വാഹനം വാങ്ങിയത് നിയമവിധേയമായി, തിരികെനൽകണം; ദുൽഖർ ഹൈക്കോടതിയിൽ

ദുൽഖർ സൽമാൻ | Image Credit: FB/Dulquer Salmaan
കൊച്ചി: ഓപ്പറഷേൻ നുംഖൂറിന്റെ ഭാഗമായി വാഹനങ്ങൾ പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യംചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. വാഹനങ്ങൾ താൻ വാങ്ങിയത് നിയമവിധേയമായിട്ടാണെന്നും പിടിച്ചെടുത്തവ തിരികെ നൽകണമെന്നും ദുൽഖർ ആവശ്യപ്പെട്ടു. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് വാഹനം സ്വന്തമാക്കിയത്. എന്നാൽ രേഖകള്‍ പരിശോധിക്കാൻ പോലും തയാറാകാതെ കസ്റ്റംസ് വാഹനം പിടിച്ചെടുക്കുകയായിരുന്നുവെന്ന് ഹൈക്കോടതിൽ നൽകിയ ഹർജിയിൽ ദുൽഖർ ആരോപിച്ചു.
ഭൂട്ടാനിൽനിന്ന് അനധികൃതമായി കൊണ്ടുവന്നതെന്ന് ആരോപിച്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച ദുൽഖറിന്റെ രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തത്. ആറുജില്ലകളിലെ 35 കേന്ദ്രങ്ങളിലായിരുന്നു ഒരേസമയം റെയ്‌ഡ്. നടൻ പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റ്, ദുൽഖർ സൽമാന്റെ എളംകുളം, പനമ്പിള്ളിനഗർ എന്നിവിടങ്ങളിലെ വീടുകൾ, അമിത് ചക്കാലക്കലിന്റെ വീട് എന്നിവയ്‌ക്കു പുറമെ പ്രമുഖ വ്യവസായികളുടെ വീട്, യൂസ്‌ഡ് ആഡംബര വാഹന ഷോറൂമുകൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടായി.








0 comments