പാലക്കാട്ടെത്തിക്കാൻ അണിയറനീക്കങ്ങളുമായി ഷാഫി പറമ്പിൽ
പാലക്കാട്ടെ എംഎൽഎ ഒളിവിലാണോ... മണ്ഡലത്തിൽ എത്തിയിട്ട് 3 ആഴ്‌ച

പാലക്കാട്
ഗുരുതര ലൈംഗിക പീഡനാരോപണങ്ങളും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്ന കുറ്റകൃത്യത്തിലും ഉൾപ്പെടെ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അപ്രത്യക്ഷനായിട്ട് മൂന്നാഴ്‌ച. ഓണത്തിന് മണ്ഡലത്തിൽ വിവിധ പരിപാടികളിലും സർക്കാർ ഓണാഘോഷത്തിലും പങ്കെടുക്കേണ്ട ആൾ പ്രതിഷേധം ഭയന്ന് മണ്ഡലത്തിൽ കാലുകുത്താൻ കഴിയാത്ത അവസ്ഥയിലാണ്. കേരളചരിത്രത്തിൽ ഇത്തരമൊരു സ്ഥിതി നേരിടേണ്ടിവന്ന ജനപ്രതിനിധി വേറെയില്ല.
ആഗസ്‌ത് 17നാണ് എംഎൽഎ പാലക്കാട്ടുനിന്ന് അടൂരിലെ വീട്ടിലേക്ക് പോയത്.
20നുശേഷം ലൈംഗിക പീഡന പരാതികൾ ഒന്നിനുപിറകെ ഒന്നായിവന്നു. എല്ലാം കെട്ടടങ്ങുമെന്ന് നേതൃത്വം കരുതിയെങ്കിലും പിന്നാലെ കൂടുതൽ പീഡനവാർത്തകളെത്തി. നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്ന വാർത്ത, ഒരു അതിജീവിതയ നേരിൽക്കണ്ട് മാധ്യമ പ്രവർത്തക പുറത്തുവിട്ടു. ഒരു സ്‌ത്രീക്ക് ഏൽക്കാൻ കഴിയുന്നതിന്റെ അങ്ങേയറ്റത്തെ വലിയ പീഡനങ്ങളാണ് ആ പെൺകുട്ടികൾ ഏറ്റുവാങ്ങിയതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് മാധ്യമപ്രവർത്തക നടത്തിയത്.
ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള യുവജനസംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ എംഎൽഎ ‘ഒളിവിൽ’ ആയിരുന്നു. പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവ സംഘാടകസമിതി രൂപീകരണം ഉൾപ്പെടെ സർക്കാർ പരിപാടികളിലും എംഎൽഎയില്ല. ഓണാഘോഷത്തിന്റെ ജില്ലാ ഉദ്‌ഘാടനം, നാലുമുതൽ ഏഴുവരെ പാലക്കാട് രാപ്പാടിയിൽ നടക്കുന്ന കലാപരിപാടികൾ എന്നിവയിലൊന്നും രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കില്ല.
രാഹുലിനെ പാലക്കാടൻ ജനതയുടെമേൽ അടിച്ചേൽപ്പിച്ച നേതാവും കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ഷാഫി പറമ്പിൽ എംപി അണിയറ നീക്കങ്ങളുമായി രംഗത്തുണ്ട്. എന്നാൽ, പ്രതിഷേധം ഭയന്ന് ഷാഫിക്ക്‌പോലും പാലക്കാട് എത്താൻ കഴിയാത്ത അവസ്ഥയാണ്.









0 comments