രാഹുലിന് നിയമസഭയിലെ സീറ്റ് പോകും
പാലക്കാട്ട് എംഎൽഎയെ കാണാതായിട്ട് 11 നാൾ

പാലക്കാട്
പാലക്കാട്ടെ എംഎൽഎയെ മണ്ഡലത്തിൽ കാണാതായിട്ട് ദിവസങ്ങളായി. ഒരു നിയമസഭാ മണ്ഡലത്തിൽ ഇത്രയധികം ദിവസം എംഎൽഎ ഇല്ലാതാകുക എന്ന അവസ്ഥയാണ് ഇപ്പോൾ പാലക്കാട്ടുള്ളത്. ലൈംഗിക ആരോപണങ്ങളെത്തുടർന്ന് പത്തനംതിട്ട അടൂരിലെ വീട്ടിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ ഇനി എന്ന് പാലക്കാട്ടേക്ക് വരുമെന്ന കാര്യത്തിലും അനിശ്ചിതത്വമാണുള്ളത്. ഓണത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് മണ്ഡലത്തിൽ നടക്കുന്നത്. അതി ലൊന്നും ഇനി എംഎൽഎയ്‌ക്ക് പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി.
വിവിധ സംഘടനകളുടെ ഓണാഘോഷം ഉൾപ്പെടെയുള്ള നിരവധി പരിപാടികളിൽനിന്ന് എംഎൽഎയെ ഒഴിവാക്കി. 17 നാണ് ഇയാൾ അവസാനം പാലക്കാട്ടുണ്ടായിരുന്നത്. കേരള സ്‌റ്റേറ്റ് കോ–ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലും മുനിസിപ്പൽ ബസ് സ്‌റ്റാൻഡ് ഉദ്‌ഘാടനച്ചടങ്ങിനും എത്തിയില്ല. സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണവും സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാ ഉദ്‌ഘാടനവും തിങ്കളാഴ്‌ച പാലക്കാട്ട് നടന്നു. അതിനും എത്തിയില്ല.
എംഎൽഎ പാലക്കാട്ട് വന്നാൽ കൂടുതൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പൊലീസ് സംശയിക്കുന്നു. നിരവധി സംഘടനകൾ രാഹുലിനെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥിനികൾക്ക് പ്രതീകാത്മകമായി സെൽഫ് ഡിഫൻസ് ക്ലാസ് നടത്തി പ്രതിഷേധിച്ചു. രാഹുൽ, സതീശൻ, ഷാഫി എന്നിവരെ പരസ്യ കുറ്റവിചാരണ ചെയ്‌ത് ഡിവൈഎഫ്‌ഐയും പ്രതിഷേധിച്ചിരുന്നു.
രാഹുലിന് നിയമസഭയിലെ സീറ്റ് പോകും
കോൺഗ്രസ് പാർലമെന്ററി പാർടിയിൽനിന്ന് പുറത്താക്കിയതോടെ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ നിലവിലെ സീറ്റ് നഷ്ടമാകും. കോൺഗ്രസ് അംഗസംഖ്യയിലും കുറവുണ്ടാകും. മാങ്കൂട്ടത്തിലിനെ പാർലമെന്ററി പാർടിയിൽനിന്ന് പുറത്താക്കിയതായി അറിയിച്ച് സ്‌പീക്കർക്ക് കോൺഗ്രസ് കത്ത് നൽകും. അവസാനമായി നിയമസഭയിലെത്തിയ ആര്യാടൻ ഷൗക്കത്തിനുശേഷം ഏറ്റവും പിൻനിരയിലെ സീറ്റാകും അനുവദിക്കുക. എൽഡിഎഫിൽനിന്ന് പുറത്തുപോയപ്പോൾ നിലമ്പൂർ എംഎൽഎ ആയിരുന്ന പി വി അൻവറിന് സീറ്റ് നഷ്ടമായിരുന്നു. കോൺഗ്രസ് പുറത്താക്കിയതോടെ രാഹുൽ നിയസഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കാനാണ് സാധ്യത.









0 comments