സാമന്തയ്ക്കിനി ജോർജിന്റെ വീട്ടിൽ വിശ്രമജീവിതം; വിരമിച്ച പൊലീസ് നായയെ ഏറ്റെടുത്ത് പരിപാലകൻ

ജോർജും സാമന്തയും
പത്തനംതിട്ട: പത്തനംതിട്ടയിൽ വിരമിച്ച പൊലീസ് നായയായ സാമന്തയെ ഏറ്റെടുത്ത് പരിപാലകൻ ജോർജ്. 10 വർഷമായി സാമന്തയോടൊപ്പം സർവീസിൽ തുടരുകയാണ് ജോർജ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം പത്താം വയസിൽ സാമന്ത വിരമിക്കുമ്പോൾ പിരിയാനാകാതെ ജോർജ് ഏറ്റെടുക്കുകയായിരുന്നു.
അമേരിക്കൻ ലാബ്രഡോർ ഇനമായ സാമന്തയ്ക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് ജോർജിന്റെ കൈയിലെത്തുന്നത്. ജോർജും ട്രെയിനിങ് കഴിഞ്ഞ് ഡോഗ് സ്‌ക്വാഡിലേക്കെത്തിയ സമയമായിരുന്നു. ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിൽ ഇരുവർക്കും ഒൻപത് മാസക്കാലം നീണ്ട പരിശീലനവും ഒരുമിച്ചായിരുന്നു.
10 വയസുവരെ സാമന്ത ലഹരിവേട്ടയിൽ പത്തനംതിട്ടയിലെ പൊലീസിനൊപ്പം സജീവമായിരുന്നു. ഓപ്പറേഷൻ തൂഫാനിലും പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ അടൂരിൽ 25 കിലോ കഞ്ചാവ് കണ്ടെത്തിയതും സാമന്തയായിരുന്നു. പത്തോളം നായ്ക്കൾ വിരമിക്കുന്നതിൽ സാമന്തയെ മാത്രമാണ് പരിപാലകൻ ഏറ്റെടുക്കുന്നത്.
പത്തനംതിട്ടയിലെ ഔദ്യോഗിക വിരമിക്കൽ ചടങ്ങിന് ശേഷം ജില്ലാ പൊലീസ് മേധാവി സാമന്തയെ ജോർജിന് കൈമാറി. കെ 9 സ്‌ക്വാഡിന്റെ ഔദ്യോഗിക വാഹനത്തിൽ സാമന്തയെ ജോർജിന്റെ കൊല്ലത്തെ വീട്ടിലെത്തിക്കും. അവിടെയാണ് സാമന്തയുടെ വിശ്രമജീവിതം.









0 comments