപിഐ എം നേതാവ് രാജമാണിക്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ സിപിഐ എം നേതാവ് കന്തസ്വാമിയാണ് വൈസ് ചെയർപേഴ്‌സൺ.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഴനി ഉൾപെടുന്ന ദിണ്ഡിഗലിൽ സിപിഐ എം നേതാവ് ആർ സച്ചിതാനന്ദം 4,43,821 വോട്ടുകൾക്കാണ് വിജയിച്ചത്. പഴനിയിൽനിന്ന് മാത്രം അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. കമ്യൂണിസ്റ്റ് പാർടിയുടെ എൻ പഴനിവേൽ മൂന്നുതവണ പഴനിയിൽ വിജയിച്ചിട്ടുണ്ട്. ഡിഎംകെയുടെ ശക്തികേന്ദ്രവുമാണ് മണ്ഡലം. നിലവിൽ ഡിഎംകെയിലെ ഐ പി സെന്തിൽ കുമാറാണ് എംഎൽഎ. 30,056വോട്ടുകൾക്കായിരുന്നു വിജയം. എഐഎഡിഎംകെയുടെ കെ രവി മോഹനും ടിവികെയുടെ എം പ്രവീൺകുമാറുമാണ് മറ്റ് പ്രധാന സ്ഥാനാർഥികൾ.











0 comments