ദീർഘകാല രോഗങ്ങളെ നിയന്ത്രിക്കാൻ ആരോഗ്യക്യാമ്പയിനുമായി പരിഷത്ത്

കണ്ണൂർ: ദീർഘകാല രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വിപുലമായ ആരോഗ്യക്യാമ്പയിനുമായി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്. ഭക്ഷണം, വ്യായാമം, ഉറക്കം, വിനോദം എന്നിവയിലൂന്നി ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ‘എന്റെ ഭക്ഷണ തളിക’ (My Food Plate) ആശയത്തിലൂന്നി സമീകൃത ആഹാരം വ്യാപകമായി ശാസ്ത്രക്ലാസുകളിൽ ഉൾപ്പെടുത്തും.
പച്ചക്കറികളും പഴങ്ങളും പകുതി തളിക നിറച്ചും, മുഴു ധാന്യങ്ങൾ, പ്രോട്ടീൻ ഉറവിടങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ യോജിപ്പിച്ചും തയ്യാറാക്കുന്ന വിഭവങ്ങൾ ‘ഭക്ഷണം വെറും ആവശ്യമല്ല, ശാസ്ത്രവും ആരോഗ്യവുമാണ്’ എന്ന സന്ദേശം മുൻനിർത്തിയാണ് ജനങ്ങളിലെത്തിക്കുക.
കൃത്രിമ മധുരം പാടെ ഉപേക്ഷിച്ചുള്ള ബദൽ മാതൃകകൾ പരിചയപ്പെടുത്തും. സ്കൂൾ പാചകപ്പുരയിലും സമൂഹസദ്യകളിലും ഭക്ഷണത്തിന്റെ ശാസ്ത്രം പ്രചരിപ്പിക്കും. രണ്ടുവർഷം നീളുന്ന ക്യാന്പയിന്റെ ഭാഗമായി നവംബർ ഒന്നുമുതൽ എല്ലാ മേഖലാകേന്ദ്രങ്ങളിലും ശിൽപ്പശാലകൾ സംഘടിപ്പിക്കും.
ക്വാണ്ടം സയൻസിന്റെയും ടെക്‌നോളജിയുടെയും അന്താരാഷ്ട്ര വർഷം ആഘോഷമാക്കും. ലൂക്കയുടെ നേതൃത്വത്തിലുള്ള ‘ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ’ നവംബർ ഏഴിന് കൊച്ചി സർവകലാശാലയിൽ ആരംഭിക്കും. കേരള യൂണിവേഴ്സിറ്റി (തിരുവനന്തപുരം), കൊല്ലം ടികെഎം കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, ചേർത്തല എസ്എൻ കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോഴിക്കോട് സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയം, കാഞ്ഞങ്ങാട് നെഹ്റു കോളേജ്, കണ്ണൂർ വി കെ കൃഷ്ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജ്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, കട്ടപ്പന ഗവ. കോളേജ് എന്നിവിടങ്ങളിലും എക്സിബിഷൻ നടക്കും.
മാവിലായിയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാന്പിൽ പി യു മൈത്രി പ്രവർത്തനരേഖ അവതരിപ്പിച്ചു. സപ്ലിമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി പ്രകാശിപ്പിച്ചു. ടി കെ മീരാഭായി അധ്യക്ഷയായി. സംഘാടകസമിതി ചെയർമാൻ എൻ ചന്ദ്രൻ, കെ വി ദിലീപ് കുമാർ, പി പി ബാബു, കെ കെ സുഗതൻ, ബിജു നിടുവാലൂർ, പി വി ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.









0 comments