ഓപ്പറേഷൻ നുംഖോർ; ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാർ മുക്കത്ത് വെച്ച് പിടികൂടി

കോഴിക്കോട്: ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങളുടെ അനധികൃത കടത്തിൽ ഒരു ആഡംബര കാർ കൂടി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തു. മുക്കത്ത് നിന്നാണ് വാഹനം കണ്ടെടുത്തത്. വാഹനക്കടത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്‌ച വ്യക്തമാകും വിധമുള്ള വിവരങ്ങളാണ് മുൻപ് മുതൽ പുറത്ത് വന്നത്. ‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ തുടരുന്ന റെയ്‌ഡിൽ ഇതിനോടകം നാൽപതോളം വാഹനങ്ങളാണ് സംസ്ഥാനത്തുടനീളം പിടിച്ചെടുത്തിട്ടുള്ളത്.
അതിർത്തിയിലൂടെ വാഹനങ്ങൾ നിർബാധം ഇന്ത്യയിലേക്ക് കടത്തിയപ്പോൾ കേന്ദ്രസർക്കാർ സംവിധാനങ്ങൾ കണ്ണടച്ചുവെന്നാണ് ആരോപണം. ഏജന്റുമാർ ഇത് സൗകര്യമാക്കിയതോടെ വിദേശ ആഡംബര സെക്കൻഡ്‌ഹാൻഡ് വാഹനങ്ങൾ നിർബാധം രാജ്യത്തെത്തി. ഭൂട്ടാനിൽനിന്ന് കൊണ്ടുവരുന്ന വാഹനം അതിർത്തിയിലെ റോഡ് സുരക്ഷ–സേനാ പരിശോധനകൾ വളരെ വേഗം മറികടന്നാണ് ഇന്ത്യയിലെത്തുന്നത്. ഇവിടെ എത്തിച്ചശേഷം ഇന്ത്യൻ എംബസിയുടെ വ്യാജസീലും രേഖകളും ഉണ്ടാക്കിയാണ് വിവിധ സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്യുന്നത്.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവഹൻ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌താണ് പലയിടത്തും രജിസ്‌ട്രേഷൻ നേടിയെടുക്കുന്നതെന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി വിദേശ വാഹനകടത്തുകാർക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാതെയാണ്, നിരത്തിൽ ഓടുന്ന വാഹനങ്ങൾ കസ്‌റ്റംസിനെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്. ഏജന്റുമാർ നിയമം ലംഘിച്ച് കടത്തിക്കൊണ്ടുവന്നതാണെന്ന് അറിയാതെയാണ് പലരും വാഹനങ്ങൾ സ്വന്തമാക്കിയത്.









0 comments