മലപ്പുറത്ത് ഒരുവയസ്സുകാരന്റെ മരണം; രക്ഷിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടർന്നെന്ന് ആരോപണം

മലപ്പുറം: കോട്ടക്കലിനടുത്ത് പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. കോട്ടക്കലിലെ വാടക വീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയാണ് കുട്ടി മരിച്ചത്. ശനിയാഴ്ച രാവിലെ 8.35ന് പാങ്ങിലെ വീട്ടിലെത്തിച്ച് മൃതദേഹം ഖബറടക്കി.
അസുഖബാധിതനായ കുട്ടിക്ക് അക്യുപങ്ചർ പ്രചാരകരായ രക്ഷിതാക്കൾ ചികിത്സ നിഷേധിച്ചെന്ന പരാതിയെത്തുടർന്ന് കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ് മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണമാരംഭിച്ചു. ആരോഗ്യപ്രവർത്തകര്‍ കുട്ടിയുടെ ബന്ധുക്കളെ കണ്ട് വിവരങ്ങൾ ശേഖരിച്ചു.
അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ-നവാസ് ദമ്പതികളാണ് കുട്ടിയുടെ രക്ഷിതാക്കൾ. 2024 ഏപ്രിലിൽ കാടാമ്പുഴയിലെ വീട്ടിൽവച്ചാണ് യുവതി കുട്ടിയെ പ്രസവിച്ചത്. ആരോഗ്യപ്രവർത്തകരെ അറിയിക്കാതെയായിരുന്നു വീട്ടിലെ പ്രസവം. പിന്നീട് വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് ഇവർ ഫേസ്ബുക്കിൽ അനുഭവം പങ്കുവച്ചു.
കുട്ടിക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിട്ടില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ഒരുമാസം മുമ്പ് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിച്ചപ്പോഴും ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചെല്ലെന്ന് ആരോപണമുണ്ട്. എന്നാൽ, പാല് കുടുച്ചുകൊണ്ടിരിക്കെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഒരു ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് മരണം സ്ഥിരീകരിച്ചത്. മരണം നടന്നത് എടരിക്കോടായതിനാല്‍ കേസ് കോട്ടക്കല്‍ പൊലീസിന് കൈമാറി.









0 comments