print edition പ്രവാസികൾക്ക് സർക്കാർ കരുതൽ ; എൻആർഐ പൊലീസ് സ്റ്റേഷൻ യാഥാർഥ്യമാകുന്നു

സുജിത് ബേബി
Published on Feb 26, 2026, 02:27 AM | 1 min read
കോഴിക്കോട്
പ്രവാസികൾക്കെതിരായ അതിക്രമങ്ങൾ തടയാനും തട്ടിപ്പുകളിൽനിന്ന് സുരക്ഷിതരാക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് എൻആർഐ പൊലീസ് സ്റ്റേഷനുകൾ യാഥാർഥ്യമാകുന്നു. പ്രവാസികൾക്കായി പ്രത്യേക പൊലീസ് സ്റ്റേഷൻ വേണമെന്ന ലോക കേരളസഭ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. രൂപരേഖയ്ക്ക് അംഗീകാരമാകുന്നതോടെ പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ച് സംസ്ഥാനമാകെ അധികാരപരിധിയുള്ള എൻആർഐ സ്റ്റേഷൻ വരുന്നത്.
ഓൺലൈനായും അല്ലാതെയുമുള്ള അനധികൃത തൊഴിൽ – വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ് പരാതികൾ സംസ്ഥാനത്തുണ്ട്. പഠനത്തിനും തൊഴിലിനുമായി വിദേശത്തേയ്ക്ക് പോകുന്നവരിൽ പലരും വിവിധതരം ചൂഷണങ്ങൾക്കും വിധേയരാകുന്നുണ്ട്. എമിഗ്രേഷൻ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് അനധികൃത റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പുകൾ. ഇതിന് പുറമെയാണ് ഭൂമിയടക്കമുള്ളവയുടെ കൈമാറ്റം, ഗാർഹിക പീഡനം തുടങ്ങിയ കേസുകളും.
പ്രവാസികളുമായി ബന്ധപ്പെട്ട പരാതികൾ എൻആർഐ സെല്ലാണ് നിലവിൽ കൈകാര്യം ചെയ്യുന്നത്. എൻആർഐ സെല്ലിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കേസെടുത്ത് അന്വേഷിക്കാനും അധികാരമില്ല. പരാതികൾ അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. ഇത് നടപടിക്രമങ്ങൾ വൈകാനും നീതിയുറപ്പാക്കുന്നതിൽ കാലതാമസത്തിനും ഇടയാക്കാറുണ്ട്.
നാലാം ലോക കേരളസഭയിലാണ് പ്രതിനിധികൾ പ്രവാസികൾക്കായി പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യമുന്നയിച്ചത്. ഇത് പരിഗണിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി പിണറായി വിജയനും നൽകി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തനം കാഴ്ചവയ്‌ക്കാനുള്ള നിർദേശങ്ങളാണ് പൊലീസ് തയ്യാറാക്കിയ രൂപരേഖയിലുള്ളത്. ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികൾക്കുള്ള ഹെൽപ്‌ലൈനായി പ്രവർത്തിക്കാനുള്ള കേന്ദ്രം കൂടിയായി എൻആർഐ സ്റ്റേഷൻ മാറും. വിദേശത്ത് പ്രയാസമനുഭവിക്കുന്നവർക്ക് നീതിയുറപ്പാക്കാൻ ഇന്റർപോൾ അടക്കമുള്ള ഏജൻസികളുമായും ഹൈക്കമീഷണർ ഓഫീസുകളുമായും ബന്ധപ്പെടാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കും.










0 comments